തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്ന് സീറോ മലബാര്‍ സഭ
കാക്കനാട്: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ജോ ജോസഫിനെ നിശ്ചയിച്ചതില്‍ ഇടപെട്ടിട്ടില്ലെന്ന് സീറോമലബാര്‍ സഭ. സീറോമലബാര്‍ മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടുവെന്നും ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ബോധപൂര്‍വം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കുന്നുവെന്നും കുറിപ്പില്‍ പറഞ്ഞു.
മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസൃതമായാണെന്നും ഈ പ്രക്രിയയില്‍ സഭാനേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളുവെന്നും ചൂണ്ടിക്കാട്ടി.
വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള വോട്ടര്‍മാര്‍ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയില്‍ സമിപിക്കുമെന്നുറപ്പാണെന്നും കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."