അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉയരുന്ന കരച്ചില്‍, മൃതദേഹങ്ങള്‍ നിറഞ്ഞ മൈതാനങ്ങള്‍, നോവായി തുര്‍ക്കിയും സിറിയയും, മരണ സംഖ്യ 11,000 കടന്നു
ഇസ്താംബൂള്‍: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുയരുന്ന നിലവിളികള്‍, ഉറ്റവരും ഉടയവരും നഷ്ടമായി പകച്ചു നില്‍ക്കുന്ന ബാല്യങ്ങള്‍. പാതി ജീവനോടെ ആശുപത്രിയില്‍ കഴിയുന്നവര്‍. കാണാതായവര്‍... ദുരന്ത ഭൂമിയില്‍ നിന്നുള്ള ഉള്ളുലയ്ക്കുന്ന കാഴ്ചകളാണിത്. ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ 11000ത്തിന് മുകളില്‍ എത്തി. സിറിയയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 11,200 കടന്നതായാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ 8,574 പേരും സിറിയയില്‍ 2,662 പേരും മരിച്ചു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു.
മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂകമ്പ സമയത്ത് പലരും ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. കനത്ത മഞ്ഞും മഴയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രവിശ്യകളില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ പ്രസിഡന്റ് രജ്ബ് ത്വയിബ് ഉര്‍ദുഗാന്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
തുര്‍ക്കിയിലേക്കുള്ള ഇന്ത്യയുടെ സഹായം തുടരുന്നുണ്ട്. ഓപറേഷന്‍ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലെത്തി. ഏഴ് വാഹനങ്ങള്‍, 5 സ്ത്രീകള്‍ അടക്കം 101 രക്ഷാപ്രവര്‍ത്തകരും നാല് പൊലീസ് നായകളും തുര്‍ക്കിയിലെത്തി. തുര്‍ക്കിയിലെ അദാനയില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."