നെരൂദയുടെ മരണം വിഷം ഉള്ളില്‍ ചെന്ന്; നിഗൂഢതയുടെ ചുരുളഴിഞ്ഞത് മരിച്ച് അര നൂറ്റാണ്ടിന് ശേഷം
സാന്തിയാഗോ: വരികളില്‍ പ്രണയവും വിപ്ലവവും നിറച്ച് അനുവാചക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ വിഖ്യാത കവി പാബ്ലോ നെരൂദയുടേത് സ്വാഭാവിക മരണമല്ലെന്ന് വെളിപെടുത്തി ഫോറന്‍സിക് വിദഗ്ധര്‍. അദ്ദേഹം മരണപ്പെട്ട് അരനൂറ്റാണ്ടിന് ശേഷമാണ് ആധുനിക ചിലിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ നിഗൂഢതകളിലൊന്നിന്റെ ചുരുളഴിയുന്നത്. അദ്ദേഹം മരിച്ചത് വിഷം ഉള്ളില്‍ച്ചെന്നാണെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍.
നൊബേല്‍ സമ്മാനജേതാവായ കവിയുടേത് സ്വാഭാവിക മരണമല്ല, കൊലപാതകമാണെന്ന് ഇതോടെ ഉറപ്പായി. നഡീവ്യൂഹത്തെ തളര്‍ത്തി മരണത്തിലേക്കു നയിക്കുന്ന ബോട്ടുലിസം എന്ന രോഗാവസ്ഥയുണ്ടാക്കുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങളില്‍ കണ്ടെത്തിയത്.
1973 സെപ്റ്റംബര്‍ 23ന് സാന്തിയാഗോയിലെ ആശുപത്രിയിലാണ് നെരൂദ മരിച്ചത്. സുഹൃത്തും ജനാധിപത്യമാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവുമായ ചിലിയന്‍ പ്രസിഡന്റ് സാല്‍വദോര്‍ അല്യെന്ദെ അമേരിക്കയുടെ പിന്തുണയോടെനടന്ന പട്ടാള അട്ടിമറിയില്‍ പുറത്തായി 12 ദിവസം കഴിഞ്ഞായിരുന്നു നെരൂദയുടെ മരണം. പ്രോസ്‌ട്രേറ്റ് അര്‍ബുദവും പോഷകാഹാരമില്ലായ്മയുമാണ് മരണകാരണമെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. മരണത്തിനു രണ്ടുദിവസംമുമ്പ് ഏതാണ്ട് 100 കിലോഗ്രാമായിരുന്നു കവിയുടെ തൂക്കമെന്നിരിക്കെയായിരുന്നു ഈ വാദം.
അദ്ദേഹത്തിന്റെ അനന്തരവന്‍ റൊഡോള്‍ഫോ റെയ്‌സുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇതു മുഖവിലയ്‌ക്കെടുത്തില്ല. ഏകാധിപതി അഗസ്റ്റോ പിനോഷെയെ എതിര്‍ത്തിരുന്ന നെരൂദയെ വധിച്ചതാണെന്ന് അവര്‍ വിശ്വസിച്ചു.
നെരൂദയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു പരിശോധിക്കാന്‍ 10 വര്‍ഷംമുമ്പ് ചിലിയന്‍ ജഡ്ജി അനുമതി നല്‍കി. ഉറങ്ങുമ്പോള്‍ വയറ്റില്‍ ആരോ കുത്തിവെച്ചെന്ന് മരണത്തിന് ഏതാനും മണിക്കൂര്‍മുമ്പ് ആശുപത്രിയില്‍നിന്ന് നെരൂദ തന്നെ ഫോണില്‍ വിളിച്ചുപറഞ്ഞെന്ന ഡ്രൈവര്‍ മാനുവല്‍ അരായയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നായിരുന്നു ഈ ഉത്തരവ്.
ഇതിന്റെ അടിസ്ഥാനത്തില്‍ നാലു രാജ്യങ്ങളിലെ ലബോറട്ടറികളിലാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചത്. ഡെന്‍മാര്‍ക്കിലെയും കാനഡയിലെയും ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ അദ്ദേഹത്തിന്റെ എല്ലുകളില്‍ കണ്ടെത്തിയതെന്ന് അഭിഭാഷകന്‍കൂടിയായ റെയ്‌സ് കഴിഞ്ഞദിവസം സ്പാനിഷ് വാര്‍ത്താ ഏജന്‍സിയായ എഫെയോടു പറഞ്ഞു. 2017ല്‍ ഇതേ വിദഗ്ധര്‍ നെരൂദയുടെ പല്ലിലും ഈ ബാക്ടീരിയ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."