ഹജ്ജ് നയം: കേരളത്തിലെ ദീനീ പ്രവര്‍ത്തനത്തിന് മോദിജിയുടെ സമ്മാനമെന്ന് അബ്ദുല്ലക്കുട്ടി
കണ്ണൂര്‍: പുതിയ ഹജ്ജ് നയം കേരളത്തിലെ ദീനീ പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്ലക്കുട്ടി. 'ഇക്കുറി കൊച്ചുകേരളത്തില്‍നിന്ന് മൂന്ന് എംബാര്‍ക്കേഷന്‍ പോയന്റാണ് അനുവദിച്ചത്. കേരളത്തിന്റെ ദീനിപ്രവര്‍ത്തനത്തിനുള്ള നരേന്ദ്രമോദിയുടെ സമ്മാനമായി ഇതിനെ കരുതുക. ചെയര്‍മാന്‍ എന്നനിലയില്‍ വളരെ സന്തോഷമുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് പോളിസി നരേന്ദ്രമോദി ടച്ചുള്ളതാണ്' ഫേസ് ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ അബ്ദുല്ലക്കുട്ടി പറയുന്നു.
മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വി.ഐ.പി ക്വാട്ട പൂര്‍ണ്ണമായും എടുത്തു കളഞ്ഞതെന്ന് ഹജ്ജ് പോളിസിയെ കുറിച്ച് വിശദീകരിക്കവെ അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. 'അല്ലാഹുവിന്റെ മുമ്പില്‍ എന്ത് വി.ഐ.പി ക്വാട്ട കഴിഞ്ഞ തവണ എനിക്ക് 50 പേരുടെ വി.ഐ.പി ക്വാട്ട ഉണ്ടായിരുന്നു. എന്നാല്‍ ബന്ധുക്കളടക്കം 5,000 പേരാണ് അവസരം ചോദിച്ച് എന്റെ അടുത്ത് വന്നത്. ഞാന്‍ നരേന്ദ്ര മോദിയോട് അദ്ദേഹത്തിന്റെ ക്വോട്ടയില്‍നിന്ന് 25 എണ്ണത്തിന് ചോദിച്ചപ്പോഴുള്ള മറുപടി 'ഒരെണ്ണം പോലും തരില്ല. എന്റെ ക്വാട്ടയെല്ലാം ജനറല്‍ പൂളില്‍ കൊടുക്കണം' എന്നായിരുന്നു. അന്ന് മോദി പഠിപ്പിച്ച വലിയ സന്ദേശമാണ് 'അല്ലാഹുവിന്റെ വിളി ഉള്ളവര്‍ ഹജ്ജിന് പോയാല്‍ മതി. ചെയര്‍മാന്റെ വിളിയില്‍ ആരും ഹജ്ജിനു പോകേണ്ട' എന്നത്. എത്ര ദീനിയായ പ്രവര്‍ത്തനമാണിത്. മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് ഒരു വിമാനം നിറയെ അതിസമ്പന്നരും രാഷ്ട്രീയക്കാരും അടക്കമുള്ള വി.വി.ഐ.പിമാര്‍ ഹജ്ജിന് പോകുമായിരുന്നു. അവര്‍ അവസാന വിമാനത്തില്‍ പോയി ആദ്യവിമാനത്തില്‍ തിരിച്ചുവരും. പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസം. ഈ ഹജ്ജ് ഹലാലല്ല, ഹറാമാണ് എന്ന് ഞാന്‍ മുമ്പ് പ്രസംഗിച്ചത് വിവാദമായിരുന്നു' അബ്ദുല്ലക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം സ്മൃതി ഇറാനിയുമായും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍മാരുമായും മതപണ്ഡിതന്‍മാരുമായും കൂടിയാലോചന നടത്തിയാണ് ഹജ്ജ് പോളിസി രൂപവത്കരിച്ചതെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. സ്ത്രീകള്‍, കുട്ടികള്‍, വികലാംഗര്‍, മുതിര്‍ന്നവര്‍, മഹ്‌റം ആയ സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അബ്ദുല്ലക്കുട്ടി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."