ന്യൂനപക്ഷവേട്ടയും വെല്ലുവിളി നേരിടുന്ന മതേതരത്വവും
രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും വേട്ടയും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരേ മാത്രമാണെന്നാണ് ഏവരുടെയും പൊതുവെ ധാരണ. എന്നാൽ ഈ ധാരണയ്ക്ക് വിരുദ്ധമായി കഴിഞ്ഞ നാലഞ്ചുവർങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായി ഹിന്ദുത്വശക്തികളും സംഘ്പരിവാറും ശക്തമായ കടന്നാക്രമണങ്ങൾ നടത്തിവരുകയാണ്. യു.പിയിൽ തുടങ്ങിവച്ച ഇൗ അതിക്രമങ്ങൾ രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇപ്പോൾ നടക്കുകയാണ്. എന്നാൽ ഛത്തീസ്ഗഡിലാണ് ഇന്ന് ഈ ആക്രമണങ്ങൾ സുസംഘടിതമായി നടന്നുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ ന്യൂനപക്ഷവിരുദ്ധ പൗരത്വഭേദഗതി നിയമത്തിൽ ക്രിസ്ത്യാനികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും തീവ്രഹിന്ദുത്വശക്തികളുടെ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരേയുള്ള കടന്നാക്രമണങ്ങൾ തുടരുകയാണെന്നാണ് ഛത്തീസ്ഗഡിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ക്രിസ്തുമതത്തിൽ ചേർന്നവർ തിരിച്ചുവന്ന് നേരത്തെയുണ്ടായിരുന്ന അവരുടെ മതമായ ഹിന്ദുമതത്തിൽ ചേർന്നാൽ മാത്രമേ നാട്ടിൽ ജീവിക്കാനനുവദിക്കൂ എന്ന നിലപാടാണ് സംഘ്പരിവാർ സ്വീകരിച്ചിരിക്കുന്നത്. ഏതു മതത്തിൽ വിശ്വസിക്കാനും ഏതു മതവും സ്വീകരിക്കുവാനുമുള്ള ഭരണഘടനാപരമായ പൗരന്റെ മൗലികാവകാശം നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഭരണഘടനയിലെ മതേതരത്വം സംരക്ഷിക്കാൻ ഭരണാധികാരികൾ തയാറായില്ലെങ്കിൽ രാജ്യം മതേതര രാഷ്ട്രമാണെന്ന് പറയുന്നതിൽ അർഥമില്ല.
തീവ്രഹിന്ദുത്വ സംഘടനകളുടെ ആക്രമണത്തിൽനിന്ന് രക്ഷതേടാൻ ഛത്തീസ്ഗഡിൽ ക്രിസ്തുമതം സ്വീകരിച്ചവർ പലായനം ചെയ്യുകയാണ്. ആദിവാസിമേഖലയായ ദസ്തറിലെ നാരായൺപൂർ ജില്ലയിൽ മാത്രം നൂറിൽപരം കുടുംബങ്ങളാണ് സ്റ്റേഡിയത്തിലും തുറന്ന പ്രദേശങ്ങളിലും പള്ളികളിലും ജീവൻ രക്ഷിക്കാൻ അഭയംതേടിയത്. ഭട്ട്പാൽ, മോഡേംഗാ, ഗോഹിദ, ബൊർവാണ്ട് നഗരങ്ങളിലും ആക്രമണങ്ങളുണ്ടായി. ആരാധനാലയങ്ങൾ തകർത്ത സംഘങ്ങൾ സ്ത്രീകളെയും കുട്ടികളെയും വെറുതെവിട്ടില്ല. ചേരാങ് ഗ്രാമത്തിൽ ക്രൂരമർദനത്തിനിരയായ 50 ഓളം വിശ്വാസികൾ വീട് വിട്ടോടി. ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഈ ആക്രമണങ്ങളുണ്ടായതെന്ന് പരാതിക്കാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച മാത്രം 20 ആക്രമണങ്ങളുണ്ടായി. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരും പൊലിസും നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും നാരായൺപൂർ കലക്ടറേറ്റിൽ ആയിരങ്ങൾ കുത്തിയിരുപ്പ് സമരം നടത്തി. പരുക്കേറ്റവരുടെ ചിത്രമടക്കം കലക്ടർക്ക് പരാതിനൽകിയിട്ടും കേസെടുക്കുന്നതിനുപകരം പരാതിക്കാരെ മറ്റിടങ്ങിളിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് ശ്രമിച്ചെതെന്നും പരാതിയുണ്ട്.
കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ക്രിസ്തുമത വിശ്വാസികൾക്കെതിരേയുള്ള ആക്രമണങ്ങളിൽ വൻവർധനവാണ് രേഖപ്പെടുത്തുന്നത്. യുനൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കനുസരിച്ച് 2021ൽ 505 ആക്രമണമാണ് ഉണ്ടായത്. ഉത്തർപ്രദേശ്(99) ഒന്നാംസ്ഥാനത്തും ഛത്തീസ്ഗഡ് രണ്ടാംസ്ഥാനത്തുമാണ്(89). 2022 ജനുവരി മുതൽ ജൂലൈവരെ മാത്രം രാജ്യത്ത് ക്രൈസ്തവർക്കെതിരേ 302 തവണ ആസൂത്രിത ആക്രമണങ്ങൾ നടന്നതായി ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയും നാഷനൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നീ സംഘടനകളും സുപ്രിംകോടതിയിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യം എക്കാലവും മതങ്ങളുടെ എല്ലാ അവകാശങ്ങളും ഉയർത്തിപ്പിടിച്ചിട്ടുള്ളതാണ്. മുഗൾ സാമ്രാജ്യമടക്കമുള്ള ഭരണാധികാരികൾ മതമൈത്രിക്കും വിവിധ മതങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്കും വേണ്ടി നിലകൊണ്ടിട്ടുള്ള ചരിത്രമാണ് നമുക്കുള്ളത്. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഭരണഘടനയുടെ അടിത്തറയായി മതേതരത്വം അംഗീകരിപ്പെട്ടത്. നിർഭാഗ്യവശാൽ ഇപ്പോഴത്തെ ഭരണാധികാരികൾ മതേതരത്വത്തെ തച്ചുതകർക്കുന്ന ശക്തികൾക്ക് ഒത്താശചെയ്യുന്ന ചിത്രമാണ് തെളിഞ്ഞുവരുന്നത്. ഇൗ നിലപാട് നിലവിലുള്ള സംവിധാനങ്ങളെയും ആത്യന്തികമായി ഭരണഘടനയേയുമാണ് തകർക്കുന്നതെന്ന യാഥാർഥ്യം ഭരണാധികാരികൾ ഈ വൈകിയവേളയിലെങ്കിലും മനസിലാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."