'അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തി തിരിച്ചുവന്നാല്‍ സ്വീകരിക്കാം'; ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് 'വീക്ഷണം'
തിരുവനന്തപുരം: ഇടതുപക്ഷം രാജ്യസഭാ സീറ്റ് നിഷേധിച്ചതോടെ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തിയാല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സ്വീകരിക്കുമെന്ന് വീക്ഷണത്തിന്റെ മുഖപത്രത്തില്‍ പറയുന്നു.
'മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനകത്ത് വിമതനായി വേഷംകെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ 'ചാടിക്കളിക്കെടാ കുഞ്ഞിരാമാ' എന്നുപറഞ്ഞ് ചുടുചോറ് മാന്തിച്ച ചെറിയാന്‍ ഫിലിപ്പിനെ സി.പി.എം വീണ്ടും വഞ്ചിച്ചു.
വിമതരെ സ്വീകരിക്കുന്നതില്‍ സിപിഎമ്മിന് ഇരട്ടത്താപ്പുണ്ടായിരുന്നു. ടി.കെ.ഹംസയെയും ലോനപ്പന്‍ നമ്പാടനെയും കെ.ടി.ജലീലിനെയും പരിഗണിക്കുകയും മന്ത്രിസ്ഥാനം നല്‍കുകയും ചെയ്ത സിപിഎം ചെറിയാനോട് ചിറ്റമ്മ നയമായിരുന്നു സ്വീകരിച്ചിരുന്നത്. കഴിഞ്ഞ തവണ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച സിപിഎം, കാര്യങ്ങള്‍ തീരുമാനത്തിലെത്തിയപ്പോള്‍ ചെറിയാനെയല്ല, എളമരം കരീമിനെയായിരുന്നു പരിഗണിച്ചത്.'- മുഖപത്രത്തില്‍ പറയുന്നു.
കോണ്‍ഗ്രസുമായുള്ള ഹൃദയബന്ധം അറുത്ത് ചെറിയാന്‍ ഇടതുപക്ഷത്തേക്ക് പോയപ്പോള്‍ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് ആ നടപടി വിഷമം സൃഷ്ടിച്ചിരുന്നു. മാത്രവുമല്ല എ.കെ.ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ അദ്ദേഹം ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ ഒരു കോണ്‍ഗ്രസുകാരനും സഹിക്കാവുന്നതായിരുന്നില്ല. തിരുവനന്തപുരം വെസ്റ്റ് സീറ്റിനുവേണ്ടി ആഗ്രഹിച്ച് തിരുവനന്തപുരം നോര്‍ത്ത് നല്‍കിയിട്ടും തൃപ്തിയാകാതെയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ മറുകണ്ടം ചാട്ടം. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ഗതി. കോണ്‍ഗ്രസിനെ ചതിച്ച ചെറിയാനെ സിപിഎം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടിവരുന്നവരുടെ ചോര പരമാവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയെപ്പോലെയാണ് സിപിഎം. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തി ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരികയാണെങ്കില്‍ പാര്‍ട്ടി അദ്ദേഹത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നും വീക്ഷണത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."