7100 കോടി റവന്യൂ കുടിശ്ശിക അഞ്ച് വര്‍ഷമായി പിരിച്ചിട്ടില്ല; സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സി.എ.ജി റിപ്പോര്‍ട്ട്
തിരുവനന്തപുരം: റവന്യൂ കുടിശികയായ 7,100.32 കോടി രൂപ അഞ്ചു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ പിരിച്ചെടുത്തില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. ഇതില്‍ 1952 മുതലുള്ള എക്സൈസ് വകുപ്പിന്റെ കുടിശികയും ഉള്‍പ്പെടുന്നു. 2019-2021 കാലയളവിലെ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
തെറ്റായ നികുതി നിരക്ക് ചുമത്തിയതില്‍ നഷ്ടം 18.57 കോടി രൂപയാണ്. 36 പേരുടെ നികുതി നിരക്കാണ് തെറ്റായി ചുമത്തിയത്. യോഗ്യത ഇല്ലാത്ത ഇളവ് ക്ലൈം ചെയ്തു നല്‍കിയതില്‍ നഷ്ടം 11.09 കോടി രൂപയെന്നും റിപ്പോര്‍ട്ടിലുണ്ട്. തെറ്റായ നികുതി നിര്‍ണയം ഏഴ് കോടി രൂപ കുറച്ച് പിരിച്ചു.
മൊത്തം കുടിശിക തുകയായ 21797.86 കോടി സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനമാണ്. ആകെ കുടിശികയില്‍ 6422.49 കോടി സര്‍ക്കാരില്‍ നിന്നും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുക്കാന്‍ ബാക്കിയുള്ളതാണ്.
അതേസമയം, റവന്യൂ വകുപ്പിന് കുടിശിക കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കുടിശിക പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കുന്നില്ല. എഴുതി തള്ളുന്നതിനായി സര്‍ക്കാരിലേക്ക് അയച്ച 1,905 കോടിയുടെ കേസിലും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്റ്റേകള്‍ കാരണം 6,143 കോടി പിരിച്ചെടുക്കാന്‍ ബാക്കിയാണ്. ഇത് മൊത്തം കുടിശിക തുകയുടെ 32.79 ശതമാനമാണ്. സ്റ്റേ ഒഴിവാക്കി തുക പിരിച്ചെടുക്കാന്‍ വകുപ്പുകള്‍ നടപടി സ്വീകരിക്കണം. വകുപ്പുകള്‍ ബാക്കി നില്ക്കുന്ന കുടിശികയുടെ ഡേറ്റാ ബാങ്ക് തയാറാക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."