എറണാകുളം അങ്കമാലി അതിരൂപതയിൽ സമവായ നീക്കം പാളി ജനാഭിമുഖ കുർബാനയുമായി മുന്നോട്ടെന്ന് വൈദികർ; ബിഷപ്പ് ഹൗസിന് മുന്നിൽ സംഘർഷം
കൊച്ചി
ഏകീകൃത കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് നടന്ന സമമവായ നിക്കം പാളി. ബിഷപ്പ് ആൻ്റണി കരിയിലിനെ സമ്മർദത്തിലാക്കിയാണ് സിനഡ് തീരുമാനമെന്നും അതിനാൽ സിനഡ് സർക്കുലർ നിലനിൽക്കില്ലെന്നും വിമതവിഭാഗം വൈദികർ പറഞ്ഞു.
ഓശാന ഞായർ മുതൽ ഏകീകൃത കുർബാന നടപ്പാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് വിമതരുടെ നിലപാട്. ജനഭിമുഖ കുർബാന തുടരുമെന്ന് വൈദികർ അറിയിച്ചു. ആർച്ച് ബിഷപ്പിൻ്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. സർക്കുലറിൽ ഒപ്പ് വയ്ക്കാൻ തന്നെ സമ്മർദം ചെലുത്തിയതായി മാർ ആൻ്റണി കരിയിൽ അറിയിച്ചതായും വൈദികർ അവകാശപ്പെട്ടു.
അതേസമയം ബിഷപ്പ് ഹൗസിന് മുന്നിലെ വിശ്വാസികളുടെ പ്രതിഷേധം ഉന്തുംതള്ളിലും കലാശിച്ചു. സിനഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ബിഷപ്പ് ഹൗസിൽ വൈദികർ ആർച്ച് ബിഷപ്പിനെ കാണുമ്പോഴായിരുന്നു വിശ്വാസികളുടെ പ്രതിഷേധം സംഘർഷത്തിലായത്.
കർദിനാൾ അനുകൂലികളും വിമതരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. അതിരൂപത ആസ്ഥാനത്ത് കുർബാന ക്രമം ഏകീകരണത്തെ എതിർത്ത് യോഗം ചേർന്ന വൈദികരുടെ ദൃശ്യങ്ങൾ പകർത്താൻ എതിർപക്ഷം ശ്രമിച്ചതാണ് സംഘർഷത്തിലെത്തിച്ചത്.
തൊട്ടു പിന്നാലെ വൈദികർ യോഗം അവസാനിപ്പിച്ച് പുറത്തിറങ്ങി. ഓശാന ഞായർ മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലും ഏകീകൃത കുർബാന തുടങ്ങുമെന്ന സിനഡ് സർക്കുലർ തള്ളുകയാണെന്നും ജനാഭിമുഖ കുർബാന തുടരുമെന്നും വൈദികർ വ്യക്തമാക്കി. ഏകീകൃത കുർബാന അനുവദിക്കില്ലെന്ന് വൈദികർ പ്രഖ്യാപിച്ചതടെ ബസലിക്ക പള്ളിയൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയ്ക്ക് കുർബാന അർപ്പിക്കാൻ എത്താൻ കഴിഞ്ഞേക്കില്ല.
എന്താണ് നിലവിലെ കുർബാന ഏകീകരണ തർക്കം (ബോക്സ്)
1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി.
നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്.
എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."