HOME
DETAILS

വിടപറയുന്ന വിശുദ്ധ ദിനങ്ങൾ

  
backup
April 29 2022 | 04:04 AM

farewell-ramadan
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ആത്മാവിന് വിരുന്നേകിയ വിശുദ്ധ റമദാൻ വിടപറയുകയാണ്. റമദാൻ നൽകിയ പരിശുദ്ധിയുടെ പരിമളം നിലനിൽക്കുന്ന ഹൃദയങ്ങളിൽനിന്ന് നൊമ്പരമുയരുന്നു. ഇന്ന് പള്ളി മിമ്പറുകളിൽ ഖത്വീബുമാർ അസ്സലാമു അലൈക യാ ശഹ്‌റ റമളാൻ... എന്ന് ഗദ്ഗദം കൊള്ളുമ്പോൾ വിശ്വാസികളുടെ ഹൃദയങ്ങളിൽ വേർപാടിന്റെ വേദനകളുയരുകയാണ്.ഇനിയൊരു റമദാൻ നമുക്ക് ഉണ്ടാകുമോ എന്ന ആശങ്കയോടെയാകണം റമദാനിന്റെ ദിനരാത്രങ്ങളെ നാം യാത്രയയക്കേണ്ടത്. നിസ്‌കാരവും ഖുർആൻ പാരായണവും നോറ്റ നോമ്പും ഇഅ്തികാഫുമെല്ലാം സ്വീകര്യമായിരുന്നോ എന്ന് ആലോചന നടത്താനുള്ള സമയമാണിത്. മറക്കരുത്, കാലചക്രം കറങ്ങുകയാണ്. ദിവസങ്ങൾ കൊഴിഞ്ഞു പോകുകയാണ്. നാളെ നമുക്കുശേഷം ഈ ഭൂമിയെ അനന്തരമെടുക്കാൻ അടുത്ത തലമുറകൾ വരികയായി. ആയുസിൽ നമുക്ക് നിർണയിച്ച നിമിഷങ്ങളാണ് കൊഴിഞ്ഞുപോകുന്നത്. കാലം ഒരിക്കലും തിരിച്ചുവരില്ല എന്ന ബോധം നമ്മിലുണ്ടായേ പറ്റൂ... അല്ലാഹു നമ്മിലേക്ക് അയച്ച വിശിഷ്ഠാതിഥിയെ വേണ്ട രീതിയിൽ ആദരിക്കാൻ, സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞോ. ഈ മാസം അനുകൂലമായി സാക്ഷി പറയുന്നവരിൽ നമ്മൾ ഉൾപ്പെടുമോ? റമദാനിൽ നാം ഉത്സാഹികളായിരുന്നോ? അതോ അലസരായിരുന്നോ? അനുഗ്രഹത്തിന്റെ ദിനങ്ങളിൽ അല്ലാഹുവിന്റെ റഹ്മത് കരസ്ഥമാക്കാൻ പ്രാർഥനാനിരതരായോ? ചെയ്തുപോയ തെറ്റുകൾ റബ്ബിന്റെ മുന്നിൽ ഏറ്റുപറഞ്ഞ് പാപമോചനം നേടിയോ? അതിലൂടെ നരകവിമുക്തി കരസ്ഥമാക്കിയോ? സ്വർഗത്തിന്റെ അവകാശികളിലുൾപ്പെട്ടോ? ഈ പരിശീലനക്കളരിയിൽ ശരീരത്തെ മെരുക്കിയെടുക്കാൻ നമുക്ക് സാധിച്ചോ? പരിശുദ്ധ റമദാനിൽ നാം എന്തു നേടി? കഴിഞ്ഞ വർഷത്തേതിനെക്കാൾ എന്ത് കരുത്തും ചൈതന്യവുമാണ് കൂടുതൽ നേടിയത്? മുൻഗാമികൾ റമദാൻ വിടവാങ്ങുമ്പോൾ ഇനിയുമൊരു റമദാൻ ലഭിക്കുമോ എന്ന പേടിയിലായിരുന്നു. അതുകൊണ്ടാണവർ റമദാന് ശേഷവും റമദാനിലെ ഞങ്ങളുടെ കർമ്മങ്ങളെ സ്വീകരിക്കണമേയെന്ന് പ്രാർഥിച്ചുകൊണ്ടിരുന്നത്. റമദാൻ കഴിഞ്ഞുള്ള ആറു മാസങ്ങളിൽ കഴിഞ്ഞ റമദാനിലെ കർമങ്ങൾ സ്വീകരിക്കാൻ വേണ്ടിയവർ പ്രാർഥനയിൽ മുഴുകി. ഏതെങ്കിലും ആരാധനകൾ ചെയ്തതിൽ അഹങ്കരിച്ച് കഴിയുന്നവരല്ല സത്യവിശ്വാസികൾ.ചെയ്തതുതന്നെ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയോടെ ജീവിച്ചവരാണ്. ഒരിക്കൽ നബിയുടെ പ്രിയ പത്‌നി ആഇശ (റ) പ്രവാചകനോട് ചോദിച്ചു; 'തങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങി ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സിൽ ഭയമുള്ളതോടുകൂടി തങ്ങൾ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവർ'(സൂറ: മുഅ്മിനൂൻ- 60) എന്ന് സൂറത്തുൽ മുഅ്മിനൂനിൽ പരാമർശിക്കപ്പെട്ടവർ വ്യഭിചരിക്കുകയും മോഷ്ടിക്കുകയും മദ്യപിക്കുകയും ചെയ്ത ആളുകളായിരുന്നോ ? അപ്പോൾ നബി (സ) പറഞ്ഞു: 'ഒരിക്കലുമല്ല, സിദ്ദീഖിന്റെ പുത്രീ, അവർ നിസ്‌കരിക്കുന്നവർ തന്നെയാണ്. നോമ്പെടുക്കുകയും ദാന ധർമങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ അതൊക്കെ അല്ലാഹു സ്വീകരിക്കുമോ എന്ന ഭയത്തോടെ ജീവിക്കുന്നവരാണവർ'. റമദാനിൻ്റെ വിടപറച്ചിലിൽ ആകാശലോകം കരയുമെന്നാണ് പ്രവാചകാധ്യാപനം.ജാബിർ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം; നബിതങ്ങൾ പറഞ്ഞു: റമദാനിലെ അവസാന രാവിൽ മുഹമ്മദ് നബിയുടെ സമുദായത്തിന്റെ മുസീബത്തിൽ ആകാശങ്ങളും ഭൂമിയും മലക്കുകളും കരയും. അപ്പോൾ സ്വഹാബികൾ ചോദിച്ചു: 'എന്ത് മുസീബത്താണ് നബിയേ?' തിരുനബി(സ) പറഞ്ഞു; 'റമദാനിന്റെ വിടപറച്ചിലാണ്. കാരണം റമദാനിൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുമായിരുന്നു. സ്വദഖകൾ സ്വീകരിക്കപ്പെടുമായിരുന്നു. നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കുമായിരുന്നു. ശിക്ഷകൾ തടയപ്പെട്ടിരുന്നു. അതിനാൽ റമദാനിന്റെ വിടപറച്ചിലിനേക്കാൾ എന്ത് മുസീബത്താണുള്ളത്'. നാം നേടിയെടുത്ത പരിശുദ്ധി കാത്തുസൂക്ഷിക്കാൻ ഇനിയുള്ള ദിവസങ്ങളിൽ പ്രയത്നിക്കാനാകണം. ഫിത്വ്‌ർ സകാത്ത് അല്ലാഹു നോമ്പിൻ്റെ ശുദ്ധീകരണത്തിന് വേണ്ടി സംവിധാനിച്ചതാണ്. സ്വത്തിൻ്റെ സകാത്ത് നിർബന്ധമാക്കിയ ഘട്ടത്തിലല്ല ഫിത്വ്‌ർ സകാത്ത് നിർബന്ധമാക്കിയത്. പ്രത്യുത റമദാൻ വ്രതത്തോട് കൂടിയാണ്. നോമ്പിലെ ന്യൂനതകൾക്ക് പരിഹാരക്രിയ കൂടിയാണ് ഫിത്വ്‌ർ സകാത്ത്. നിസ്‌കാരത്തിന് സഹ്‌വിന്റെ സുജൂദ് എന്ന പോലെയാണ് റമളാനിലെ ഫിത്വ്‌ർ സകാത്ത്. സഹ്‌വിന്റെ സുജൂദ് നിസ്‌കാരത്തിന്റെ കുറവ് പരിഹരിക്കുന്ന പോലെ സകാത്തുൽ ഫിത്വ്‌ർ നോമ്പിന്റെ കുറവു പരിഹരിക്കുമെന്ന് പണ്ഡിതർ വിശദീകരിച്ചത് കാണാം (ഫത്ഹുൽ മുഈൻ). 'റമദാനിലെ നോമ്പ് അല്ലാഹുവിലേക്കെത്താതെ ആകാശഭൂമികൾക്കിടയിൽ തടഞ്ഞുനിർത്തപ്പെടുന്നു. ഫിത്വർ സകാത്ത് നൽകലിലൂടെയല്ലാതെ അത് ഉയർത്തപ്പെടുകയില്ല' എന്ന പ്രവാചകാധ്യാപനം നാം ഒാർക്കണം. നോമ്പുകാരന്റെ ശുദ്ധീകരണം സാധിക്കാനും നോമ്പിന്റെ മഹത്തായ പ്രതിഫലം ലഭിക്കാനും സകാത്തുൽ ഫിത്വ്‌ർ നൽകിയേ തീരൂ എന്ന് ചുരുക്കം. നാട്ടിലെ മുഖ്യാഹാരമായി പരിഗണിക്കുന്ന ധാന്യമാണു നൽകേണ്ടത്. പലധാന്യങ്ങൾ ഭക്ഷ്യധാന്യമായി ഉപയോഗമുണ്ടെങ്കിൽ ഏതും കൊടുക്കാം. മുന്തിയതാണുത്തമം. നാട്ടിലെ ഭക്ഷ്യധാന്യമല്ലാത്ത മുന്തിയ ഇനം ധാന്യം തന്നെ നൽകിയാലും വാങ്ങുന്നവർ ഇഷ്ടപ്പെട്ടാലെ സാധുവാകുകയുള്ളൂ. ധാന്യമായിത്തന്നെ നൽകണം. ശാഫിഈ മദ്ഹബിൽ ധാന്യത്തിനു പകരം വിലകൊടുത്താൽ മതിയാവില്ലെന്നതു ഏകകണ്ഠാഭിപ്രായമാണ് (നിഹായ 3:123, മുഗ്‌നി 1:407). ഒരാൾക്ക് ഒരുസ്വാഅ് വീതമാണ് നൽകേണ്ടത്. ഒരു അളവു പാത്രമാണിത്. നബി (സ)യുടെ കാലത്തുള്ള സ്വാഅ് ആണ് പരിഗണിക്കുക. അതിനാൽ നബിയുടെ സ്വാഇനേക്കാൾ കുറവില്ലെന്നുറപ്പുവരുന്നതു നൽകണം. 3.200 ലിറ്ററാണ് ഒരു സ്വാഅ്. തൂക്കമനുസരിച്ച് കൃത്യംപറയാൻ കഴിയില്ല. അരിയുടെ ഭാര വ്യത്യാസമനുസരിച്ച് തൂക്കത്തിൽ അന്തരം വരും. പെരുന്നാൾ നിസ്‌കാരത്തിന്റെ മുമ്പു തന്നെ വിതരണം ചെയ്യുകയാണ് നല്ലത്.പിന്തിക്കൽ കറാഹത്താണ്.പക്ഷേ ബന്ധുക്കൾ, അയൽക്കാർ, പോലുള്ളവരെ പ്രതീക്ഷിച്ച് പിന്തിക്കൽ സുന്നത്തുണ്ട്. എന്നാൽ സൂര്യാസ്തമയം വിട്ട് പിന്തിക്കരുത്. റമദാനിൽ അവശേഷിക്കുന്ന ദിനരാത്രങ്ങളെ കൂടുതൽ ആത്മാർഥതയോടെ സമീപിക്കണം. ഇനി ഒരു റമദാനിൽ നാമുണ്ടായേക്കില്ല എന്ന ഭയത്തോടെയാകണം സമീപനങ്ങൾ.
Farewell Ramadan


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago