ദുന്നൂന്‍ ആശുപത്രിയില്‍
വിശ്രുത ഈജിപ്ഷ്യന്‍ സൂഫി ദുന്നൂനിന് ശരിക്കും മാനസിക നിലതെറ്റിയിരുന്നു. അദ്ദേഹത്തിന്റെ നിസ്തന്ദ്രമായ ആത്മീയോന്മാദം അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം വലിയ ശല്യമായി. എങ്കിലും വളരെ അടുത്ത ആളുകള്‍ അവയെല്ലാം സഹിച്ചു കൂടെനിന്നു.
ഒടുവിലത് അസഹ്യമായ ഘട്ടത്തിലെത്തി. അദ്ദേഹത്തിന്റെ ഭ്രാന്ത് സന്തതസഹചാരികളിലേക്കും പടരും എന്നായപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതാണ് നല്ലത് എന്ന് സുഹൃത്തുക്കള്‍ തീരുമാനിച്ചു. ദുന്നൂന്‍ തന്റെ ചുറ്റുമുള്ള ആളുകളെ കൊണ്ട് പൊറുതിമുട്ടിയിരുന്നു. അതിനാല്‍ ജയില്‍ പോലെയുള്ള ആശുപത്രിയില്‍ പോവുന്നതിനോട് അദ്ദേഹത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അവിടെയെങ്കിലും കുറച്ചു സമാധാനം കിട്ടുമല്ലോ എന്ന് അദ്ദേഹം കരുതി. അവിടെയാവുമ്പോള്‍ ഇഷ്ട ഗ്രന്ഥങ്ങള്‍ വായിച്ചും ധ്യാനിച്ചും സ്വസ്ഥമായി കഴിയാം.
അങ്ങനെ ദുന്നൂന്‍ ആശുപത്രിയില്‍ ആക്കപ്പെട്ടു.
ദുന്നൂനിന്റെ അഭാവം അദ്ദേഹത്തിന്റെ സുഹൃത്തുക്കളെന്നു പറയുന്നവര്‍ക്ക് വലിയ അസ്വസ്ഥത സൃഷ്ടിച്ചു. അവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. ദുന്നൂന്‍ ഭ്രാന്തിന്റെ ലക്ഷണങ്ങളെല്ലാം നന്നായി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്ക് അതു സുപരിചിതമായിരുന്നതിനാല്‍ അവരത് കാര്യമാക്കിയില്ല.
ദുന്നൂന്‍ പക്ഷേ, തന്റെ സുഹൃത്തുക്കളെ ശരിക്കും പരീക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ആശുപത്രി മുറ്റത്തെ തോട്ടത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടാന്‍ തുടങ്ങി. ശാപവാക്കുകള്‍ വിളിച്ചുകൂവി. കല്ലുകളും വടികളുമെടുത്ത് സുഹൃത്തുക്കളെ എറിയാന്‍ തുടങ്ങി.
ഇത് അധികം നീണ്ടുനില്‍ക്കില്ല എന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ ദുന്നൂന്‍ ആവേശപൂര്‍വം ഈ പ്രകടനങ്ങള്‍ തുടര്‍ന്നു.
അധികം താമസിയാതെ ദുന്നൂനിന്റെ ഉദ്ദേശ്യം നിറവേറി. സുഹൃത്തുക്കള്‍ സ്ഥലംവിടാന്‍ തുടങ്ങി. തന്റെ ഏറില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന സുഹൃത്തുക്കളെ നോക്കി ദുന്നൂന്‍ ഉച്ചത്തില്‍ ചിരിച്ചു. അദ്ദേഹം വിളിച്ചുപറഞ്ഞു: 'സുഹൃത്തുക്കളാണത്രെ, സുഹൃത്തുക്കള്‍! യഥാര്‍ഥ സുഹൃത്തുക്കള്‍ എന്തും സഹിക്കാന്‍ തയ്യാറായിരിക്കും. നിങ്ങളുടെ തനിനിറം തിരിച്ചറിയാന്‍ എനിക്ക് ഏതാനും ചീത്തവാക്കുകളും കുറച്ച് കല്ലുകളുമേ ചെലവാക്കേണ്ടി വന്നുള്ളൂ! നിങ്ങളെ പോലുള്ളവരെ എങ്ങനെയാണ് സുഹൃത്തുക്കളായി കണക്കാക്കുക?
പോകൂ. വേഗം പോയി സ്ഥലം കാലിയാക്കൂ.'
അവര്‍ പോയിക്കഴിഞ്ഞശേഷം ദുന്നൂന്‍ തോട്ടത്തിലെ ബെഞ്ചിലിരുന്ന് സൗഹൃദത്തെക്കുറിച്ചുള്ള തനിക്കിഷ്ടപ്പെട്ട പ്രബന്ധം വായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."