കൂടുതല്‍ ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് സാന്നിധ്യം സംസ്ഥാനത്ത് ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി കൂടുതല്‍ ബ്ലാക്ക് ഫംഗസ് (മ്യൂകര്‍മൈക്കോസിസ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോഴിക്കോട്, മലപ്പുറം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ കൊവിഡ് ബാധിതരും കൊവിഡാനന്തര ചികിത്സയില്‍ കഴിയുന്നവരും ഉള്‍പ്പെടും.
കുറഞ്ഞ രോഗപ്രതിരോധ ശേഷി, ഉയര്‍ന്ന പ്രമേഹം തുടങ്ങിയവയുള്ളവരില്‍ ബ്ലാക്ക് ഫംഗസ് ഗുരുതരമായേക്കുമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വിവിധ ജില്ലകളിലായി 15 ബ്ലാക്ക് ഫംഗസ് കേസുകള്‍ സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഒഡിഷ, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ണാടകയിലും വ്യാപകമായി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നവരിലുമാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതു പുതിയ രോഗമല്ല. നേരത്തെയും ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിലാണ് ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.
മ്യൂകോമിസൈറ്റുകള്‍ എന്ന പൂപ്പലുകള്‍ അന്തരീക്ഷത്തില്‍നിന്ന് മൂക്കിലൂടെ സൈനസുകള്‍ വഴി കണ്ണില്‍ പ്രവേശിച്ച് തലച്ചോറിലും ശ്വാസകോശത്തിലുമെത്തുന്നതാണ് ബ്ലാക്ക് ഫംഗസ് രോഗം.
ഇത് കാഴ്ച നഷ്ടത്തിനും പക്ഷാഘാതത്തിനും വരെ കാരണമായേക്കാം. മിക്ക കേസുകളും ചികിത്സയിലൂടെ മാറാറുണ്ട്. എന്നാല്‍ രോഗം ഗുരുതരമാകുന്ന ചില കേസുകളില്‍ രോഗം ബാധിച്ച ശരീരഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവരും. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗം അനിയന്ത്രിത നിലയിലുള്ളവര്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റം നടത്തിയവര്‍, ഐ.സി.യുവില്‍ ദീര്‍ഘനാള്‍ കഴിഞ്ഞവര്‍ എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."