HOME
DETAILS
MAL
കൊവിഡ്: മൃതദേഹങ്ങളോട് അനാദരവ് പാടില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
backup
May 15 2021 | 03:05 AM
ന്യൂഡല്‍ഹി: മരിച്ചവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്രത്തോട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയ്ക്ക് മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചു.
കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ അനാദരവോടെ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മരിച്ചവരുടെ അന്തസിന് ക്ഷതമേല്‍പ്പിക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്നത് ഒഴിവാക്കണമെന്നുള്ള നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല മരിച്ചവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതും മൃതദേഹങ്ങള്‍ക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ തടയേണ്ടതു സര്‍ക്കാറിന്റെ കടമയാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക ശ്മശാനങ്ങള്‍ നിര്‍മിക്കണം. വലിയതോതില്‍ ചിത കത്തുന്നതിലൂടെ ഉയരുന്ന പുക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാതിരിക്കാനായി വൈദ്യുത ശ്മശാനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.
മൃതദേഹങ്ങളുടെ അന്തസ് ഉയര്‍ത്തിപ്പിക്കുന്നത് ഉറപ്പാക്കുന്നതിനായി മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ശ്മശാനങ്ങളിലെ ജീവനക്കാരെ ബോധവത്കരിക്കണം.
കുടുംബാംഗങ്ങളും കൊവിഡ് ബാധിതരായതിനാല്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസൃതമായി അന്ത്യകര്‍മങ്ങള്‍ നടത്താനുള്ള നടപടികള്‍ പ്രാദേശിക ഭരണകൂടം സ്വീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."