പാർലമെൻ്ററി സമിതി: എം.പിമാരുടെ ലക്ഷദ്വീപ് സന്ദർശനം ആരംഭിച്ചു
സ്വന്തം ലേഖകൻ
കവരത്തി
ലക്ഷദ്വീപിലെ വിവിധ വിഷയങ്ങളിലുള്ള പ്രശ്നങ്ങൾ പഠിക്കുന്നതിനായി എം.പി മാരുടെ വിവിധ പാർലമെൻ്ററി സമിതികൾ ദ്വീപിലെത്തി. പാർലമെൻ്റിൻ്റെ മൂന്ന് സമിതികളാണ് ദ്വീപ് സന്ദർശിക്കുന്നത്. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളും അഡ്മിനിസ്ട്രേഷൻ്റെ നടപടികളും പാർലമെൻ്റിൽ ചർച്ചയായ സാഹചര്യത്തിലാണ് എം.പിമാരുടെ വിവിധ സമിതികൾ എത്തുന്നത്. രാജ്യസഭ എം.പി ടി.ജി വെങ്കിടേഷ് ചെയർമാനായ ഗതാഗതം, ടൂറിസം, കൾച്ചർ എന്നിവയുടെ പാർലമെൻ്ററി കമ്മിറ്റി ശനിയാഴ്ച അഗത്തിയിൽ എത്തി.10 എം.പി മാർ ഉൾപ്പെടെ 23 അംഗങ്ങളാണ് സംഘത്തിലുള്ളത്. അഗത്തി വിമാനത്താവളത്തിലറങ്ങിയ സമിതിക്ക് കലക്ടർ അസ്കർ അലിയുടെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം നൽകി.സംഘം ഇന്ന് മടങ്ങും. ഇതിനിടെ വിവിധ കാര്യങ്ങളിലുള്ള സബോഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റിയും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ കവരത്തിയിൽ എത്തി. ബാലേശ്വരി വല്ലഭനേനി ചെയർമാനായ സംഘത്തിൽ എം.പി മാരായ എം.കെ പ്രേമചന്ദ്രൻ ,സുരേഷ് കുമാർ പൂജാരി, ഡോ. അമർ സിംഗ് എന്നിവരാണ് ഉള്ളത്. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സംഘത്തെ വരവേറ്റു.
പട്ടിക ജാതി - പട്ടികവർഗ ക്ഷേമത്തിനായുള്ള പാർലമെൻററി സമിതി നാളെ ലക്ഷദ്വീപിലെത്തി ചേരും. സംഘം നാല് ദിവസം ദ്വീപിലുണ്ടാകും. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്ന സംഘം വിവിധ പദ്ധതികൾ പരിശോധിക്കും. പാർലമെൻററി സമിതികൾ ദ്വീപ് സന്ദർശിക്കണമെന്നും ദ്വീപിലെ വിഷയങ്ങൾ പഠിക്കണമെന്നും ലോക്സഭയിൽ കേരളത്തിലെ എം.പിമാർ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
അഗത്തി, കവരത്തി, ബംഗാരം എന്നീ ദ്വീപുകളിലായി സന്ദർശനം നടത്തുന്ന പാർലിമെന്ററി കമ്മിറ്റി അംഗങ്ങൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭരണനിർവഹണ മേഖലകളിലെ വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതികൾ വിലയിരുത്തുന്നതിനായി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും പെതുജനസമ്പർക്ക പരിപാടികളിലും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."