അവിശ്വാസപ്രമേയം പാസായി ,ഇമ്രാന്‍ഖാന്‍ പുറത്ത്
അര്‍ധരാത്രി കോടതി തുറന്നു
ഇസ്‌ലാമാബാദ്
അനിശ്ചിതത്വവും നാടകീയതയും നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പുറത്ത്. അവിശ്വാസപ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. അര്‍ധരാത്രിവരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് നീണ്ടതോടെ അര്‍ധരാത്രി 12 മണിക്ക് സുപ്രിംകോടതി തുറന്ന് കടുത്ത നടപടികളിലേക്ക് നീണ്ടതോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്.
ഇന്നലെ രാവിലെ 10.30ന് വോട്ടെടുപ്പ് നടത്താനായിരുന്നു പാക് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അതര്‍ ബന്ദിയാല്‍ അധ്യക്ഷനായ അഞ്ചംഗ സുപ്രിംകോടതി ബെഞ്ച് വ്യാഴാഴ്ച ഉത്തരവിട്ടത്. എന്നാല്‍ ഇന്നലെ രാത്രി വൈകിയും വോട്ടെടുപ്പില്‍ അനിശ്ചിതത്വം തുടര്‍ന്നതാണ് നാടകീയ സംഭവങ്ങള്‍ക്കിടയാക്കിയത്.
വോട്ടെടുപ്പ് നീണ്ടതോടെ സുപ്രിംകോടതി സ്വമേധയാ ഇടപെടുകയും അര്‍ധരാത്രി കോടതി തുറക്കാന്‍ ചീഫ്ജസ്റ്റിസ് നിര്‍ദേശം നല്‍കുകയുമായിരുന്നു. അവിശ്വാസപ്രമേയം പരിഗണിക്കാനായി രാവിലെ 10.30ന് തുടങ്ങിയ നാഷനല്‍ അസംബ്ലി നാലുതവണ ബഹളം മൂലം നീട്ടിവച്ചിരുന്നു.
അവിശ്വാസ പ്രമേയം വോട്ടെടുപ്പില്ലാതെ തള്ളിയ ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനം റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് ഇന്നലെ സഭ സമ്മേളിച്ചത്. അവിശ്വാസപ്രമേയത്തിന് പിന്നിലെ വിദേശഗൂഢാലോചന ചര്‍ച്ച ചെയ്യണമെന്ന ഭരണപക്ഷത്തിന്റെ നിലപാടാണ് ബഹളത്തിനിടയാക്കിയത്. കൂറുമാറിയ അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നല്‍കിയ പരാതിയും സുപ്രിംകോടതി വിധിക്കെതിരേ നല്‍കിയ പുനഃപരിശോധനാഹരജിയും ചൂണ്ടിക്കാട്ടി ഭരണപക്ഷവും ബഹളംവച്ചു.
ഇതോടെ സഭ ഉച്ചയ്ക്ക് 12.30 വരെ നിര്‍ത്തിവച്ചു. വീണ്ടും ചേര്‍ന്നെങ്കിലും 2.30 വരെ നീട്ടിവച്ചു. തുടര്‍ന്ന് ഇഫ്താര്‍ കഴിഞ്ഞ് വോട്ടെടുപ്പ് നടത്താന്‍ സമ്മേളിച്ചെങ്കിലും രാത്രി 10ന് നടത്താമെന്ന ധാരണയില്‍ പിരിഞ്ഞു. വോട്ടെടുപ്പ് വൈകുന്നത് കോടതിയലക്ഷ്യമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതോടെ അതുമറികടക്കാനുള്ള ആലോചനയും ഉണ്ടായി.
രാത്രി 11.30 ഓടെ മാത്രമാണ് ഇമ്രാന്‍ സഭയിലെത്തിയത്. ഇതിനിടെ രാത്രി ഒമ്പത് മണിക്ക് ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ അടിയന്തരമന്ത്രിസഭ ചേരുകയും സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. പിന്നാലെ സ്പീക്കര്‍ അസദ് ഖൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരിയും രാജിവച്ചു.
പാകിസ്താനെ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിച്ച വീരനായക പരിവേഷത്തോടെയാണ് ഇമ്രാന്‍ഖാന്‍ രാഷ്ട്രീയത്തില്‍ സജീവമായത്. അഴിമതിരഹിത ഭരണവും ഇസ്‌ലാമിക ക്ഷേമരാഷ്ട്രവുമായിരുന്നു അദ്ദേഹത്തിന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ)യുടെ വാഗ്ദാനം. വളരെ പെട്ടെന്ന് വന്‍ ഓളം സൃഷ്ടിച്ച പി.ടി.ഐ 2018ല്‍ 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 155 സീറ്റുമായി അധികാരത്തിലേറി. അവസാനം പ്രതിപക്ഷത്തിന്റെ യോര്‍ക്കറില്‍ ക്ലീന്‍ബൗള്‍ഡായി മടങ്ങിയതോടെ അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട് പുറത്തായ ആദ്യ പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ മാറുകയുംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."