നിറം കെട്ടവർ
കവിത
ഇയാസ് ചൂരൽമല
കറുപ്പിനും കണ്ണിലെ
വൃത്തിഹീനതക്കും
ആരാണ് വെറുപ്പിന്റെ
കളവിന്റെ,
കൊള്ളരുതായ്മയുടെ
മുഖം നൽകിയത്?
മുഷിഞ്ഞു
നിറംമങ്ങിയ
വസ്ത്രം ധരിച്ചാൽ
മനസും നിറംകെട്ടതെന്ന്
ആരാണ് നമ്മെ
പഠിപ്പിച്ചു വിട്ടത്?
നാം കണ്ട
ചലച്ചിത്രങ്ങൾ,
വായിച്ചൊഴിഞ്ഞ
പുസ്തക കൂട്ടങ്ങൾ,
ഇവയെല്ലാം നാമറിയാതെ
നമ്മിലെ ചിന്തയെ
പിടിച്ചു കെട്ടുന്നുവോ...
കുടിയൊഴിഞ്ഞ
അയിത്തവും
തൊട്ടുതീണ്ടായ്മയതും
നാം നിനക്കാതെ
മനസിനുള്ളിൽ
വിത്തുപാകുന്നുവോ..
ആളെറെയുള്ള
ആശുപത്രി വരാന്തയിൽ
വിശ്വനാഥൻ മാത്രമെങ്ങനെ
കള്ളനാവുന്നത്
ഭയന്നോടേണ്ടി വരുന്നത്?
നിറത്തിലാണോ
വടിവൊത്ത മുഖത്തിലാണോ
വസ്ത്രധാരണത്തിലാണോ
നിങ്ങൾ കള്ളനെ കണ്ടത്
കളവു പറഞ്ഞത്?
എന്തേ, ശബ്ദമില്ലേ
നാവുകളുയിരുന്നില്ലേ
സമത്വം പറഞ്ഞ മുഷ്ട്ടികൾ
ചുരുളുന്നില്ലേ...
എട്ടു വർഷത്തെ
കാത്തിരിപ്പിൻ ചിരിയല്ലയോ
നിങ്ങൾ ഭീതി നിറച്ചു
തച്ചുടച്ചു രക്തം രുചിച്ചത്
രാത്രികളിൽ
ഇടതടവില്ലാതെ
കണ്ടുവച്ച
സ്വപ്നങ്ങളെയല്ലയോ
നിങ്ങൾ കഴുത്ത് ഞെരിച്ചു
കയറിൽ കൊരുത്തത്
ആ കുഞ്ഞിൻ
ചിത്രങ്ങൾക്കിനി
ആരു നിറംകൊടുക്കും?
പിച്ചവച്ചിടും കൈകൾ
ആരിൽ ബലം പിടിക്കും?
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."