ഗാട്ടുകാരന്‍
യാസര്‍ അറഫാത്ത്
പൊന്നരിവാളമ്പിളിയില്‍ എന്ന ഗാനമാണ് സുകുമാരേട്ടന്‍ സ്ഥിരമായി പാടാറുള്ളത്. കല്യാണവീടുകളില്‍, പാര്‍ട്ടി സമ്മേളനങ്ങളില്‍, ക്ലബുകളുടെ വാര്‍ഷികാഘോഷങ്ങളില്‍, നാടന്‍ ഗാനമേളകളില്‍... ഈ പാട്ടുതന്നെ അയാള്‍ എല്ലായിടത്തും ആലപിച്ചു. മറ്റു പാട്ടുകള്‍ വശമില്ലാഞ്ഞിട്ടല്ല. ഈ പാട്ടു പാടുമ്പോഴാണ് തന്റെ ഹൃദയമൊന്നാകെ ഉരുകിയൊലിക്കുന്നതെന്ന് അയാള്‍ വിശ്വസിച്ചിരുന്നു. പാട്ട് കേള്‍ക്കുന്നവരുടെയും വിശ്വാസം അതുതന്നെയായിരുന്നു. പൊന്നരി സുകുമാരന്‍ എന്ന ചെല്ലപ്പേര് അയാള്‍ക്ക് കിട്ടിയതും അങ്ങനെയാണ്.
പല വേളകളിലായി ഞാന്‍ സുകുമാരേട്ടന്റെ പാട്ട് കേട്ടിട്ടുണ്ട്. അത്രയേറെ അതില്‍ മുഴുകി ഇരുന്നിട്ടുമുണ്ട്. എന്നാല്‍ ആ ഗാനം തീരാറാവുമ്പോഴേക്കും ഒരു സംശയം എന്നെ വന്നു പൊതിയാറുണ്ട്. 'പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരനല്ലോ' എന്ന വരിയാണ് എനിക്ക് മനസിലാകാത്തത്. ഗാട്ടുകാരന്‍ എന്നു തന്നെയല്ലേ അയാള്‍ പാടുന്നത്? ഒരിക്കല്‍ ആകാശവാണിയില്‍ നിന്ന് ഈ പാട്ടുയര്‍ന്നപ്പോള്‍ ഞാന്‍ ആ വരികള്‍ ശ്രദ്ധിക്കുകയുണ്ടായി. ഗാട്ടുകാരന്‍, സുകുമാരേട്ടന്‍ പാടിയതുപോലെത്തന്നെയാണ് അത്. അങ്ങനെയാണെങ്കില്‍ ഗാട്ടുകാരന്‍ എന്ന വാക്കിന്റെ അര്‍ഥം എന്തായിരിക്കും?
മലയാളം നിഘണ്ടു എന്റെ കൈവശമുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് വിവരമുള്ളവരോട് ചോദിച്ചു മനസിലാക്കണം. കുറേനാള്‍ അതുതന്നെ തലയില്‍വച്ചു നടന്നെങ്കിലും തിരക്കിനിടയില്‍ പെട്ട് ഞാന്‍ പതിയെ മറന്നുപോവുകയായിരുന്നു. പിന്നീട് ഏറെ നാളുകള്‍ കഴിഞ്ഞ് സുകുമാരേട്ടന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ ആ വാക്ക് എന്റെ മുന്നിലേക്ക് ഉടലുംകുലുക്കി വന്നു. അതിന്റെ സാരമറിയണമെന്ന വിചാരം കലശലായി. എനിക്ക് ഉറക്കം നഷ്ടപ്പെട്ടു.
നാട്ടിലെ മലയാളം വിദ്വാന്‍മാരെക്കുറിച്ച് ഞാന്‍ ആലോചിച്ചു. നാലുപേരാണ് നാട്ടില്‍ വാധ്യാന്മാരായി ഉണ്ടായിരുന്നത്. ഒരാള്‍ മാത്രമാണ് അതില്‍ മലയാളം പഠിപ്പിക്കുന്നത്. ചന്തുപ്പാപ്പന്‍. മൂപ്പര്‍ക്കാണെങ്കില്‍ തിരക്കൊഴിഞ്ഞൊരു നേരവുമില്ല. നാട്ടിലെ സകലമാന സാംസ്‌കാരിക പരിപാടികള്‍ക്കും ചെന്നു തലയിടും. കവിയരങ്ങ്, ഭരണകൂടത്തിനെതിരെയുള്ള ജാഥകള്‍, കൃഷിയിറക്കല്‍, പശുവിനെ കുളിപ്പിക്കല്‍, കബഡി കളിക്കല്‍... അതിനിടയില്‍ എപ്പോഴാണ് സ്വസ്ഥമായി മൂപ്പരെ കിട്ടുകയെന്ന് പറയാനാവില്ല.
അവിചാരിതമായി മഴ പെയ്‌തൊരു സായാഹ്നത്തില്‍ ചന്തുപ്പാപ്പന്‍ എന്റെ കണ്ണില്‍ പെടുകതന്നെ ചെയ്തു. ഇലകള്‍ കൊഴിഞ്ഞ് മരങ്ങളെല്ലാം നഗ്‌നരായി നില്‍ക്കുന്ന വേളയായിരുന്നു അത്. മഴ തൊട്ടതോടെ ചുറ്റും മണ്ണിന്റെ മദിപ്പിക്കുന്ന മണമായി. അപ്രതീക്ഷിത മഴയായതിനാല്‍ ഞാന്‍ കുട കരുതിയിരുന്നില്ല. കയറിനില്‍ക്കാന്‍ അടുത്തെവിടെയും ഒരിടമില്ല. ഞാന്‍ വേഗം ഓടി. കുറച്ചപ്പുറം ഒരു വായനശാല ഉണ്ട്. നാട്ടിലെ ഏക വായനശാല. അതു ലക്ഷ്യമാക്കി കുതിച്ചു.
വായനശാലയുടെ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരുന്നു. മരത്തിന്റെ ബെഞ്ചുകളും നീളന്‍ മേശയും. മേശയ്ക്കു മുകളില്‍ അലസമായി വിടര്‍ത്തിയിട്ട പത്രക്കടലാസുകള്‍. മേശമേല്‍ കൈമുട്ടുകളൂന്നി ഏതോ കിനാവിലെന്നവണ്ണം ഒരാള്‍ ഇരിക്കുന്നു. എനിക്ക് അദ്ഭുതവും സന്തോഷവും ഒരുമിച്ചു വന്നു. ഞാന്‍ കാണാന്‍ വിചാരിച്ച ആള്‍ തന്നെ. ഉടുമുണ്ടിന്റെ അറ്റംകൊണ്ട് തലയിലെ മഴത്തുള്ളികള്‍ തുടച്ച് ഞാന്‍ അയാള്‍ക്കരികിലേക്ക് ചെന്നു.
'ഇപ്പോ സ്‌കൂളൊക്കെ അവധിയായിരിക്കും അല്ലേ മാഷേ'- എന്റെ ചോദ്യം കേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചു.
'ആ... നീയോ. എന്തേ ഇവിടെ ഈ നേരം. മഴ പെയ്തപ്പൊ കേറിയതാവും അല്ലേ?'
'ശരിയാണ് മാഷേ'
അതു കേട്ടപ്പോള്‍ ചന്തുപ്പാപ്പന്‍ എന്നെ അമര്‍ത്തി നോക്കി. 'എടോ, അമ്പലത്തിലും പള്ളിയിലുമൊക്കെ പോണപോലെ വരേണ്ട ഒരിടമാണ് ഇത്... എന്താ ഇടയ്‌ക്കൊക്കെ ഇവിടെ കയറിയാല്...'
'പണ്ടത്തെപ്പോലെ സമയം ഇല്യാലോ. ജീവിതായി തിരക്കായി'- ഞാന്‍ വിനയം നടിച്ചു.
'ഏത് തിരക്കിനിടയിലും ഇവിടെയൊന്നു കയറിയിറങ്ങണം. ടോള്‍സ്‌റ്റോയിയെ വായിക്കണം. ദസ്തയേവ്‌സ്‌കിയെ വായിക്കണം. നെരൂദയെ വായിക്കണം. ബഷീറിനെ വായിക്കണം. വിജയനെ വായിക്കണം. എന്തിനാണ് ഇതൊക്കെ വായിക്കുന്നത് എന്നാവും..ല്ലേ?'
ഞാന്‍ ഒന്നും മിണ്ടിയില്ല. മാഷ് തുടര്‍ന്നു.
'പുസ്തകം വായിക്കുകാന്നു വച്ചാല് മനുഷ്യന്റെയും പ്രകൃതിയുടെയും ആത്മാവിനെത്തന്നെ വായിക്കുക എന്നാണര്‍ഥം.'
ഞാന്‍ വെറുതെ തല കുലുക്കിയതേ ഉള്ളൂ. എന്റെ സംശയം ചോദിക്കാനുള്ള അവസരം ഇതു തന്നെയാണെന്ന് ഞാനുറപ്പിച്ചു.
'അല്ല മാഷേ, മ്പളെ സുകുമാരേട്ടന്‍ പാട്ണ പാട്ടില്ലേ. അതിന്റെ അവസാനത്തില് ഒരു ഗാട്ടുകാരന്‍ എന്നൊരു വാക്കു കാണാല്ലോ. എന്താപ്പൊ അതിന്റെയൊരര്‍ഥം. എത്ര ആലോചിച്ചിട്ടും പിടികിട്ട്ണ്‌ല്യ.'
ചന്തുമാഷ് എന്നെ തറപ്പിച്ചു നോക്കി. എനിക്ക് അപ്പോള്‍ ചെറുതായൊരു വൈക്ലബ്യം തോന്നി. ചോദിച്ചത് അബദ്ധമായോ?
'കവികള്‍ എന്നു വച്ചാല്‍... അവര്‍ ഭൂതകാലത്തെ അടര്‍ത്തിയെടുത്ത് പരിശോധിക്കും. ജീവിക്കുന്ന കാലത്തെ വസന്തമാക്കും. വരാനിരിക്കുന്ന കാലത്തെ ഭാവനയിലൂടെ കണ്ടെത്തും.'- കൃത്രിമമായൊരു ഗൗരവം മുഖത്ത് വരുത്തി മാഷ് പറഞ്ഞു. ഒന്നും മിണ്ടാതെ ഞാനയാളുടെ മുഖത്തേക്കു തന്നെ ഉറ്റുനോക്കി.
'സിദ്ധിയുള്ള ആളാണ് കവി. അന്നത്തെക്കാലത്ത് ഇത്തരമൊരു കരാറിനെപ്പറ്റിയൊക്കെ ഭാവന ചെയ്യുകാ എന്നു വച്ചാല്‍...'
'പത്രത്തിലൊക്കെ ണ്ടായിരുന്ന കരാറിനെപ്പറ്റിയാണോ?' ഞാന്‍ അല്‍പം കൂടെ ഔല്‍സുക്യത്തോടെ ചന്തുമാഷുടെ അരികിലേക്ക് നീങ്ങിയിരുന്നു.
'എടോ, ഗാട്ട് കരാറൊക്കെ ലോകത്തിന്റെ ഗതിയെ നിര്‍ണയിക്കുന്ന ഒന്നാണ്. അത് നേരത്തേ കണ്ടെത്തിയെന്നതാണ് കവിയുടെ മിടുക്ക്.'
'അതേ മാഷേ കവികള്‍ മിടുക്കരാണ്.'- ഞാന്‍ തലകുലുക്കി സമ്മതിച്ചു. ചന്തുപ്പാപ്പന്‍ മാഷിന് എന്നെ ശരിക്കും ബോധിച്ചതായി തോന്നി.
'ഗാട്ട് കരാര്‍ എന്ന് നേരിട്ടങ്ങ് പ്രയോഗിച്ചാല്‍ എന്തായി? അതിലെ കാവ്യാംശം അങ്ങു ചോര്‍ന്നുപോകും. അതുകൊണ്ടാണ് പദത്തെ ലോപിപ്പിച്ച് ഗാട്ടുകാരന്‍ എന്നാക്കിയത്.'- മാഷ് അറിവിന്റെ അക്ഷയ ഖനി തുറന്നു.
അപ്പോഴും ആ വരികളിലെ പൊരുത്തമില്ലായ്മയെക്കുറിച്ച് എനിക്കെന്തോ കിരുകിരുപ്പ് തോന്നി. പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകരാറുകാരന്‍? അങ്ങനെയൊരു അര്‍ഥം വരുമോ? ചിലപ്പോള്‍ ഉണ്ടാകുമായിരിക്കും. ഭാഷയുടെ മര്‍മം കണ്ടവരാണല്ലോ വാധ്യാന്മാര്‍. വിവരക്കേടുകള്‍ ചോദിച്ച് അയാള്‍ക്കു മുന്നില്‍ ഇനിയും ചെറുതാകേണ്ടെന്ന് എനിക്ക് തോന്നി. ആവശ്യമുള്ള വാക്കിന്റെ അര്‍ഥം കിട്ടിയല്ലോ. ആവശ്യത്തിനപ്പുറം ചിന്തിക്കരുത് എന്നല്ലേ പ്രമാണം.
'പിന്നെ പറഞ്ഞതോര്‍മയുണ്ടല്ലോ. ക്ലാസിക് പുസ്തകങ്ങള്‍ ധാരാളം വായിക്കണം. മുടങ്ങാതെ വായിക്കണം. അതൊരു ശീലം തന്നെയാക്കണം. ഇത്തരത്തിലുള്ള സംശയങ്ങള്‍ വരാതിരിക്കാന്‍ അതേ വഴിയുള്ളൂ.'
മനസ്സില്‍ നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞുപോയതുപോലെ എനിക്ക് തോന്നി. അതിന്റെ സന്തോഷത്തില്‍ ഞാന്‍ ഉറക്കെ പാടാന്‍ ശ്രമിച്ചു.
'പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരനല്ലോ...
ഗാട്ടുകാരനല്ലോ...'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."