സദ്ഗുണങ്ങൾ സമാഹരിക്കാം
ശാരീരിക ദുരാഗ്രഹങ്ങൾക്കെതിരേ പടപൊരുതുകയും പൈശാചിക ദുർബോധനങ്ങളിൽനിന്ന് മുക്തി നേടലുമാണ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിജയം. ഹൃദയങ്ങൾ ഇലാഹീ പ്രീതിയിലും നാവുകൾ ഇലാഹീ സ്മരണകളിലുമായാൽ പൈശാചിക ദുർബോധനങ്ങളൊന്നും ജീവിതത്തിൽ സ്വാധീനം ചെലുത്തുകയില്ല. ഒരിക്കൽ ലുഖ്മാനുൽ ഹക്കീം(റ)വിനോട് അദ്ദേഹത്തിന്റെ യജമാനൻ ഏറ്റവും നല്ല അവയവം കൊണ്ടുവരാൻ കൽപ്പിച്ചു. അപ്പോൾ അദ്ദേഹം ഒരു ആടിനെ അറുത്തുകൊണ്ട് അതിന്റെ ഹൃദയവും നാവും എടുത്തുകൊണ്ടുവന്നു. പിന്നീട് ഏറ്റവും മോശപ്പെട്ട അവയവം കൊണ്ടുവരാൻ കൽപ്പിച്ചു. അപ്പോഴും ഹൃദയവും നാവുംതന്നെ കൊണ്ടുവന്നു. ഒരേസമയം വിജയപാതയിലേക്കും പരാജയത്തിന്റെ പടുകുഴിയിലേക്കും തള്ളിവിടാൻ സാധിക്കുന്ന അവയവമാണ് ഹൃദയവും നാവും. ഇതിനെ രണ്ടിനേയും ഒരാൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞാൽ അവന്റെ ജീവിതം ഭാസുരമാണ്. യഥാർഥ വിശ്വാസിയുടെ ഹൃദയത്തെ പറ്റി ഖുർആനിക പരാമർശം കാണുക;'നിശ്ചയം വിശുദ്ധി നേടുകയും തന്റെ നാഥന്റെ നാമം സ്മരിക്കുകയും എന്നിട്ട് നിസ്‌കാരം നിർവഹിക്കുകയും ചെയ്തവർ വിജയം പ്രാപിച്ചിരിക്കുന്നു'(സൂറത്തുൽ അഅ്‌ല:14,15). അല്ലാഹു ഊന്നിപ്പറയുന്നതും വിശ്വാസിയെ ഓർമപെടുത്തുന്നതും ഹൃദയവിശുദ്ധി കരഗതമാക്കാനും പ്രപഞ്ച നാഥന്റെ നാമം ഉരുവിടാനും തന്നെയാണ്.
നബി(സ)പറയുന്നു: 'നാലുകാര്യങ്ങൾ ഒരു മനുഷ്യനിൽ ഒരുമിച്ചുകൂടിയാൽ അവൻ നശിച്ചിരിക്കുന്നു. ഉറച്ചുപോയ നയനങ്ങൾ, ഹൃദയ കാഠിന്യത, വലിയ ആഗ്രഹങ്ങൾ, ദുനിയാവിനോടുള്ള സ്‌നേഹം എന്നിവയാണവ'. ഇംറാനുബ്‌നു ഹുസൈൻ (റ) പറഞ്ഞു: എന്റെ പിതാവ് മുസ്‌ലിമാകുന്നതിനു മുമ്പ് നബി(സ) അദ്ദേഹത്തിന് ഒരു വാഗ്ദാനം ചെയ്തിരുന്നു. 'താങ്കൾ ഇസ്‌ലാം സ്വീകരിച്ചശേഷം നിങ്ങൾക്ക് രണ്ട് പ്രാർഥനകൾ ഞാൻ പഠിപ്പിച്ചുതരാം. അവ താങ്കൾക്ക് വളരെയേറെ ഉപകരിക്കുമെന്നതായിരുന്നു ആ വാഗ്ദാനം. അദ്ദേഹം മുസ്‌ലിമായ ശേഷം നബി(സ)യെ സമീപിച്ച് ആ പ്രാർഥനകൾ പഠിപ്പിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അവിടുന്ന് പറഞ്ഞു: 'അല്ലാഹുവേ, എനിക്ക് നേർവഴി നീ തോന്നിക്കേണമേ. എന്റെ മനസ്സിന്റെ തിന്മയിൽനിന്ന് എനിക്ക് നീ കാവൽ നൽകേണമേ' ഈ പ്രാർഥന നീ പതിവാക്കുക(തിർമിദി). അല്ലാഹു പറയുന്നു: 'തീർച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാൽ അവനെ നിങ്ങൾ ശത്രുവായിത്തന്നെ ഗണിക്കുക. അവൻ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവർ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാൻ വേണ്ടി മാത്രമാണ്' (ഖുർആൻ: 35:6).
ഖുർആൻ പഠിപ്പിക്കുന്ന ഒരു പ്രാർഥന ഇപ്രകാരമാണ്: 'ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സൻമാർഗത്തിലാക്കിയതിനു ശേഷം മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു'. നബി(സ) ധാരാളമായി നടത്തിയിരുന്ന ഒരു പ്രാർഥന ഇപ്രകാരമാണ്: 'ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ മതത്തിൽ ഉറപ്പിച്ചുനിർത്തേണമേ'. ശേഖരിച്ചുവയ്ക്കാൻ പറ്റിയ ഏറ്റവും നല്ല സ്വത്ത് ദൈവ സ്മരണയാണെന്ന് നബി (സ) പഠിപ്പിക്കുകയുണ്ടായി. മുആദ്(റ)വിൽനിന്ന് നിവേദനം; റസൂൽ (സ) എന്റെ കൈപിടിച്ചു പറഞ്ഞു: 'അല്ലാഹുവാണെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു. മുആദേ! ഓരോ നിസ്‌കാരത്തിനും ഒടുവിൽ (സലാം വീട്ടുന്നതിന് തൊട്ടുമുമ്പായി) ഇങ്ങനെ പ്രാർഥിക്കാൻ നീ ഒരിക്കലും വിട്ടുപോകരുതെന്ന് നിന്നെ ഞാൻ ഉപദേശിക്കുന്നു: അല്ലാഹുവേ! നിന്നെ സ്മരിക്കുന്നതിനും നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുന്നതിനും നല്ല രീതിയിൽ നിന്നെ ആരാധിക്കുന്നതിനും എന്നെ നീ സഹായിക്കേണമേ'(അബൂദാവൂദ്).
നബി(സ) എപ്പോഴും മന്ദസ്മിതനായിട്ടായിരുന്നു കാണപ്പെട്ടിരുന്നത്. പ്രസന്നവദനനായി നിൽക്കാൻ കഴിയുക എന്നത് ഒരാളുടെ വ്യക്തിത്വത്തിന്റെ ഉയർന്ന നിലവാരമാണ് സൂചിപ്പിക്കുന്നത്. 'നിന്റെ സഹോദരനെ നോക്കിയുള്ള പുഞ്ചിരി ഒരു ദാനമാണ്'. എന്നാണ് തിരുവചനം. നബി സവിധത്തിലെ സ്വഹാബികൾ പറയുന്നതിങ്ങനെ. 'ഞങ്ങൾ നബിയുടെ സദസ്സിലിരുന്നാൽ ഞങ്ങൾ ഓരോരുത്തർക്കും തോന്നുക നബി (സ) എന്നെ നോക്കിയാണ് എല്ലാം പറയുന്നത് എന്നാണ്' .തിരുനബി(സ്വ) പറഞ്ഞു: നിങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവരും ആഖിറത്തിൽ എൻ്റെ സാമീപ്യം ലഭിക്കുന്നവരും സൽസ്വഭാവികൾ മാത്രമാണ്.
മദീനയിലെ മസ്ജിദ് അങ്കണം അടിച്ചു വൃത്തിയാക്കിയിരുന്ന ഒരു പാവം സ്ത്രീയുണ്ടായിരുന്നു. അവർ മരണപ്പെട്ടപ്പോൾ ബന്ധപ്പെട്ടവർ നബി(സ)യെ വിവരമറിയിക്കാതെ അവരെ മറമാടി. പിന്നീട് അവർ മരിച്ച വിവരമറിഞ്ഞപ്പോൾ നബി (സ) ബന്ധുക്കളെ ശകാരിക്കുകയും അവരുടെ ഖബർ കാണിച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ആ ഖബറിടത്തിൽ ചെന്ന് മയ്യിത്ത് നിസ്‌കരിക്കുകയും അവർക്ക് വേണ്ടി ദീർഘമായി പ്രാർഥിക്കുകയും ചെയ്തു. തിരുനബി(സ)യുടെ സ്വഭാവത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ആഇശ(റ) പ്രതിവചിച്ചു; നബിയുടെ സ്വഭാവം ഖുർആനായിരുന്നു.
എന്താണ് സദ്‌സ്വഭാവം എന്ന ചോദ്യത്തിന് ഒരനുചരനോട് നബി (സ) പറഞ്ഞ മറുപടി ഒരു ഖുർആൻ സൂക്തമായിരുന്നു. 'നീ വിട്ടുവീഴ്ച മുറുകെ പിടിക്കുക, നന്മ ഉപദേശിക്കുക, അറിവില്ലാത്തവരെ വിട്ട് തിരിഞ്ഞു കളയുക'. ഇതേ ചോദ്യമുന്നയിച്ച മറ്റൊരാളോടു പറഞ്ഞു. 'നിന്നോട് ബന്ധ വിച്ഛേദം നടത്തിയവനോടും നീ ബന്ധം സ്ഥാപിക്കുക, നിനക്ക് അവകാശങ്ങൾ തടഞ്ഞവനും നീ കൊടുക്കുക, നിന്നെ ആക്രമിച്ചവനോട് നീ മാപ്പാക്കുക ഇതാണ് സദ്‌സ്വഭാവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."