കേരളം വര്‍ഗീയതയ്ക്ക് തകര്‍ക്കാന്‍ സാധിക്കാത്ത സാഹോദര്യത്തിന്റെ കോട്ട; അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ പണം സമാഹരിച്ചതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ നല്‍കേണ്ട 34 കോടി രൂപ സമാഹരിച്ചതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതാണ് യഥാര്‍ഥ കേരള സ്റ്റോറി എന്നു പറഞ്ഞാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. വെറുപ്പിന്റെ പ്രചാരകര്‍ നാടിനെതിരെ നുണക്കഥകള്‍ ചമയ്ക്കുമ്പോള്‍ മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഗാഥകളിലൂടെ പ്രതിരോധം ഉയര്‍ത്തുകയാണ് മലയാളികളെന്ന് മുഖ്യമന്ത്രി പറഞ്ഞു.15 വയസുള്ള സൗദി പൗരന്‍ അനസ് അല്‍ശഹ്രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുല്‍ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം.
മുഖ്യമന്ത്രിയുടെ കുറിപ്പ്:
വെറുപ്പിന്റെ പ്രചാരകര്‍ നാടിനെതിരെ നുണക്കഥകള്‍ ചമയ്ക്കുമ്പോള്‍ മാനവികതയുടേയും മനുഷ്യസ്‌നേഹത്തിന്റെയും ഗാഥകളിലൂടെ പ്രതിരോധം ഉയര്‍ത്തുകയാണ് മലയാളികള്‍. സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികള്‍ കൈകോര്‍ത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവന്‍ കാക്കാന്‍, ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ഒറ്റക്കെട്ടായി അവര്‍ സൃഷ്ടിച്ചത് മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാര്‍ഥ കേരള സ്റ്റോറി.
വര്‍ഗീയതയ്ക്ക് തകര്‍ക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നില്‍ കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികള്‍ ഈ ഉദ്യമത്തിനു പിന്നില്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതല്‍ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."