ഒന്നിച്ചൊന്നായി മുന്നോട്ട്; ചെന്നൈക്കെതിരെ 2-1ന് ജയിച്ചുകയറി ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ അഡ്രിയാന്‍ ലൂണ, കെ.പി രാഹുല്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. മത്സരം ചൂട് പിടിക്കുന്നതിന് മുമ്പ് തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ വല കുലുക്കി ചെന്നൈയിന്‍ എഫ്.സി ഞെട്ടിച്ചിരുന്നു.
രണ്ടാം മിനിറ്റില്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു ചെന്നൈയുടെ ഗോള്‍. കാലില്‍ കൊരുത്ത പന്ത് പ്രതിരോധ നിരയെ അപ്പാടെ കബളിപ്പിച്ച് അബ്ദ്‌നാസ്സര്‍ എല്‍ ഖയാത്തി ബ്ലാസ്റ്റേഴ്‌സ് വലയിലേയ്ക്ക് തട്ടിക്കയറ്റി. ഗോള്‍ വഴങ്ങിയതോടെ പതിഞ്ഞ താളത്തിലായി ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍. 11ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയ്ന്‍ പോസ്റ്റിലേയ്്ക്ക് ആദ്യമായി ഒരു മുന്നേറ്റം ലഭിച്ചത്. എന്നാല്‍ കിട്ടിയ അവസരം പക്ഷെ മുതലാക്കാന്‍ കെപി രാഹുലിനായില്ല. ശക്തമായ പ്രതിരോധത്തിലൂടെ ചെന്നൈ ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ നീക്കവും വിഫലമാക്കിക്കൊണ്ടിരുന്നു. മികച്ചരീതിയില്‍ മുന്നേറ്റം നടത്താന്‍ ശ്രമിച്ച ദിമിത്രിയോസിന് പന്ത് എത്തിക്കുന്നതില്‍ മധ്യനര പരാജയപ്പെട്ടതോടെ ഗോല്‍നേടാന്‍ സാധിക്കാതെ ബ്ലാസ്‌റ്റേഴ്‌സ് വലഞ്ഞു.
ഒടുവില്‍ 38 മിനിറ്റില്‍ അഡ്രിയാന്‍ ലൂണ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി. ചെന്നൈ പ്രതിരോധത്തെ മറികടന്ന് മുന്നേറാനുള്ള അബ്ദുള്‍ സഹല്‍ ശ്രമത്തില്‍ പന്ത് ലൂണയുടെ കാലിലെത്തി. അളന്നുമുറിച്ച ഷോട്ടിലൂടെ ലൂണ എതിരാളികളുടെ വല കുലുക്കി. സമനില പിടിച്ച ആവേശത്തില്‍ കളി മുറുകി. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ജയം അനിവാര്യമാണെന്ന ബോധ്യത്തില്‍ അക്രമണ ഫുട്‌ബോളാണ് രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവച്ചത്.
63ാം മിനിട്ടില്‍ കെ.പി രാഹുലിലൂടെ ബ്ലാസ്റ്റേഴസ് ലീഡ് പിടിച്ചു. നിഷു നല്‍കിയ ത്രോ സ്വീകരിച്ച ലൂണ ബോക്‌സിലേയ്ക്ക് നീട്ടി നല്‍കിയ അളന്നുമുറിച്ച ക്രോസില്‍ രാഹുലിന്റെ മനോഹരമായ ഫിനിഷിങ്. ലീഡ് നേടിയതിന്റെ ആത്മവിശ്വാസത്തില്‍ തുടരെ തുടരെ ചെന്നൈ പോസ്റ്റിലേയ്ക്ക ബ്ലാസ്റ്റേഴ്‌സിന്റെ അക്രമണത്തിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ബാംഗ്ലുരൂവിനെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഇനി ഒരു ഹോം മാച്ച മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്. ഈ മാസം 26ന് കരുത്തരായ ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."