HOME
DETAILS

മലബാർ സമരം: ചരിത്രത്തെ ഭയപ്പെടുന്നത് എന്തിന്?

  
backup
April 03 2022 | 20:04 PM

86231530-2022-prof-rony-k-baby

പ്രൊഫ. റോണി കെ. ബേബി

മലബാർ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ 387 പേരുടെ വിവരങ്ങൾ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐ.സി.എച്ച്.ആർ) തയാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിൽനിന്ന് നീക്കം ചെയ്തെന്ന വാർത്ത പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും കനക്കുകയാണ്. രക്തസാക്ഷികളുടെ പേരുകൾ നീക്കം ചെയ്ത് ചരിത്രത്തെ അട്ടിമറിക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നെന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ ചരിത്രത്തിൽ സംഭവിച്ച തെറ്റ് തിരുത്താനുള്ള ശ്രമമാണെന്ന് മറുവിഭാഗം വാദിക്കുന്നു.


1921ലെ മലബാർ സമരത്തെക്കുറിച്ച് നിരവധി ചരിത്ര പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആധികാരികമായ ചരിത്രരേഖകളുടെ അഭാവത്തിൽ അവയൊക്കെ അപൂർണങ്ങളാണെന്ന് പറയേണ്ടിവരും. അതുകൊണ്ട് ഇരുപക്ഷങ്ങളും അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് സമരത്തിലെ സംഭവങ്ങളെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നതും. സമരത്തെക്കുറിച്ച് ലഭ്യമായവയിൽ ഏറെയും അക്കാലത്തെ ബ്രിട്ടീഷ് പൊലിസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തയാറാക്കിയ ഔദ്യോഗിക രേഖകളാണ്. അവയൊക്കെത്തന്നെ ഏകപക്ഷീയമാണുതാനും. സർ മാൽക്കം വോയ്‌ലി രേഖപ്പെടുത്തിയിരിക്കുന്നത് 2339 പേർ സമരത്തിൽ വെടിയേറ്റ് മരിച്ചു എന്നാണ്. 11562 ആളുകൾക്ക് പരുക്കേറ്റു. 39348 പേർ തടവിലാക്കപ്പെട്ടു. 24167 പേർ ശിക്ഷിക്കപ്പെടുകയും 12177 പേർ ആൻഡമാനിലേക്ക് നാടുകടത്തപ്പെടുകയും 308 പേരെ തൂക്കിലേറ്റുകയും 38 പേരെ വധശിക്ഷ വിധിച്ച് വെടിവച്ചു കൊല്ലുകയും ചെയ്തതായി ഔദ്യോഗിക ബ്രിട്ടീഷ് രേഖകളിലുണ്ട്. അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഇതിന്റെ എത്രയോ ഇരട്ടിയാണ് നഷ്ടങ്ങൾ.


വളച്ചൊടിക്കപ്പെട്ട ചരിത്രം


ഏറനാട്ടിലെയും വള്ളുവനാട്ടിലെയും 220 ഗ്രാമങ്ങളിൽ കാട്ടുതീപോലെ പടർന്നുപിടിച്ച സമരം വെറും വർഗീയകലാപം മാത്രമായിരുന്നെന്ന് പറഞ്ഞൊഴിയുന്നത് ഒരിക്കലും സാമാന്യയുക്തിക്ക് ചേരുന്നതല്ല. സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യയിൽ നടന്ന എല്ലാ വർഗീയ കലാപങ്ങൾക്കും എരിതീയിൽ എണ്ണയൊഴിച്ചു കൊടുത്തുകൊണ്ട് പ്രോത്സാഹിപ്പിച്ച ബ്രിട്ടീഷുകാർ മലബാർ സമരത്തെ എത്ര ക്രൂരമായിയാണ് അടിച്ചമർത്തിയതെന്ന് ബ്രിട്ടീഷ് സർക്കാർ രേഖകളിലെ നരവേട്ടകളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തെ ഏറനാടൻ, വള്ളുവനാടൻ താലൂക്കുകളിൽനിന്നും ഏകദേശം ഒരു വർഷത്തോളം നിഷ്‌കാസനം ചെയ്ത് സ്വതന്ത്ര സമാന്തര ഭരണം പ്രഖ്യാപിച്ച മലബാർ സമരത്തെ വെറും വർഗീയ കലാപമായും ഹിന്ദു- മുസ്‌ലിം ലഹള മാത്രമായും ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ആദ്യകാലം മുതലുണ്ടായിരുന്നു. ബ്രിട്ടീഷുകാരോടൊപ്പം ചേർന്നുകൊണ്ട് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സംഘ്പരിവാർ കുഴലൂത്തുകാരെ ഇന്ന് അസ്വസ്ഥതപ്പെടുത്തുന്നതും ഈ ചരിത്രമാണ്.


മലബാർ സമരത്തെ വർഗീയ കലാപമായി മുദ്രകുത്തി ചരിത്രത്തെ വളച്ചൊടിക്കാൻ നേതൃത്വം നൽകിയ മലബാറിലെ പൊലിസ് സൂപ്രണ്ടായിരുന്ന ബ്രിട്ടീഷുകാരനായ റോബർട്ട് ഹിച്ച്‌കോക്ക് രേഖപ്പെടുത്തിയത് 'ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം ഏറനാട്ടിൽ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടമാണെന്നാണ്'(മലബാർ കലാപത്തിന്റെ ചരിത്രം). 1921 ഒാഗസ്റ്റ് 20ന് ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടിയിൽവച്ച് ഖിലാഫത്ത് സേനയോട് തോറ്റോടിയപ്പോൾ 'ലണ്ടൻ ടൈംസ്' എഴുതിയത് 'മലബാറിൽ ഇംഗ്ലീഷ് ഭരണം അവസാനിച്ചു' എന്നായിരുന്നു.


മതസ്പർദ്ധയിലൂടെ വിപ്ലവം വഴിതിരിച്ചുവിടാനുള്ള ബ്രിട്ടീഷ് തന്ത്രം മനസ്സിലാക്കി നിലമ്പൂർ കോവിലകത്തിന് ഖിലാഫത്ത് സൈന്യം കാവൽനിന്ന ചരിത്രം കെ. മാധവൻ നായർ തൻ്റെ 'മലബാർ കലാപം' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വെട്ടിക്കാട് ഭട്ടതിരിപ്പാട്, പാണ്ടിയാട്ട് നാരായണൻ നമ്പീശൻ എന്നിവർ പണവും ഭൂമിയും ഭക്ഷണവും നൽകി ഖിലാഫത്ത് സേനയെ സഹായിച്ചതായും മാപ്പിളമാരോടൊപ്പം കീഴാളരും അഞ്ഞൂറോളം ഹിന്ദുക്കളും ഖിലാഫത്ത് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നതായും ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് തൻ്റെ 'ഖിലാഫത്ത് സ്മരണകൾ' എന്ന കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഒറ്റുകാരെയും ബ്രിട്ടീഷുകാരെയും സമരക്കാർ വകവരുത്തിയിട്ടുണ്ട്. അവരിൽ ഹിന്ദുക്കളും മുസ്‌ലിംകളും ഉണ്ടായിരുന്നു. അതേസമയം, ഹിന്ദുവീടുകൾക്ക് അക്രമകാരികളിൽനിന്ന് മുസ്‌ലിംകൾ കാവൽ നിന്നിരുന്നു. ഖിലാഫത്തുകാർ ഹിന്ദു സ്ത്രീകളെ മഞ്ചലിൽ എടുത്ത് അവരുടെ വീടുകളിൽ എത്തിച്ചുകൊടുത്ത സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്' എന്നാണ് 'കഴിഞ്ഞ കാലം' എന്ന തന്റെ ആത്മകഥയിൽ കെ.പി കേശവമേനോൻ രേഖപ്പെടുത്തിയിട്ടുലുള്ളത്.


ആർ.എച്ച് ഹിച്ച്കോക്ക് 1924ൽ പ്രസിദ്ധീകരിച്ച 'എ ഹിസ്റ്ററി ഓഫ് മലബാർ റിബല്ല്യൻ' (മലബാർ കലാപത്തിന്റെ ചരിത്രം) എന്ന പുസ്തകത്തിലൂടെയാണ് മലബാർ സമരത്തെ വർഗീയവൽക്കരിക്കാനുള്ള ആദ്യ ശ്രമങ്ങൾ ഉണ്ടാകുന്നത്. ബ്രിട്ടീഷ് ക്രൂരതകൾ മറച്ചുവയ്ക്കാനും മലബാർ സമരത്തെ ഇകഴ്ത്താനുമുള്ള കുതന്ത്രമാണിത്. മലബാർ കലാപം തെറ്റിദ്ധരിക്കപ്പെടുന്നതിൽ ഈ പുസ്തകം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട് .
സമരത്തെ നേരിടാൻ മാത്രം ഹിന്ദു പടയാളികളെ ഉൾപ്പെടുത്തി മലബാർ സ്‌പെഷൽ ആംഡ് ഫോഴ്‌സുണ്ടാക്കിയത് കലാപത്തെ വർഗീയമായി ഉപയോഗിക്കാനും ചിത്രീകരിക്കാനുമുള്ള ബ്രിട്ടീഷുകാരുടെ തന്ത്രത്തിന് ഉദാഹരണമാണ്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ച് സമരത്തെ അടിച്ചമർത്താനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. അതിക്രൂരമായ രീതിയിലാണ് ഈ സമരത്തെ അടിച്ചമർത്തിയത്. ആലി മുസ്‌ലിയാരെ പോലെയുള്ള നേതാക്കളെ തൂക്കിക്കൊന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെയുള്ള നേതാക്കളെ വെടിവച്ചുകൊന്നു. 1921ൽ നടന്ന വാഗൺ ട്രാജഡി മാത്രം മതി പോരാളികളോടുള്ള ബ്രിട്ടീഷുകാരുടെ സമീപനം മനസ്സിലാക്കാൻ.
ചരിത്രത്തോട് നീതി പുലർത്തണം
കേന്ദ്രീകൃത സ്വഭാവവും കൃത്യമായ നിർദേശങ്ങളും ലക്ഷ്യങ്ങളുമില്ലാതെ മുന്നേറിയ സമരത്തിൽ പ്രാദേശികമായി ചിലയിടങ്ങളിലെങ്കിലും മതപരമായ വിദ്വേഷത്തിലേക്കും ആക്രമണത്തിലേക്കും സമരം വഴിമാറിയിട്ടുണ്ടെന്ന വസ്തുതകൾ പൂർണമായും നിരാകരിച്ചുകൊണ്ടല്ല മലബാറിലെ വിപ്ലവത്തെ ഇവിടെ ന്യായീകരിക്കുന്നത്. മലബാറിലെ അക്രമങ്ങളെക്കുറിച്ച് ആനി ബസന്റ് നൽകിയ റിപ്പോർട്ട് ഗാന്ധിയെ വ്രണിതഹൃദയനാക്കിയെങ്കിലും ആ റിപ്പോർട്ട് അദ്ദേഹം പൂർണമായും അംഗീകരിച്ചില്ല. കാരണം ബ്രിട്ടീഷുകാർ പ്രചരിപ്പിച്ച നുണകൾ മറ്റാരേക്കാളും അദ്ദേഹം മനസ്സിലാക്കിയിരുന്നു. മലബാറിലെ ദേശീയവാദികൾ അന്ന് സ്വീകരിച്ച പൊതുനിലപാടും സമരത്തിലെ അക്രമങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഇതിനെ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളുടെ ഭാഗമായി അംഗീകരിക്കുക എന്നതായിരുന്നു. ഈ നിലപാടുകളുടെ തുടർച്ചയായാണ് മലബാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളായും അംഗീകരിച്ചത്.


മലബാർ സമരത്തിൻ്റെ നൂറ്റാണ്ട് പിന്നിടുമ്പോൾ അന്നുണ്ടായ ചില അപഭ്രംശങ്ങളുടെ പേരിൽ മുന്നേറ്റത്തെ ആകെ തള്ളിക്കളയുന്നത് ശരിയല്ല. മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത നിസ്സഹകരണസമരത്തിന്റെ ഭാഗമായിരുന്നു ഖിലാഫത്ത് സമരവും മലബാർ സമരവുമെല്ലാം. വൈദേശികഭരണത്തിനെതിരേ നടന്ന പോരാട്ടങ്ങളെന്ന നിലയിൽ ഇവയെല്ലാം സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗം തന്നെയാണ്. സാമ്രാജ്യത്വവിരുദ്ധ സമരമായി ആരംഭിച്ച മലബാർ സമരത്തിൻ്റെ ഒരുഭാഗം ജന്മിത്വവിരുദ്ധ പോരാട്ടമായും മറ്റൊരു ഭാഗം ചില പ്രദേശങ്ങളിലെങ്കിലും വർഗീയ കലാപമായും മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എങ്കിൽപ്പോലും സമരത്തിന്റെ പൊതുസ്വഭാവമായ സാമ്രാജ്യത്വവിരുദ്ധതയെ തള്ളിക്കളയാൻ ചരിത്രകാരന്മാർക്ക് കഴിയില്ല. മലബാർ സമരത്തെ നിഷ്പക്ഷമായും സത്യസന്ധമായും വിലയിരുത്താൻ ശ്രമിച്ച ദേശീയവാദികളും പിൽക്കാല ചരിത്രകാരന്മാരും എത്തിനിൽക്കുന്നത് ഈ നിഗമനങ്ങളിലാണ്. മലബാർ സമരത്തെക്കുറിച്ച് ആഴത്തിൽ പഠനങ്ങൾ നടത്തിയ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുൻ ചെയർമാൻ ഡോ. എം.ജി.എസ് നാരായണനും നടത്തിയിട്ടുള്ളത് ഇതേ നിരീക്ഷണമാണ്. വളച്ചൊടിക്കപ്പെട്ട ചരിത്രത്തിന്റെയും നുണക്കഥകളുടെയും സംഘടിത അജൻഡകളുടെയും പേരിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടന്ന ഉജ്ജ്വലമായ പോരാട്ടത്തെയും അതിൽ ജീവത്യാഗം ചെയ്ത രക്തസാക്ഷികളെയും തള്ളിപ്പറയാൻ ദേശീയബോധമുള്ള ഒരാൾക്കും കഴിയില്ല. അങ്ങനെ ചെയ്യുന്നത് മഹത്തായ ആ ചരിത്രത്തോട് കാണിക്കുന്ന വഞ്ചനയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago