അഞ്ച് ദിവസം1,132 പരിശോധനകൾ; 110 കടകൾ അടപ്പിച്ചു
തിരുവനന്തപുരം
ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി നടത്തിയ 1,132 പരിശോധനകളിൽ 110 കടകൾ പൂട്ടിച്ചു. ഇതിൽ 61 കടകൾ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്തതും വൃത്തിഹീനമായ 49 കടകളും ഉൾപ്പെടുന്നു.
347 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാംപിളുകൾ പരിശോധനയ്ക്കയച്ചു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനം.
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാംപയിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താൻ ഓപറേഷൻ മത്സ്യ, ശർക്കരയിലെ മായം കണ്ടെത്താൻ ഓപറേഷൻ ജാഗറി ആവിഷ്കരിച്ച് പരിശോധനകൾ ശക്തമാക്കി.
വെളിച്ചെണ്ണ, കറി പൗഡറുകൾ, പാൽ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കും.
സംസ്ഥാനത്ത് ചെക്പോസ്റ്റുകൾ, കടകൾ, മാർക്കറ്റുകൾ, ഭക്ഷ്യ നിർമാണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മിന്നൽപരിശോധനകൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."