യു.എസിൽ ചരിത്രം പിറന്നു കറുത്ത വർഗക്കാരി സുപ്രിംകോടതി ജഡ്ജി
വാഷിങ്ടൻ
അമേരിക്കൻ സുപ്രിംകോടതി ജഡ്ജിയായി കറുത്ത വർഗക്കാരിയായ കെറ്റാൻജി ബ്രൗൺ ജാക്സൺ നിയമിക്കപ്പെട്ടു. യു.എസ് സുപ്രിംകോടതി ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിതയാണിവർ. ഫെഡറൽ അപ്പീൽ കോടതി ജഡ്ജിയായ കെറ്റാൻജി ബ്രൗൺ ജാക്‌സനെ (51) ഈ സ്ഥാനത്തേക്ക് പ്രസിഡന്റ് ജോ ബൈഡൻ ആണ് നാമനിർദേശം ചെയ്തത്. യു.എസ് സെനറ്റും അംഗീകരിച്ചതോടെയാണ് ചരിത്രം പിറന്നത്.
റിപ്പബ്ലിക്കൻ അംഗങ്ങളുടെ എതിർപ്പിനെ 53-47 എന്ന വോട്ടിങ്ങിലൂടെ കെറ്റാൻജി മറികടന്നു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ മൂന്ന് റിപ്പബ്ലിക്കൻ അംഗങ്ങളും തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തു. തീവ്ര ഇടതു ചിന്താഗതിക്കാരിയാണ് കെറ്റാൻജിയെന്ന് ആരോപിച്ചാണ് അവരുടെ നിയമനത്തെ റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർത്തത്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് വോട്ടെടുപ്പിന് നേതൃത്വം നൽകിയത്. സുപ്രിംകോടതിയുടെ വൈവിധ്യം കൂടുതൽ വിപുലമാക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബൈഡൻ വാഗ്ദാനം ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ കെറ്റാൻജിയെ പരമോന്നത കോടതിയിലേക്ക് ഉയർത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യു.എസിന് ചരിത്ര പ്രാധാന്യമുള്ള നിമിഷമാണിതെന്നു ബൈഡൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."