'ആരുടേയും അനുവാദം നോക്കേണ്ടതില്ല, എപ്പോഴും സ്വാഗതം'; സുരേഷ് ഗോപിയെ ക്ഷണിച്ച് കലാമണ്ഡലം ഗോപി
തൃശൂര്‍: തൃശ്ശൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാണ്ഡലം ഗോപി.സുരേഷ് ഗോപിയും താനും വളരെക്കാലമായി സ്നേഹബന്ധം പുലര്ത്തിപ്പോരുന്നവരാണെന്നും സുരേഷ് ഗോപിക്ക് തന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം നോക്കേണ്ടതില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണു കലാമണ്ഡലം ഗോപി സമൂഹമാധ്യമത്തില്‍ നിലപാട് വ്യക്തമാക്കിയത്.
'സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാം'- കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് കലാമണ്ഡലം ഗോപി ആശാന്റെ മകന് രഘുരാജ് ആരോപിച്ചിരുന്നു. സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടര്‍ നിര്‍ബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകന് രഘുഗുരുകൃപ ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ആശാന് പത്മ വിഭൂഷണ്‍ വേണ്ടേ എന്ന് ചോദിച്ചതായും മകന് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."