HOME
DETAILS

ശ്രീലങ്കൻ പ്രതിസന്ധി ദുരന്തമാകുമോ?

  
backup
April 03 2022 | 20:04 PM

todays-article-pj-vincent-2022

ഡോ. പി.ജെ വിൻസെൻ്റ്

ചരിത്രത്തിൽ സുവർണദ്വീപ് എന്നറിയപ്പെട്ട ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് തകർച്ചയിലേക്ക് നീങ്ങുകയാണ്. അവശ്യവസ്തുക്കളുടെ വിതരണം ഏറെക്കുറെ നിലച്ചതോടെ 2.2 മില്യൻ വരുന്ന ശ്രീലങ്കൻ ജനതയുടെ അതിജീവനം ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞു. പ്രതിസന്ധി മറികടക്കാൻ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ ഏപ്രിൽ ഒന്നിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിഭ്രാന്തരായ ജനക്കൂട്ടം പ്രസിഡന്റിന്റെ കൊട്ടാരം അക്രമിച്ചതോടെയാണ് സമ്പൂർണ സൈനിക നിയന്ത്രണം ഉറപ്പാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റ് രാജിവച്ച് ദേശീയ സർക്കാർ രൂപീകരിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ഗോട്ടബായ തള്ളി. വരും ദിവസങ്ങളിൽ ജനരോഷം ശക്തിപ്പെട്ടാൽ ഗുരുതരമായ രാഷ്ട്രീയപ്രതിസന്ധിയും ആഭ്യന്തര സംഘർഷങ്ങളും രാജ്യത്തെ ശിഥിലീകരിക്കുന്ന മാനങ്ങളിലേക്ക് വളർന്നേക്കാം.
പ്രസിഡന്റ് ജയവർദ്ധനയുടെ കാലത്ത് (1977-1989) ശ്രീലങ്ക സാമ്പത്തിക ഉദാരവൽക്കരണം നടപ്പിലാക്കുകയും വിദേശ നിക്ഷേപം വൻതോതിൽ സ്വീകരിക്കുകയും ചെയ്തു. തുടക്കത്തിൽ സാമ്പത്തികരംഗത്ത് വളർച്ചയുണ്ടായെങ്കിലും ആഭ്യന്തര ഉൽപാദനരംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല. 1983ൽ തമിഴ് വിരുദ്ധ കലാപത്തെത്തുടർന്ന് രൂപപ്പെട്ട ആഭ്യന്തര സംഘർഷം സാമ്പത്തിക വളർച്ചയെ മന്ദീഭവിപ്പിച്ചു. എൽ.ടി.ടി.ഇയുടെ ഉദയവും തുടർച്ചയായ ഗറില്ലാ ആക്രമണങ്ങളും ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കി. സൈനിക ചെലവ് വാനോളം ഉയർന്നു.


2005 മുതൽ 2015 വരെ പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്‌സെ സൈനിക നടപടിയിലൂടെ എൽ.ടി.ടി.ഇയെ ഇല്ലായ്മ ചെയ്ത് ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചുവെങ്കിലും സാമ്പത്തികരംഗത്ത് യുദ്ധമേൽപ്പിച്ച ആഘാതം മറികടക്കാൻ അദ്ദേഹത്തിനായില്ല. വിദേശനിക്ഷേപം ആകർഷിപ്പിച്ചും ഐ.എം.എഫ്, ലോകബാങ്ക്, എ.ഡി.ബി എന്നിവയിൽ നിന്ന് ലോണെടുത്തും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ മുന്നോട്ടുനയിക്കാനുള്ള ശ്രമമാണ് രാജപക്‌സെ നടത്തിയത്. ഇന്ത്യയെക്കാൾ ചൈനയ്ക്ക് മുൻഗണന നൽകുന്ന വിദേശനയവും രാജപക്‌സെ സ്വീകരിച്ചു. ചൈനയുടെ സഹായത്തോടെ വികസിപ്പിച്ച ഹമ്പൻടോട്ട തുറമുഖം വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ 99 വർഷത്തേക്ക് 'ചൈന ഹാർബർ' എന്ന ചൈനീസ് കമ്പനി ഏറ്റെടുത്തു. കുറഞ്ഞ പലിശ നിരക്കാണ് ചൈനീസ് വായ്പയ്ക്കുണ്ടായിരുന്നതെങ്കിലും തുറമുഖ മാനേജ്‌മെന്റിലുണ്ടായ ഗുരുതരമായ വീഴ്ച പ്രശ്‌നം സങ്കീർണമാക്കി.


ഹമ്പൻടോട്ട തുറമുഖം ചൈന ഏറ്റെടുത്ത സാഹചര്യത്തിലെങ്കിലും ഉദാരീകരണ നയങ്ങളിൽ മാറ്റംവരുത്താൻ സർക്കാർ തയാറാകണമായിരുന്നു. എന്നാൽ സാമ്പത്തിക അച്ചടക്കം പാലിക്കാനോ ദേശീയ ആസ്തികൾ വികസിപ്പിക്കുവാനോ വിപണി വികസനത്തിന്റെ പുതിയ സാധ്യതകൾ തേടാനോ ശ്രീലങ്കക്ക് കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി ദേശീയ ദുരന്തമായത് ഈ സാഹചര്യത്തിലാണ്.


രാജപക്‌സെ കുടുംബഭരണം


2019ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗോട്ടബായ രാജപക്‌സെ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 2020ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയതോടെ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയുമായി. ധനമന്ത്രിയായി ബേസിൽ കപുത രാജപക്‌സെയെ 2021 ജൂലൈ എട്ടിന് പ്രസിഡന്റ് നിയമിച്ചു. സർക്കാരിലെ താക്കോൽ സ്ഥാനങ്ങളിലെല്ലാം രാജപക്‌സെ കുടുംബാംഗങ്ങളാണ്. അഴിമതിയും സ്വജനപക്ഷപാതവും വ്യാപകമായി. പ്രസിഡന്റ് ഗോട്ടബായ ഏകാധിപതിയെപ്പോലെ രാജ്യകാര്യങ്ങൾ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. ഇതോടൊപ്പം നിരവധി ഭരണ പരാജയങ്ങൾ കൂടി ഉണ്ടായതോടെ തകർച്ച പൂർണമായി.


നികുതിയിളവ്


2019ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി വരുമാന നികുതിയിൽ വരുത്തിയ കുറവ് സാമ്പത്തിക രംഗത്ത് തിരിച്ചടിയായി. ഇൻകം ടാക്‌സ് ഇനത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടായി. പുതിയ നികുതി പരിഷ്‌കാരം നടപ്പിലാക്കിയതോടെ വാറ്റ് നികുതിയിൽ 52.2 ശതമാനത്തിന്റെ കുറവുമുണ്ടായി. നികുതി വരുമാനം വർധിപ്പിക്കാനുള്ള ഐ.എം.എഫ് നിർദേശങ്ങൾ സർക്കാർ തള്ളിക്കളഞ്ഞു. പ്രതിസന്ധി മറികടക്കാൻ കൂടുതൽ കറൻസികൾ അടിച്ച് മാർക്കറ്റിൽ ലഭ്യമാക്കി. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. വമ്പിച്ച പണപ്പെരുമായിരുന്നു ഫലം.


കാർഷിക പരിഷ്‌കാരം


'നൂറു ശതമാനം ജൈവകൃഷി' സർക്കാർ നയമായി സ്വീകരിച്ചു. വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായില്ല. ലോകത്തിലെ ആദ്യത്തെ സമ്പൂർണ ജൈവകൃഷി രാഷ്ട്രമാകാനുള്ള ശ്രമമായിരുന്നു സർക്കാർ നടത്തിയത്. 2021 ജൂണിൽ രാസവളവും കീടനാശിനികളും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. സെപ്റ്റംബർ ആയപ്പോഴേക്കും കാർഷിക ഉൽപാദനത്തിൽ വൻ കുറവുണ്ടായി. നെല്ലുൽപാദനത്തിൽ 50 ശതമാനവും പച്ചക്കറിയിൽ 55 ശതമാനവും കുറവുണ്ടായി. മുഖ്യ കയറ്റുമതി ഇനമായ തേയില ഉൽപാദനത്തിൽ 35 ശതമാനത്തിന്റെ കുറവുണ്ടായി. 2021 നവംബർ ആയപ്പോഴേക്കും ഭക്ഷ്യസുരക്ഷാ പ്രതിസന്ധി അതിരുകടന്നു. ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറിയുടെയും വില കുതിച്ചുയർന്നു. ഇതേത്തുടർന്ന് രാസവളകീടനാശിനി നിരോധനം പിൻവലിച്ചു.
ഈസ്റ്റർ ഭീകരാക്രമണം
2019 ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും ഒരു ആഡംബര ഹോട്ടലിലും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരൻ ചാവേറാക്രമണം നടത്തി. നെഗോംബോ, ബട്ടിക്കലോവ തുടങ്ങിയ നഗരങ്ങളിലും ആക്രമണമുണ്ടായി. 269 പേർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് ഏറെക്കുറെ നിലച്ചു. കൃഷിയും ടൂറിസവുമായിരുന്നു പ്രധാന വരുമാന മേഖലകൾ. രണ്ടും തകർച്ചയെ നേരിട്ടതോടെ വരുമാനത്തിൽ വൻ കുറവുണ്ടായി.
കൊവിഡ്, റഷ്യ-ഉക്രൈൻ യുദ്ധം
കൊവിഡ് മഹാമാരിയും റഷ്യൻ-ഉക്രൈൻ യുദ്ധവും കൂടി ചേർന്നതോടെ ശ്രീലങ്കൻ സാമ്പത്തികരംഗം തിരിച്ചുവരാനാകാത്തവിധം തകർന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 2.4 ബില്യൻ ഡോളറിന്റെ ധനസഹായം ഇന്ത്യ നൽകി. ഇതുകൊണ്ടൊന്നും കരകയറാൻ ശ്രീലങ്കക്ക് കഴിയില്ല. റെയിൽവേ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിശിഷ്യ നഷ്ടത്തിൽ പ്രവർത്തിക്കുന്നവയെല്ലാം വിറ്റഴിക്കണമെന്ന് ഐ.എം.എഫ് നിർദേശം നൽകിക്കഴിഞ്ഞു. പ്രതിസന്ധി മറികടക്കാൻ ഐ.എം.എഫുമായി ചേർന്നുപ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ പറഞ്ഞു. ദേശീയ ആസ്തികളെല്ലാം വിറ്റഴിച്ച് പണം കണ്ടെത്താനാണ് സർക്കാർ നീക്കം. ഇത് ഭാവിയിൽ കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകും.


2019ൽ 7.5 ബില്യൻ ഡോളറിനെ വിദേശ നാണയ ശേഖരമുണ്ടായിരുന്നത് 2021 ഡിസംബറിൽ 1.5 ബില്യൻ ഡോളറായി കുറഞ്ഞു. നിലവിൽ വിദേശ നാണയ ശേഖരം ശൂന്യമാണ്. അവശ്യവസ്തുക്കളൊന്നും ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ല. ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറി, എണ്ണ, പാചക വാതകം, വൈദ്യുതി തുടങ്ങി അവശ്യ വസ്തുക്കളൊന്നും ലഭ്യമല്ല. ജി.ഡി.പിയുടെ 101 ശതമാനം കടന്നിരിക്കുന്നു വിദേശ കടം.
അസാധാരണ സാഹചര്യത്തെ നേരിടാൻ അസാധാരണമായ നടപടികൾ സർക്കാർ സ്വീകരിക്കേണ്ടിവരും. നവ ഉദാരീകരണ നയങ്ങൾ അനിയന്ത്രിതമായി നടപ്പാക്കിയതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധി. അതുകൊണ്ടുതന്നെ ഐ.എം.എഫ് -ലോക ബാങ്കിന്റെ തിട്ടൂരങ്ങളെ മാത്രം ആധാരമാക്കി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നത് ഗുണകരമാകില്ല. ബദൽ നയത്തിന്റെ സാധ്യതയാണ് സർക്കാർ തേടേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago