ഇന്ത്യ സമാധാനത്തിന്റെ വശത്താണ്; ബുച്ചയിലെ കൊലപാതകങ്ങളെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചത് വന്‍ പരിശ്രമത്തിലൂടെയാണെന്നും ഇതിന് മുന്‍പ് ആരും തങ്ങളുടെ പൗരന്‍മാരെ ഈ വിധത്തില്‍ ഒഴിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രെയ്നില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ ഒഴിപ്പിക്കല്‍ ദൗത്യമായ ഓപ്പറേഷന്‍ ഗംഗയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യ നടത്തിയ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒഴിപ്പിക്കലാണിതെന്നും മറ്റ് രാജ്യങ്ങള്‍ക്ക് ഇത് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. നാല് കേന്ദ്രമന്ത്രിമാര്‍ യുക്രെയ്‌നിന്റെ അയല്‍രാജ്യങ്ങളിലേക്ക് പോയില്ലായിരുന്നുവെങ്കില്‍, ഇന്ത്യക്ക് ഇതേ നിലവാരത്തിലുള്ള സഹകരണം ലഭിക്കില്ലായിരുന്നു, ജയശങ്കര്‍ പറഞ്ഞു. ഒഴിപ്പിക്കലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി ഇടപെട്ടുവെന്നും തിരഞ്ഞെടുപ്പുകള്‍ക്കിടയിലും അദ്ദേഹം യോഗങ്ങള്‍ നടത്തുകയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്തുവെന്നും ജയശങ്കര്‍ പറഞ്ഞു.
'ഇന്ത്യ എക്കാലവും യുദ്ധത്തിന് എതിരാണെന്ന് ആദ്യമേ തന്നെ പറയട്ടെ. രക്തം ചൊരിഞ്ഞും നിരപരാധികളെ കൊന്നൊടുക്കിയും ഒരു പ്രശ്‌നവും പരിഹരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ ആധുനിക കാലത്ത് ചര്‍ച്ചയും നയതന്ത്രവുമാണ് എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍.' ജയശങ്കര്‍ വിശദീകരിച്ചു.
'ഉക്രെയ്‌നിലെ ബുച്ചയില്‍ നടന്ന കൂട്ടക്കുരുതിയുടെ കാര്യം ഒട്ടേറെ എംപിമാര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചയായും മനസാക്ഷി മരവിപ്പിക്കുന്നതാണ്. അവിടെ നടന്ന കൂട്ടക്കുരുതിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. മാത്രമല്ല, ഇക്കാര്യത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് ഇന്ത്യയുടെ നിലപാട്.' ജയശങ്കര്‍ ലോക്‌സഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."