അഞ്ച് ജഡ്ജിമാരെ ഉടന്‍ നിയമിക്കുമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: അഞ്ച് ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം ശുപാര്‍ശകള്‍ ഉടന്‍ പാസാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയില്‍ ഉറപ്പ് നല്‍കി. ജഡ്ജിമാരുടെ നിയമനം വൈകുന്നത് സംബന്ധിച്ച ഹരജി പരിഗണിക്കവെയാണ് കൊളീജിയം ശുപാര്‍ശ ചെയ്ത അഞ്ച് ജഡ്ജിമാരുടെ സ്ഥാനക്കയറ്റം ഉടനുണ്ടാവുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ജസ്റ്റിസുമാരായ എസ്.കെ കൗള്‍, എ.എസ് ഒക എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 13നാണ് മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും രണ്ട് ജഡ്ജിമാരെയും സുപ്രിം കോടതിയിലേക്ക് ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. ഇവര്‍ കൂടി സുപ്രിം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാല്‍ ജഡ്ജിമാരുടെ അംഗസംഖ്യ 32 ആയി ഉയരും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ജഡ്ജിമാരാണ് സുപ്രിം കോടതിയുടെ അംഗീകൃത അംഗസംഖ്യ.
ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിനുള്ള ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച ബെഞ്ച്, ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും നിരീക്ഷിച്ചു. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന നിലപാട് സ്വീകരിക്കാന്‍ തങ്ങളെ പ്രേരിപ്പിക്കരുതെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുല്ല; അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ പേരുകളാണ് കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."