കൊവിഡ് മരണം: സംസ്‌കരിക്കുന്നതിന് പുതിയ മാര്‍ഗരേഖ; ബന്ധുക്കളുടെ വിശ്വാസത്തിനും ആചാരങ്ങള്‍ക്കും അനുസരിച്ചായിരിക്കണം
തിരുവനന്തപുരം: കൊവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസത്തിനും ആചാരങ്ങള്‍ക്കും അനുസരിച്ചായിരിക്കണം സംസ്‌കാരമെന്ന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗരേഖ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കൊവിഡ് ബാധിതരുടെ മൃതദേഹം ബന്ധുക്കളെ കാണിക്കണമെന്നും ആവശ്യമായ മത ചടങ്ങുകള്‍ നടത്തണമെന്നും നേരത്തേ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നിര്‍ദേശങ്ങളുള്‍പ്പെടുത്തി മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.
കൊവിഡ് ബാധിച്ച് വീട്ടില്‍ മരിച്ചാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവര്‍ത്തകരെയും അറിയിക്കണം. ആശുപത്രിയില്‍ മരിച്ചാല്‍ അവിടെ നല്‍കിയ മേല്‍വിലാസം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് മൃതദേഹം കൈമാറുക. ബന്ധുക്കള്‍ ആ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കിയാല്‍ സംസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തേക്കു കൊണ്ടുപോകാം. സെക്രട്ടറി നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ക്കും മൃതദേഹം വിട്ടുകൊടുക്കും. സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങളൊരുക്കാന്‍ തദ്ദേശസ്ഥാപന അധികൃതര്‍ സഹായിക്കും. ആശുപത്രി വാര്‍ഡില്‍നിന്ന് മൃതദേഹം മാറ്റും മുന്‍പ് ബന്ധുക്കള്‍ക്ക് സുരക്ഷാ മുന്‍കരുതലുകളോടെ കാണാം. കൊവിഡ് സ്ഥിരീകരിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ സാംപിള്‍ ശേഖരിക്കും. പരിശോധനാഫലത്തിന് കാക്കാതെതന്നെ മൃതദേഹം വിട്ടുനല്‍കും. കൊവിഡ് സംശയിക്കുന്ന ആളായാല്‍ പോലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാകും മൃതദേഹം സംസ്‌കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാവസ്ത്രങ്ങളണിഞ്ഞ മൂന്നോ നാലോ ബന്ധുക്കളെയോ വളണ്ടിയര്‍മാരെയോ മാത്രമാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബാഗില്‍ സ്പര്‍ശിക്കാനും ശ്മശാനത്തിലേക്കും മറ്റും കൊണ്ടുപോകാനും അനുവദിക്കുക. സംസ്‌കാരച്ചടങ്ങുകളില്‍ 20 പേര്‍ക്കാണ് അനുമതി. കുട്ടികളും 65നുമേല്‍ പ്രായമായവരും ശ്വാസകോശരോഗങ്ങളുള്ളവരും പങ്കെടുക്കുന്നത് പരമാവധി ഒഴിവാക്കണം. വിശുദ്ധഗ്രന്ഥ പാരായണം, തീര്‍ഥം തളിക്കല്‍ തുടങ്ങി മൃതദേഹത്തില്‍ സ്പര്‍ശിക്കാതെയുള്ള മതചടങ്ങുകള്‍ അനുവദിക്കും. ജില്ലവിട്ട് കൊണ്ടുപോകേണ്ടതുണ്ടെങ്കില്‍ ആശുപത്രിയില്‍നിന്ന് മരണസര്‍ട്ടിഫിക്കറ്റ്, ലഭ്യമായ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കണം. മൃതദേഹം സംസ്‌കരിക്കാനുള്ള കുഴിക്ക് കുറഞ്ഞത് ആറടി താഴ്ചവേണം. ചിതാഭസ്മം ശേഖരിക്കാന്‍ തടസമില്ല. ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍ എത്താനാവാത്ത സാഹചര്യമുണ്ടെങ്കില്‍ പൊലിസും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് മൃതദേഹം സംസ്‌കരിക്കും. കൊവിഡ് രോഗിയുടെ പോസ്റ്റ്‌മോര്‍ട്ടം അത്യാവശ്യമുണ്ടെങ്കില്‍ മാത്രമാണ് നടത്തുക. മൃതദേഹം എംബാം ചെയ്യാന്‍ അനുമതിയില്ല. വ്യക്തിയോടു കാണിക്കുന്ന എല്ലാ ബഹുമാനവും മൃതദേഹത്തോടും പുലര്‍ത്തണമെന്നും കൂടെ ബന്ധുക്കളുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് ഉറപ്പാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. അതേ സമയം, ഇസ്‌ലാം മത വിശ്വാസവുമായ ബന്ധപ്പെട്ട നിര്‍ബന്ധ കര്‍മമായ മൃതദേഹം കുളിപ്പിക്കുന്നതിന് അനുമതിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."