കോടതിവിധിയും വിവാഹമോചന രീതികളും
മുസ്‌ലിം സ്ത്രീകള്‍ക്ക് കോടതി വഴിയല്ലാതെയും വിവാഹമോചനം നേടാമെന്ന് കേരള ഹൈക്കോടതി വിധിച്ചിരിക്കുകയാണ്. കോടതി മുഖേന മാത്രമേ മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം നേടാവൂ എന്ന 1972 ലെ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ സുപ്രധാന വിധി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പുരുഷന്‍ ഏകപക്ഷീയമായി ത്വലാഖ് ചൊല്ലുന്നതിലുപരി, 'ത്വലാഖെ തഫ്വീസ്', 'ഖുല', 'ഫസ്ഖ്', 'മുബാറാത്'തുടങ്ങിയ മാര്‍ഗങ്ങള്‍ വിവാഹമോചനത്തിന് മുസ്‌ലിം സ്ത്രീകള്‍ക്കുണ്ടെന്നും കോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്രം ചര്‍ച്ച ചെയ്ത ഈ സാങ്കേതിക പദങ്ങള്‍ അര്‍ഥമാക്കുന്നത് എന്താണ്? പുരുഷനില്‍നിന്ന് വിവാഹമോചനം നേടാന്‍ സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന വഴികള്‍ ഏതൊക്കെയാണ്?
കേവല വൈകാരിക ശമനത്തിനുള്ള വഴിയല്ല, പവിത്രമായ ബന്ധമാണ് ഇസ്‌ലാമിക ദൃഷ്ട്യാ വിവാഹം. ഭാര്യമാര്‍ നിങ്ങളില്‍ നിന്ന് 'ശക്തമായ ഉടമ്പടി' വാങ്ങിയിട്ടുണ്ടെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് (അന്നിസാഅ്: 21). കാമുകന്റെ കൂടെ ഒളിച്ചോടലും രജിസ്റ്റര്‍ വിവാഹം ചെയ്യലും ഇസ്‌ലാമിക ദൃഷ്ട്യാ അംഗീകൃത ബന്ധമല്ല. പ്രത്യുത, സ്ത്രീയുടെ രക്ഷിതാവ് സാക്ഷികള്‍ മുഖേന അവളെ പുരുഷന് നികാഹ് ചെയ്ത് ഏല്‍പ്പിച്ച് കൊടുക്കണം. അവന്‍ വധുവിന് മഹ്ര്‍ (വിവാഹമൂല്യം) നല്‍കണം. ജനങ്ങള്‍ക്ക് സദ്യ നല്‍കി ഇത് പരസ്യപ്പെടുത്തലും നല്ലതാണ്. ഇത്രയും വ്യവസ്ഥാപിതമായി ഈ ബന്ധം സ്ഥാപിക്കുന്നത് ഇസ്‌ലാമില്‍ വിവാഹം ധാര്‍മികതയിലും ലക്ഷ്യബോധത്തിലും അധിഷ്ഠിതമായതിനാലാണ്. അതിനാല്‍ തന്നെ വിവാഹേതര ബന്ധം ഇസ്‌ലാം അംഗീകരിക്കുന്നില്ല. മാത്രമല്ല, വ്യഭിചാരം വന്‍പാപമായി ഇസ്‌ലാം പ്രഖ്യാപിക്കുകയും അതിന് കഠിനശിക്ഷ നിയമമാക്കുകയും ചെയ്തു.
വേര്‍പിരിയാനല്ല ഇണകള്‍ ഒന്നിക്കുന്നത്. എന്നെന്നും നിലനില്‍ക്കാനുള്ള ബന്ധമാണ് വിവാഹം. പുരുഷനോട് ഖുര്‍ആന്‍ കല്‍പ്പിക്കുന്നത് ശ്രദ്ധിക്കുക:'നിങ്ങള്‍ നല്ല നിലയില്‍ അവരോടൊത്ത് ജീവിക്കുക. നിങ്ങള്‍ക്കവരെ താല്‍പര്യമില്ലെങ്കിലും (ഒഴിവാക്കരുത്, കാരണം) നിങ്ങള്‍ ഒരു കാര്യം വെറുക്കുമ്പോഴും ഒട്ടേറെ നന്മകള്‍ അല്ലാഹു അതില്‍ വച്ചിട്ടുണ്ടാകും' (അന്നിസാഅ്: 19). ഇത് തന്നെയാണ് സ്ത്രീകളോടും ഖുര്‍ആനിന്റെ കല്‍പ്പന. 'എതെങ്കിലും സ്ത്രീ ഭര്‍ത്താവിന്റെ പിണക്കമോ അവഗണനയോ ഭയന്നാല്‍ അവര്‍ യോജിപ്പിലെത്തുന്നതിന് വിരോധമില്ല. രഞ്ജിപ്പാണ് ഏറ്റവും നല്ലത്' (അന്നിസാഅ്: 128). ഭാര്യാ ഭര്‍ത്താക്കള്‍ക്കിടയില്‍ തര്‍ക്കവും ഭിന്നിപ്പും ഭയന്നാല്‍ ഇരുവരുടെയും കുടുംബങ്ങളില്‍നിന്ന് ഓരോ വിധികര്‍ത്താക്കളെ നിയോഗിക്കുകയും അവര്‍ യോജിപ്പിന് ശ്രമിക്കുകയും ചെയ്യണമെന്ന് മറ്റൊരിടത്ത് ഖുര്‍ആന്‍ ഉപദേശിക്കുന്നുണ്ട്. യോജിച്ച് പോകാന്‍ ഒരു നിലയിലും കഴിയാതെ വരുമ്പോള്‍ വഴിപിരിയലല്ലാതെ നിര്‍വാഹമില്ല. അപ്പോള്‍ അനിവാര്യതയില്‍ നിന്നാണ് വിവാഹമോചനം ഉണ്ടാകുന്നത് അഥവാ ഉണ്ടാകേണ്ടത്. ക്രമം പാലിക്കാത്ത ത്വലാഖ് അക്രമമാണ്, എങ്കിലും ത്വലാഖ് ചൊല്ലിയാല്‍ നടപ്പാകുന്നതുമാണ്.
ഇസ്‌ലാമില്‍ വിവാഹമോചന രീതികള്‍ ഏകപക്ഷീയമല്ല. ഭാര്യയെ പൂര്‍ണമായും സംരക്ഷിക്കേണ്ടവനെന്ന നിലയിലും ത്വലാഖിനെ തുടര്‍ന്ന് ബാധ്യത വഹിക്കേണ്ടവനെന്ന നിലയിലും ത്വലാഖില്‍ ഭര്‍ത്താവിന് കൂടുതല്‍ അധികാരമുണ്ട്. ദുരുപയോഗം ചെയ്യാനല്ല, ത്വലാഖ് ഉത്തരവാദിത്വ ബോധത്തോടെ കൈകാര്യം ചെയ്യാനാണിത്. ചെറിയ പ്രശ്‌നങ്ങളെയും കലഹങ്ങളെയും പോലും വൈകാരികമായി സമീപിക്കുന്ന സ്ത്രീ മനസിന് ത്വലാഖിന്റെ സ്വതന്ത്രാധികാരം നല്‍കുന്നത് യുക്തിയല്ല. എങ്കില്‍ പോലും പുരുഷനില്‍ നിന്ന് വിവാഹമോചനം നേടാന്‍ നിരവധി മാര്‍ഗങ്ങള്‍ ഇസ്‌ലാം സ്ത്രീക്ക് നിര്‍ദേശിച്ചിട്ടുണ്ട്. അവയില്‍ ചിലതാണ് കോടതി പരാമര്‍ശിച്ചത്.
ഫസ്ഖ്
നിശ്ചിത കാരണങ്ങളുണ്ടെങ്കില്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഫസ്ഖ് അഥവാ വിവാഹം ദുര്‍ബലപ്പെടുത്തല്‍. സ്ത്രീയുടെ പ്രയാസം ദൂരീകരിക്കലാണ് ഫസ്ഖിന്റെ മുഖ്യ ലക്ഷ്യം. ഭാര്യയെ ഒഴിവാക്കാന്‍ ഭര്‍ത്താവിന് മറ്റു വഴികളുമുണ്ടല്ലോ. ദാരിദ്ര്യം മൂലം ഭാര്യയ്ക്ക് ചെലവും സംരക്ഷണവും ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്നില്ലെങ്കില്‍ ഫസ്ഖിന് ഭാര്യക്ക് അവകാശമുണ്ട്. എന്നാല്‍, ഭര്‍ത്താവ് നല്ലവനെങ്കില്‍ സുഖ ദുഃഖങ്ങളിലും ദാരിദ്ര്യത്തിലും പരീക്ഷണഘട്ടങ്ങളിലുമെല്ലാം ഭര്‍ത്താവിനെ കൈവിടാതെ ജീവിക്കുന്നവളാണ് നല്ല ഭാര്യ. അതുകൊണ്ടുതന്നെ ഭര്‍ത്താവിന്റെ ദാരിദ്ര്യം കാരണം ഫസ്ഖ് ചെയ്ത സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ വിരളമാണ്. ദാരിദ്ര്യം ഫസ്ഖിന് കാരണമല്ലെന്ന് ഹനഫീ മദ്ഹബ് പറയാനും കാരണം ഇത് തന്നെ. ഭര്‍ത്താവിനെക്കുറിച്ച് വിവരമില്ലാതിരിക്കുകയും ചെലവ് ഈടാക്കാനുള്ള സ്വത്ത് നാട്ടില്‍ ഭര്‍ത്താവിന് ഇല്ലാതിരിക്കുകയും ചെയ്താലും വിവാഹം ഫസ്ഖ് ചെയ്യാന്‍ ഭാര്യക്ക് അനുവാദമുണ്ട്. കഴിവുണ്ടായിട്ടും ചെലവ് നല്‍കുന്നില്ലെങ്കില്‍ കോടതി മുഖേന അത് ഈടാക്കാനാണ് ഭാര്യ ശ്രമിക്കേണ്ടത്.
ഭര്‍ത്താവ് ലിംഗമില്ലാത്തവനോ ലൈംഗിക ശേഷിയില്ലാത്തവനോ ആവുക, ഭ്രാന്ത്, കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങിയ രോഗങ്ങള്‍ നിമിത്തം കൂട്ടുജീവിതവും ലൈംഗിക ബന്ധവും പ്രയാസകരമായ അവസ്ഥയിലാകുക എന്നതും ഫസ്ഖിനെ സാധൂകരിക്കുന്ന കാരണങ്ങളാണ്. ഇത്തരം കാരണങ്ങള്‍ ഭാര്യയിലുണ്ടെങ്കില്‍ ഭര്‍ത്താവിനും ഫസ്ഖിന് അധികാരമുണ്ട്. യോജിച്ച് ജീവിക്കാന്‍ കഴിയാത്ത വിധം വെറുപ്പുളവാക്കുന്ന എല്ലാ രോഗങ്ങള്‍ക്കും ഇത് ബാധകമാണെന്ന് പറഞ്ഞ പണ്ഡിതരുണ്ട്. പക്ഷേ, ശാഫിഈ മദ്ഹബില്‍ നിശ്ചിത രോഗങ്ങള്‍ക്ക് മാത്രമാണ് ഫസ്ഖ്. നിശ്ചിത കാരണങ്ങളില്‍ പരിമിതമായതിനാലും അത്തരം കാരണങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതിനാലും അംഗീകൃത ഖാസിയുമായി ബന്ധപ്പെട്ട് മാത്രമേ ഫസ്ഖ് ചെയ്യാവൂ. നമ്മുടെ നാട്ടില്‍ മഹല്ല് ഖാസിയാണ് ഇത്തരം കാര്യം കൈകാര്യം ചെയ്യുന്നത്.
ത്വലാഖുത്തഫ്‌വീള്
ഭാര്യയെ ത്വലാഖ് ചൊല്ലാനുള്ള അധികാരം ഭര്‍ത്താവിനാണെന്ന് പറഞ്ഞല്ലോ. ഈ അധികാരം ഭര്‍ത്താവ് ഭാര്യയെ ഏല്‍പ്പിക്കലാണ് ത്വലാഖുത്തഫ്‌വീള്. 'വേണമെങ്കില്‍ നീ തന്നെ നിന്നെ ത്വലാഖ് ചൊല്ലിക്കോളൂ' എന്ന് പറയുന്ന ഭര്‍ത്താക്കന്മാരുണ്ട്. ഇങ്ങനെ പറഞ്ഞാല്‍ തഫ്‌വീളായി. അതനുസരിച്ച് ഭാര്യക്ക് സ്വയം ത്വലാഖ് ചൊല്ലാവുന്നതാണ്. ഉടന്‍ ചൊല്ലിയാല്‍ മാത്രമേ അത് സാധുവാകൂ എന്നാണ് പ്രബലാഭിപ്രായമെങ്കിലും ഭര്‍ത്താവ് അനുവാദം പിന്‍വലിച്ചില്ലെങ്കില്‍ എന്നും അവകാശം നിലനില്‍ക്കുമെന്ന അഭിപ്രായവുമുണ്ട്. ഇങ്ങനെ ത്വലാഖ് ചൊല്ലുമ്പോള്‍ ഭര്‍ത്താവ് നേരിട്ട് ത്വലാഖ് ചൊല്ലുന്ന എല്ലാ നിയമവും ബാധകമാണ്.
ഖുല്‍അ്
ഭാര്യയില്‍ നിന്ന് സ്വീകരിക്കുന്ന എന്തെങ്കിലും പ്രതിഫലത്തിന് പകരമായി ഭാര്യയെ ത്വലാഖ് ചൊല്ലലാണ് ഖുല്‍അ്. അഥവാ ത്വലാഖ് ചൊല്ലുന്നതിന് പകരം പണമോ മറ്റോ ലഭിക്കണമെന്ന് ഭര്‍ത്താവ് നിബന്ധന വയ്ക്കുന്നു. അതിന് പകരമായി ഭാര്യയെ അയാള്‍ ത്വലാഖ് ചൊല്ലിയതായി പറയുകയും ഭാര്യ അത് സ്വീകരിക്കുകയും ചെയ്യുന്നു. ഈ രീതിയിലുള്ള വിവാഹമോചനം വിശുദ്ധ ഖുര്‍ആനും തിരു സുന്നതും അംഗീകരിച്ചിട്ടുണ്ട്. 'അല്ലാഹു നിശ്ചയിച്ച പരിധികള്‍ ഇരുവരും (ഭാര്യാഭര്‍ത്താക്കള്‍) പാലിക്കില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍ പകരം നല്‍കി ഭാര്യ ത്വലാഖ് സ്വീകരിക്കുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ല (അല്‍ബഖറ:229). സാബിത് ബ്‌നു ഖൈസി (റ)ന്റെ ഭാര്യ ഹബീബ ബിന്‍ത് സഹ്ല്‍ (റ) അദ്ദേഹത്തില്‍ നിന്ന് പ്രതിഫലം നല്‍കി ത്വലാഖ് സ്വീകരിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്.
ത്വലാഖിന്റെ ഒരു രൂപം തന്നെയാണ് ഖുല്‍അ്. മഹ്‌റിന്റെ നിയമങ്ങളില്‍ ത്വലാഖും ഖുല്‍അ് പോലെത്തന്നെയാണ്. അഥവാ ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പാണ് ഖുല്‍അ് എങ്കില്‍ മഹ്‌റിന്റെ പകുതി ഭാര്യക്ക് അവകാശപ്പെട്ടതാണ്. ശാരീരിക ബന്ധത്തിന് ശേഷമാണെങ്കില്‍ മഹ്ര്‍ മുഴുവന്‍ ഭാര്യക്കുള്ളതാണ്. അതില്‍ നിന്ന് ഒന്നും ഭര്‍ത്താവിന് തിരിച്ച് വാങ്ങാവതല്ല. ഖുല്‍അ് മുഖേന വിവാഹമോചനം നേടിയ ഭാര്യയെ ഇദ്ദ കാലത്ത് (പുതിയ വിവാഹം അനുവദനീയമാകാന്‍ സ്ത്രീ കാത്തിരിക്കേണ്ട ദീക്ഷാകാലം) ഭര്‍ത്താവിന് തിരിച്ചെടുക്കാവതല്ല. ഇത്ര സംഖ്യയ്ക്ക് പകരം നിന്നെ ഞാന്‍ ഖുല്‍അ് ചെയ്തുവെന്ന് ഭര്‍ത്താവ് പറഞ്ഞാല്‍ ഉടന്‍ ഭാര്യ അത് സ്വീകരിക്കണം. എന്നാല്‍ 'നീ എപ്പോള്‍ പ്രതിഫലം നല്‍കിയാലും നിന്നെ ഖുല്‍അ് ചെയ്തു'വെന്ന് പറഞ്ഞാല്‍ ഉടന്‍ സ്വീകരിക്കല്‍ ഭാര്യക്ക് നിര്‍ബന്ധമില്ല. ഇത്തരം പ്രയോഗ വ്യത്യാസങ്ങളും മറ്റും കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ കാര്യകാരണ സഹിതം വിശദീകരിച്ചിട്ടുണ്ട്.
മുബാറഅത്
ഖുല്‍ഇന്റ മറ്റൊരു നാമമായും അതിലെ ഒരിനമായും മുബാറഅത്ത് എന്ന പദം ഉപയോഗിക്കാറുണ്ട്. ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഈ പ്രയോഗം പൊതുവില്‍ ഇല്ല. ഹനഫീ ഗ്രന്ഥങ്ങളിലാണ് ഈ പ്രയോഗം കൂടുതലായി കാണപ്പെടുന്നത്. ഭാര്യാഭര്‍ത്താക്കളില്‍ ഓരോരുത്തരും മറ്റേയാളുടെ നികാഹില്‍ നിന്ന് ഒഴിയുന്നു എന്നും നികാഹ് സംബന്ധമായി വന്ന ബാധ്യത ഒഴിവാക്കുന്നു എന്നുമാണ് ഇതിന്റെ വിവക്ഷ. ഇങ്ങനെ പറഞ്ഞാല്‍ നികാഹ് സംബന്ധമായി വന്ന മഹ്ര്‍ അടക്കമുള്ള സര്‍വ ബാധ്യതയില്‍ നിന്നും ഇരുവരും ഒഴിവാകുമെന്ന് ഇമാം അബൂഹനീഫ (റ) പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇദ്ദ സമയത്തെ ചെലവ്, താമസം എന്നിവ ഒഴിവാകില്ല.
മുസ്‌ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിന് ഇത്തരം വഴികളെല്ലാം അനിവാര്യഘട്ടത്തില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രം വച്ച നിബന്ധനകള്‍ പാലിച്ച് സ്വീകരിക്കാവുന്നതാണ്. പുരുഷന്റെ മാത്രമല്ല, സ്ത്രീയുടെ കൂടി നന്മ ഉദ്ദേശിച്ചാണ് വിവാഹമോചന നിയമങ്ങള്‍ ഇസ്‌ലാം ക്രമപ്പെടുത്തിയിട്ടുള്ളത്. വിവാഹമോചനത്തില്‍ ഏകപക്ഷീയതയോ പുരുഷാധിപത്യമോ ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."