HOME
DETAILS
MAL
ഈസ്റ്ററും വിഷുവും കഴിഞ്ഞു അരി, കിറ്റ് വിതരണം പാതിവഴിയില്‍
backup
April 16 2021 | 00:04 AM
ആലപ്പുഴ: വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണവും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണവും ആഘോഷദിനങ്ങള്‍ കഴിഞ്ഞിട്ടും പാതിവഴിയില്‍. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കുന്നതിനു പകരം സപ്ലൈകോ കൂപ്പണുകള്‍ നല്‍കാനുള്ള പദ്ധതിയും നടപ്പിലായില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സ്‌കൂള്‍ കുട്ടികളുടെ അരി വിതരണവും കിറ്റ് വിതരണവും. നേരത്തെ വിതരണം ചെയ്യേണ്ട അരിയും കിറ്റും പൂഴ്ത്തിവച്ച് വോട്ടെടുപ്പ് മുന്നില്‍ക്കണ്ട് വിതരണം ചെയ്യുന്നെന്ന പ്രതിപക്ഷത്തിന്റെ പരാതിയെ സര്‍ക്കാര്‍ നിയമ പോരാട്ടത്തിലൂടെയാണ് നേരിട്ടത്. അരിവിതരണത്തിനും കിറ്റ് വിതരണത്തിനും ഹൈക്കോടതി അനുമതി നല്‍കിയതോടെ മാര്‍ച്ച് 30 മുതല്‍ തന്നെ വിതരണമാരംഭിച്ചു. എന്നാല്‍ സ്‌കൂള്‍ വഴിയും റേഷന്‍കട വഴിയുമുള്ള വിതരണം വിഷുവിനു മുമ്പ് പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനായില്ല.
റേഷന്‍കടകള്‍ വഴി ഏപ്രില്‍ മാസത്തെ ഭക്ഷ്യ കിറ്റുകള്‍ വിഷുവിനു മുമ്പ് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതുവരെ 26 ലക്ഷം കിറ്റുകള്‍ മാത്രമേ വിതരണം ചെയ്യാനായുള്ളു. മുന്‍ഗണനാ കാര്‍ഡുകാര്‍ക്കു പോലും വിതരണം പൂര്‍ത്തീകരിക്കാനായില്ല. മാര്‍ച്ചിലെ കിറ്റുകള്‍ 75 ലക്ഷം കാര്‍ഡുടമകളാണ് കൈപ്പറ്റിയത്. ഇതിന്റെ പകുതിപോലും വിതരണം ചെയ്യാന്‍ സപ്ലൈകോയ്ക്കായിട്ടില്ല. വെള്ള കാര്‍ഡുടമകള്‍ക്കുള്ള മാര്‍ച്ചിലെ കിറ്റ് വിതരണം തുടങ്ങിയിട്ടേയുള്ളൂ.
പ്രീ പ്രൈമറി കുട്ടികള്‍ക്ക് അഞ്ചു കിലോ അരിയും 100 രൂപയുടെ കൂപ്പണും എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്ക് 15 കിലോ അരിയും 300 രൂപ കൂപ്പണും യു.പി സ്‌കൂള്‍ കുട്ടികള്‍ക്ക് 25 കിലോ അരിയും 500 രൂപ കൂപ്പണും വീതം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കൂപ്പണ്‍ വിതരണം നടന്നില്ലെന്നു മാത്രമല്ല അരി വിതരണം പല സ്‌കൂളുകളിലും പല രൂപത്തിലാണ് നടന്നതും. ചില സ്‌കൂളുകളില്‍ ഭാഗികമായി വിതരണം ചെയ്തപ്പോള്‍ ചില സ്‌കൂളുകള്‍ക്കു മാത്രമാണ് അരി പൂര്‍ണമായി വിതരണം ചെയ്യാനായത്. നേരത്തെ അനുവദിച്ച അരിപോലും ഒരുമാസത്തോളം കാത്തുസൂക്ഷിച്ച ശേഷം കീടംകയറിയ നിലയിലാണ് തെരഞ്ഞെടുപ്പിനു മുന്നോടിയായി വിതരണം ചെയ്തതെന്നും പരാതിയുണ്ട്. ഇതിനും രക്ഷാകര്‍ത്താക്കളുടെ വിമര്‍ശനമേല്‍ക്കേണ്ടിവന്നത് അധ്യാപകര്‍ക്കാണ്.
വിദ്യാഭ്യാസ വകുപ്പും ഭക്ഷ്യവകുപ്പും തമ്മിലുള്ള പോരാണ് വിതരണം താളംതെറ്റിച്ചതെന്നാണ് ആക്ഷേപം. ഇതുകാരണം കൂപ്പണ്‍ വിതരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കിറ്റുകള്‍ തയാറാക്കിയിരുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി നല്‍കിയതിനാലും ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നതിനാലുമാണ് കിറ്റുകള്‍ സജ്ജമാക്കാന്‍ കഴിയാതെപോയതെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്. കോടതി അനുവാദം നല്‍കിയിട്ടും വിഷുവിനു മുമ്പ് കിറ്റ് വിതരണവും അരി വിതരണവും പൂര്‍ത്തീകരിക്കാനാവാതെപോയത് സര്‍ക്കാരിനു തിരിച്ചടിയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."