HOME
DETAILS
MAL
നിയമപഠനത്തിന് രാജ്യത്ത് വിവിധ സ്ഥാപനങ്ങള്‍
backup
May 17 2021 | 17:05 PM
ആളുകളോട് ഇടപഴകാനും നന്നായി എഴുതാനും വാക്ചാതുരിയോടെ സംസാരിക്കാ നും കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാനും കഴിവുള്ളവര്‍ക്ക് നിയമ പഠനം കഴിഞ്ഞാല്‍ വലിയ സാധ്യതയാണുള്ളത്. ഈ മേഖലയില്‍ രണ്ടുവിഭാഗത്തിലുള്ള കോഴ്‌സുകളാണ് പ്രധാനമായും ഉള്ളത്.
ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സും പഞ്ചവത്സര എല്‍.എല്‍.ബി. അഥവാ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. കോഴ്‌സും.ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ആര്‍ക്കും ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സി നു ചേരാം. പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്‌സിനു ചേരാന്‍ പ്ലസ്ടുവാണ് യോഗ്യത. രാജ്യത്തെ മിക്ക സര്‍വകലാശാലകളുടെയും കീഴില്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി കോഴ്‌സ് നടക്കുന്നുണ്ട്.
കേരളത്തില്‍ ത്രിവത്സര എല്‍.എല്‍.ബിയും പഞ്ചവത്സര എല്‍.എല്‍.ബിയും അതുകഴിഞ്ഞാല്‍ എല്‍.എല്‍.എം എന്ന മാസ്റ്റര്‍ ബിരുദവുമാണ് പ്രധാന കോഴ്‌സുകള്‍. എല്‍.എല്‍.എം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് യു.ജി.സി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് എഴുതാം. അതുവിജയിച്ചാല്‍ നിയമം പഠിപ്പിക്കുന്ന അധ്യാപകരായി ജോലി ചെയ്യാം.
നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ
ആദ്യത്തെ നാഷണല്‍ ലോ സ്‌കൂള്‍ യൂണിവേഴ്‌സിറ്റിയായ ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യ അടക്കം 15 സര്‍വകലാശാലകളാണുള്ളത്. ഭോപ്പാല്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ജോധ്പുര്‍, ഗാന്ധിനഗര്‍, ലഖ്‌നൗ, പട്യാല, റായ്പുര്‍, കട്ടക്ക്, കൊച്ചി, പട്‌ന, വിശാഖപട്ടണം, ശ്രീരംഗം, റാഞ്ചി, ഗുവാഹാട്ടി എന്നിവിടങ്ങളിലാണിവ. കൊച്ചി കളമശേരിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസാണ് (നുവാല്‍സ്) കേരളത്തിലെ നാഷണല്‍ ലോ സ്‌കൂള്‍.
പ്രവേശനം
കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) എന്ന പേരില്‍ അറിയപ്പെടുന്ന പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ലോ സ്‌കൂള്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നടക്കുന്നത്. 50 ശതമാനം മാര്‍ക്കോടെ (എസ്.സി/ എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 45 ശതമാനം) പ്ലസ്ടു പാസായവര്‍ക്കും പ്ലസ്ടു അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം.കൂടുതല്‍ വിവരങ്ങള്‍ക്ക് consortiumofnlus.ac.in എന്ന വെബ്‌സൈറ്റ് കാണുക.
നാഷണല്‍ ലോ യൂനിവേഴ്‌സിറ്റി
ഡല്‍ഹിയിലാണ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി. ഓള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (എ.ഐ.എല്‍.ഇ.ടി.) എഴുതി യോഗ്യത തെളിയിച്ചാല്‍ ഇവിടെ പ്രവേശനം ലഭിക്കും. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതാം. കൊച്ചി പരീക്ഷാകേന്ദ്രമാണ്. സ്‌കൂള്‍ ഓഫ് അഡ്മിഷന്‍ കൗണ്‍സില്‍ ആണ് പരീക്ഷ നടത്തുന്നത്. 80 സീറ്റുകള്‍ ഇവിടെയുണ്ട്. അഞ്ചുവര്‍ഷത്തെ എല്‍.എല്‍.ബി. ഹോണേഴ്‌സ് കോഴ്‌സിന് പുറമേ എല്‍.എല്‍.എം, പിഎച്ച്.ഡി. കോഴ്‌സുകളും നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ട്.
പുനെയിലെ സിംബിയോസിസ് ലോ സ്‌കൂള്‍, ഡല്‍ഹിയിലെ അമിറ്റി ലോ സ്‌കൂള്‍, നാഷണല്‍ ലോ സ്‌കൂള്‍ ബംഗളൂരു, ഗവണ്‍മെന്റ് ലോ കോളജ് മുംബൈ, ഡോ. ബി.ആര്‍. അംബേദ്കര്‍ ലോ കോളജ് വിശാഖപട്ടണം, തുടങ്ങിയ സ്ഥാപനങ്ങളിലും നിയമപഠനത്തിന് അവസരങ്ങളുണ്ട്.
നുവാല്‍സ്
ഇവിടെ പ്രധാനമായും ബിരുദതലത്തില്‍ ബി.എ.എല്‍.എല്‍.ബി. (ഹോണേഴ്‌സ്) കോഴ്‌സാണുള്ളത്. ബിരുദതല പ്രോഗ്രാമിലേക്കുള്ള അടിസ്ഥാന യോഗ്യത 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ്. അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ്. സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്കില്‍ ഇളവുണ്ട്. പ്ലസ്ടു ഏത് വിഷയം പഠിച്ചവര്‍ക്കും അപേക്ഷിക്കാം.ഒരുവര്‍ഷത്തെ എല്‍.എല്‍.എം. ബിരുദാനന്തര ബിരുദ കോഴ്‌സാണ് മറ്റൊന്ന്. റഗുലര്‍ കോഴ്‌സാണ് ഇത്. ഇന്റര്‍നാഷണല്‍ ട്രേഡ് ലോ, കോണ്‍സ്റ്റിറ്റിയൂഷണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ലോ എന്നീ രണ്ട് വിഭാഗങ്ങളില്‍ കോഴ്‌സുകളുണ്ട്. അപേക്ഷിക്കാന്‍ എല്‍.എല്‍.ബി. ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
പി.ജി. ഡിപ്ലോമാ കോഴ്‌സുകളും നുവാല്‍സിലുണ്ട്. ഒരുവര്‍ഷത്തെ കോഴ്‌സുകളാണ് ഇവ. പി.ജി ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സ്, പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ലോ എന്നിവയാണ് കോഴ്‌സുകള്‍, അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍നിന്നുള്ള ഏതു ബിരുദം നേടിയ ആളുകള്‍ക്കും ഈ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം.
മെഡിസിന്‍, ഡെന്റിസ്ട്രി, നഴ്‌സിങ്, ഫാര്‍മസി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ബാച്ചിലേഴ്‌സ് ഡിഗ്രി ഇന്‍ ലോ എന്നീ യോഗ്യതയുള്ളവര്‍ക്ക് മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സില്‍ മുന്‍ഗണനയുണ്ട്. നിയമപഠനം ആഗ്രഹിക്കുന്നവര്‍ക്കായി വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇവിടെ നടക്കുന്നു.ഇവകൂടാതെ ഗവേഷണത്തിനുള്ള സാധ്യതകളും ഇവിടെയുണ്ട്. ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാസ്റ്റര്‍ ഡിഗ്രിയും ഡാറ്റ് (Departmental Adm-i-ssion Tets DAT) അല്ലെങ്കില്‍ യു.ആര്‍.എഫ്. (University Research Fellowship URF) യോഗ്യത ഉള്ളവര്‍ക്കാണ് അവസരം. വിവരങ്ങള്‍ക്ക് www.nuals.ac.in എന്ന വെബ്‌സൈറ്റ് കാണുക.
കേരളത്തില്‍
മൂന്ന് സര്‍വകലാശാലകളുടെ കീഴിലായി നാല് സര്‍ക്കാര്‍ ലോ കോളജുകളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണിവ. ത്രിവത്സര, പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്‌സുകള്‍ക്ക് ഇവിടെ ചേരാം.
ത്രിവത്സര കോഴ്‌സിന് ഓരോ കോളജിലും 100 സീറ്റുകള്‍ വീതമായി ആകെ 400 സീറ്റുകളുണ്ട്. കേരള എന്‍ട്രന്‍സ് കമ്മിഷണര്‍ നടത്തുന്ന പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, എം.ജി. യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് എന്നിവയാണ് സര്‍വകലാശാലകള്‍ നേരിട്ടുനടത്തുന്ന നിയമപഠന കേന്ദ്രങ്ങള്‍.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ സ്വകാര്യ മേഖലയിലും സ്ഥാപനങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."