റഷ്യന്‍ യുവതിക്ക് നേരെ പീഡനം; കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് അറസ്റ്റില്‍; യുവതി നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് മൊഴി
കോഴിക്കോട്: റഷ്യന്‍ യുവതി അക്രമിക്കപ്പെട്ട സംഭവത്തില്‍ കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കൂരാച്ചുണ്ട് കാളങ്ങാടി ഒലകുന്നില് അഖില്‍ (27) ആണ് അറസ്റ്റിലായത്. യുവതി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദ്വിഭാഷിയെ ഉപയോഗിച്ച് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് കൂരാച്ചുണ്ട് സി.ഐ കെ.പി സുനില്‍കുമാര്‍ പറഞ്ഞു.
പരുക്കേറ്റ യുവതിയെ കൂരാച്ചുണ്ട് പൊലിസാണ് മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചത്. റഷ്യന്‍ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലിസിനു സാധിക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ഇന്നലെ ദ്വിഭാഷിയുടെ സഹായത്തോടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. റഷ്യന്‍ സ്വദേശിയായ യുവതി ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഖിലിനെ പരിചയപ്പെടുന്നത്. ഇയാള്‍ ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്നു. പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ യുവതി ഖത്തറില്‍ യുവാവിന്റെ താമസസ്ഥലത്തെത്തി. അവിടുന്ന് ഇരുവരും കഴിഞ്ഞ മാസമാണ് ഇന്ത്യയിലെത്തിയത്. വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം രണ്ടാഴ്ചമുമ്പാണ് കൂരാച്ചുണ്ടിലെ വീട്ടിലെത്തിയതെന്ന് സി.ഐ പറഞ്ഞു. വീട്ടിലെത്തിയശേഷം ഇരുവരും തമ്മില്‍ നിരന്തര പ്രശ്നങ്ങളുണ്ടായി. ശാരീരികമായും മാനസികമായും പീഡനങ്ങള്‍ നേരിട്ടപ്പോള്‍ വീട്ടിലെ ടെറസില്‍ നിന്നും 22ന് രാവിലെ യുവതി ചാടുകയായിരുന്നു.
അഖിലില്‍ നിന്ന് ക്രൂരപീഡനം നനേരിട്ടതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. കമ്പി കൊണ്ട് മര്‍ദ്ദിച്ചതായും പാസ്പോര്‍ട്ട് കീറിക്കളഞ്ഞതായും യുവതി മൊഴി നല്കി. തന്റെ ഐഫോണും പ്രതി നശിപ്പിച്ചെന്ന് മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."