നിന്നുണങ്ങുന്ന മരങ്ങള്‍
അബ്ദല്ലാ തായഹ്
(പരിഭാഷ: എസ്.എ ഖുദ്‌സി)
പുക പൊങ്ങി. കുട്ടികള്‍ മറ്റൊരു ടയറിനുകൂടി പെട്രോളൊഴിച്ചു. അത് കൂടുതല്‍ ആളിക്കത്തി. അന്തരീക്ഷത്തില്‍ കത്തുന്ന ടയറിന്റെ ഗന്ധം നിറഞ്ഞു. ആകാശം കറുകറുത്ത പുകയാല്‍ നിറംമാറി. ചില കുട്ടികള്‍ റോഡുകളിലും തെരുവുകളിലും കല്ലിന്‍കൂമ്പാരങ്ങളും ഒഴിഞ്ഞ ബാരലുകളും മാലിന്യവണ്ടികളും കൊണ്ടുപോയിട്ട് പട്ടാളവണ്ടികള്‍ പെട്ടെന്ന് ഓടിച്ചുവരാതിരിക്കാന്‍ തടസങ്ങള്‍ സൃഷ്ടിച്ചു. അധികം യുവാക്കളും ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചിരുന്നു.
വടക്കുഭാഗത്തുകൂടെ റാഫാ പട്ടണത്തിലേക്ക് പ്രവേശിക്കുന്നിടത്തിന് അഭിമുഖമായി നില്‍ക്കുന്ന സ്ഥലവാസികള്‍ ശബൂറാ മൈതാനം എന്നു വിളിക്കുന്ന വിസ്തൃതമായ ചത്വരത്തില്‍ കല്ലിന്‍കൂമ്പാരങ്ങള്‍ വിതറിയിട്ടിരുന്നു. റാഫാ ക്യാംപിനും അതിന്റെ ഇടുങ്ങിയ വഴികളിലുംവെച്ച് ഏറ്റവും തിരക്കേറിയ ഭാഗമാണിത്. ഈ ക്യാംപിലെ താമസക്കാരില്‍ പകുതിയും ഒരേ കുടുംബത്തില്‍ പെട്ടവരായിരുന്നു. ആണ്‍കുട്ടികള്‍ എല്ലാവരുടേയും ആണ്‍കുട്ടികളാണ്. രക്തസാക്ഷി എല്ലാവരുടേയുമാണ്. ഒരേ പ്രതീക്ഷകളാണ്. വേദനയും ഒരുപോലെയാണ്. ദ്രോഹപ്രവൃത്തികള്‍ എല്ലാവര്‍ക്കുമെതിരെയുള്ള പീഡനമാണ്. അതിന് തരംതിരിവില്ല.
പ്രകടനക്കാര്‍ ഒരുസംഘമായി കൂടിച്ചേര്‍ന്നു. ആ അവസരത്തില്‍ കുട്ടികളുടെ ചെറിയ സംഘങ്ങള്‍ അടച്ച തെരുവുകളും വഴികളും സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ട് പരന്നുനിന്നു, ബാരിക്കേഡുകളുമായി. കല്ലുകള്‍ തയാറായി. പട്ടണത്തിലേക്കുള്ള വടക്കുഭാഗത്തെ പ്രവേശനഭാഗം ഒന്നിലധികം സ്ഥലങ്ങളില്‍ ബാരിക്കേഡുകളും കത്തുന്ന ടയറുകളും കൊണ്ടടച്ചു ഗതാഗതം ഇല്ലാതാക്കി. അന്തരീക്ഷം ആവേശോജ്വലമാണ്. സര്‍വരും പ്രവര്‍ത്തനനിരതരും പ്രതീക്ഷയിലുമാണ്. എല്ലാ പ്രായത്തില്‍ പെട്ടവരുമുണ്ടായിരുന്നു. ശബൂറയിലെ കുടുംബാംഗങ്ങള്‍ ആ വലിയ വീട്ടില്‍നിന്ന് പുറത്തേക്ക് വന്നു. ആ ക്യാംപിലുള്ള പകുതിപേരും അതിലുണ്ടായിരുന്നു. കണ്ഠങ്ങളില്‍നിന്ന് മുദ്രാവാക്യങ്ങള്‍ മുഴങ്ങി. കരഘോഷവും. വികാരപ്രകടനങ്ങള്‍ക്ക് തീപിടിച്ചു. മുഷ്ടികളുടെ വനങ്ങള്‍ ഉയര്‍ന്നു. ഈ കുടുംബത്തിലെ ഏതൊരംഗത്തിനും കാഴ്ചക്കാരനായി നില്‍ക്കുക പ്രയാസകരമാണ്. അവിടെ കാണികള്‍ക്ക് സ്ഥാനമില്ല. നിശബ്ദത പിളര്‍ക്കപ്പെട്ടു.
ശൈഖ് മുഹമ്മദ് റഫാഹ് പട്ടണത്തിലോ അവിടുത്തെ ക്യാംപിലോ ഉള്ളവര്‍ക്കിടയില്‍ മാത്രമല്ല അറിയപ്പെട്ടിരുന്നത്, തെക്കന്‍ പ്രദേശങ്ങളിലും വളരെയധികം അറിയപ്പെട്ടിരുന്നു. മുപ്പതു വയസ് കഴിഞ്ഞ നീണ്ട് ഇരുണ്ടനിറമുള്ള ഒരു യുവാവ്. ഇടതൂര്‍ന്ന മേല്‍മീശ. മുഷിഞ്ഞ വരയുള്ള മേല്‍വസ്ത്രമാണ് ധരിച്ചിരുന്നത്. അയാള്‍ ഒരിക്കലുമൊരു യൂനിവേഴ്‌സിറ്റിയില്‍ പോയിട്ടില്ല; ഒരു സ്‌കൂളിലും പഠിച്ചിട്ടില്ല. പ്രസംഗകലയിലോ എഴുത്തിലോ മുദ്രാവാക്യങ്ങള്‍ ഉണ്ടാക്കുന്നതിലോ പരിജ്ഞാനമില്ല. അയാളുടെ അക്ഷരമാല പരിമിതമായിരുന്നു. ക്യാംപിലെ കുട്ടികള്‍ അയാളെവിടേക്ക് തിരിഞ്ഞാലും ചുറ്റുംകൂടും. ചിലപ്പോളതില്‍ യുവാക്കളുമുണ്ടാകും. അവര്‍ അയാളോട് തമാശ പറയുകയും കളിയാക്കുകയും ചെയ്യും. അവരെ അയാളും കളിയാക്കും. സിഗരറ്റ് കത്തിച്ചുകൊടുക്കും. കാശ് കൊടുക്കും. പക്ഷേ അയാളത് വാങ്ങിക്കാന്‍ കൂട്ടാക്കുകയില്ല. പട്ടണവും ക്യാംപും എന്നും തൂത്തുവാരി വൃത്തിയാക്കുമായിരുന്നു. അയാള്‍ എല്ലാ ഉത്തരവാദിത്വങ്ങളില്‍നിന്നും സ്വതന്ത്രനാണ്. ദൈവത്തിന്റെ ഇഷ്ടദാസന്‍മാരില്‍ പെട്ടയാള്‍. എന്നാല്‍ നിസ്‌കരിക്കാനും നോമ്പനുഷ്ഠിക്കാനും അറിയില്ല. അയാളും ക്യാംപില്‍പെട്ട ഒരാളാണ്. എന്നാല്‍ മാതാപിതാക്കളേയും സഹോദരന്‍മാരേയും കുറിച്ചു വ്യക്തമായ അറിവില്ല. ആളുകള്‍ക്ക് അയാളോട് സഹതാപമാണ്. അയാള്‍ തമാശയാക്കുകയാണെന്നാണ് അവര്‍ വിചാരിച്ചത്. തൊട്ടടുത്ത പട്ടണം ലക്ഷ്യംവെച്ചുകൊണ്ട് കാറുകള്‍ വേഗത്തില്‍ ഓടിച്ചുപോകുന്നത് കാണുമ്പോഴെല്ലാം അയാള്‍ ഒപ്പമെത്താന്‍ നോക്കിയിട്ടുണ്ട്. ചില ഡ്രൈവര്‍മാര്‍ ഗസ്സയിലേക്ക് പോകുമ്പോള്‍ അയാളേയും ഒപ്പംകൂട്ടി അവിടുന്ന് മടക്കിയയക്കും.
ശൈഖ് മുഹമ്മദ് റഫാഹ് ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്നു. ആള്‍ക്കൂട്ടം കണ്ട് ആവേശഭരിതനായി അതിന്റെ ഭാഗമായി. അയാള്‍ ആര്‍ത്തുവിളിച്ചു, ആക്രോശിച്ചു, കൈകൊട്ടി ഗര്‍ജിച്ചു, കാലുകള്‍കൊണ്ട് നിലത്തു ചവിട്ടി, മുഷ്ടി ചുരുട്ടി വായുവില്‍ വീശി. ആരുമയാളെ ശല്യപ്പെടുത്തിയില്ല. ശൈഖ് മുഹമ്മദിന്റെ അട്ടഹാസം കണ്ടവര്‍ക്ക് നോക്കിനില്‍ക്കാന്‍ കഴിഞ്ഞില്ല. അത് ശൈഖ് മുഹമ്മദാണ് ചെയ്യുന്നതെങ്കില്‍ കാഴ്ചക്കാര്‍ക്ക് ഇവിടെ സ്ഥാനമില്ല. ചത്വരത്തില്‍ ആളുകള്‍ നിറഞ്ഞു. തിരക്ക് കൂടി. പ്രതിഷേധശബ്ദവും ചുരുട്ടിയ മുഷ്ടികളും ഉയര്‍ന്നു. അത് കത്തുന്ന ടയറുകളുടെ പുകയുമായി കൂടിക്കലര്‍ന്ന് അതിവേഗം പടര്‍ന്നുപിടിച്ചു. ബാരിക്കേഡുകളുടെ എണ്ണംകൂടി. ക്യാംപിന്റെ മറ്റേ പകുതിയിലുള്ള സകലരും ഓടിവന്ന് ചുറ്റും വളഞ്ഞുകൂടി. സൂര്യന് ഒരുതരി മണ്ണുപോലും സ്പര്‍ശിക്കാനായില്ല. കാലടികള്‍ ചത്വരമാകെ പൊതിഞ്ഞു. മണല്‍ത്തരികള്‍ രോഷംകൊണ്ടു.
വഴിയരികുകളില്‍ കണ്ണീര്‍വാതക സിലിണ്ടറുകള്‍ പ്രയോഗിക്കുന്നതുവരെ ആരും സമയത്തെപ്പറ്റി ബോധവാന്മാരായിരുന്നില്ല. കാറ്റ് ടിയര്‍ഗ്യാസിനെ വഹിച്ചുകൊണ്ടുപോയി. തടസങ്ങള്‍ സൃഷ്ടിക്കുന്ന കുട്ടികള്‍ അക്രമാസക്തരായി പട്ടാളവുമായും വാഹനങ്ങളുമായും ഏറ്റുമുട്ടി. കല്ലുകള്‍ വര്‍ഷിച്ചു. പുക അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതിനുമുമ്പ് ബക്കറ്റുകളിലെ വെള്ളമൊഴിച്ചും മൂടിയും നിരവധി ബോംബുകള്‍ നിര്‍വീര്യമാക്കി. നിലവിളികള്‍ ശക്തിപ്പെട്ടു. ഗര്‍ജനങ്ങള്‍ രൂക്ഷമായി. സൈനിക വാഹനങ്ങള്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കല്ലുകളുടെ കുത്തൊഴുക്ക് കണ്ട് അവര്‍ അറച്ചുനിന്നു. കൂടുതല്‍ പട്ടാളക്കാരും വാഹനങ്ങളും സ്ഥലത്തെത്തി. അവര്‍ കിട്ടുന്ന പഴുതുകളില്‍ക്കൂടിയെല്ലാം കടന്നുകയറാന്‍ നോക്കുകയാണ്. ടിയര്‍ഗ്യാസിന്റെ സാന്ദ്രത കൂടി. വിശാലമായ തെരുവില്‍ തീപ്പൊരി പടര്‍ത്തിക്കൊണ്ട് റബര്‍ ബുള്ളറ്റുകള്‍ പൊട്ടി. ആളുകള്‍ യാതൊന്നും വകവെച്ചില്ല. അവരിപ്പോള്‍ ഒന്നിനെക്കുറിച്ചും ഭയക്കുന്നില്ല.
ഇടിമുഴക്കംപോലുള്ള ശബ്ദങ്ങള്‍ മുഴങ്ങി. അത് കൂടുതല്‍ ശക്തിപ്രാപിച്ചു. പ്ലാസ്റ്റിക് ബുള്ളറ്റുകളുടെ ഒച്ച പൊങ്ങി. ഒരു ബാരിക്കേഡിന് സമീപംവെച്ച് മൂന്ന് ചെറുപ്പക്കാര്‍ക്ക് പരുക്കേറ്റു. മറ്റുള്ളവര്‍ അവരെ അപകടമേഖലയില്‍നിന്ന് പിറകിലേക്ക് ഒഴിച്ചുമാറ്റാനായി ഓടിച്ചെന്നു. അവരെ ഒരു വാഹനത്തില്‍ എടുത്തിട്ട് പിറകുവശത്തെ തടസമില്ലാത്ത തെരുവിലൂടെ ഖാന്‍യൂനുസിലുള്ള നാസര്‍ ആശുപത്രിയിലേക്ക് ഓടിച്ചുപോയി. കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ടിയര്‍ഗ്യാസിന്റെ തീവ്രത സഹിക്കാനായില്ല. അവര്‍ അടുത്തുള്ള ഇടവഴികളിലൂടെ ചിതറിയോടി. അന്തരീക്ഷത്തില്‍ കൂടുതല്‍ ഗ്യാസ് വന്നുകനത്തു. നിരവധിപേര്‍ ഉറുമാലുകൊണ്ടും തുണിക്കഷണങ്ങള്‍കൊണ്ടും വായും മൂക്കും മൂടിക്കെട്ടി. ജനങ്ങള്‍ക്ക് നേരെ പത്തുമീറ്റര്‍ അകലെവെച്ച് ബോംബുവര്‍ഷം തുടങ്ങി. കനത്ത ബോംബിങ്ങായിരുന്നു. നിരവധിപേര്‍ക്ക് പരുക്കേറ്റു. അല്ലാത്തവര്‍ അടുത്തുകണ്ട ഇടവഴികളിലൂടെ ചിതറിയോടി. ഇളംപ്രായക്കാരായ കുട്ടികളെ പിറകുവശത്തേക്ക് ഒഴിപ്പിച്ചു. യുവാക്കളും ഏതാനും സ്ത്രീകളും മാത്രമേ സംഭവസ്ഥലത്ത് നിന്നുള്ളൂ.
ശൈഖ് മുഹമ്മദ് അവര്‍ക്കിടയില്‍ നിന്നുകൊണ്ട് ഉടുത്തിരുന്ന മേല്‍ക്കുപ്പായം കൊടിയാക്കിക്കെട്ടി വീശുന്നുണ്ടായിരുന്നു. അവര്‍ അങ്ങോട്ടുമിങ്ങോട്ടും പായുകയാണ്. വെള്ളം കൊണ്ടുപോയി ടിയര്‍ഗ്യാസ് സിലിണ്ടറുകളിലേക്ക് ഒഴിക്കുകയാണ്. പരുക്കേറ്റവരേയും കൊണ്ട് ഓടുന്നു. അയാള്‍ എന്തൊക്കെയോ വിളിച്ചലറുന്നത് ഗംഭീരശബ്ദത്തില്‍ മുഴങ്ങി. ഗ്യാസ് ശ്വസിച്ചു കണ്ണുകളില്‍നിന്ന് നീരോഴുകി. ഏതോ ഒരുകുട്ടി അയാളോട് പറഞ്ഞു: ഓടിക്കോ, ഓടിക്കോ ശൈഖ് മുഹമ്മദ്. അവര്‍ അയാളോട് ഓടിരക്ഷപ്പെടാന്‍ ഉപദേശിച്ചു. കുട്ടികളുടെ മുന്നറിയിപ്പുകള്‍ക്ക് അയാള്‍ ചെവികൊടുത്തില്ല. പട്ടാളക്കാര്‍ വണ്ടികളോടിച്ചുകയറ്റി ഒരു ബാരിക്കേഡ് തകര്‍ത്തു. ആ വിശാലമായ അങ്കണത്തില്‍ വന്നുകയറിയ ഒരു പട്ടാളവണ്ടിയുടെ മുന്‍ഭാഗം കാണാം. സകല കൈകളും മേലോട്ടുപൊങ്ങി. എറിയുകയാണ്. കുഴലുകള്‍ ചീറ്റി. ഗ്യാസ് മേലോട്ട് പൊങ്ങുകയാണ്. അത് ടയറുകളുടെ പുകയുമായി, റബറുമായി, വെടിയുണ്ടകളുമായി, കൂടിക്കലര്‍ന്നു. അയാള്‍ ശിരസുകള്‍ക്ക് മീതെ ആര്‍ത്തലച്ചു കരയാന്‍ തുടങ്ങി.
ഉച്ചഭാഷിണി ശബ്ദിച്ചു: സൈനിക ഗവര്‍ണറുടെ ഉത്തരവനുസരിച്ച് ഇപ്പോള്‍ മുതല്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ കര്‍ഫ്യൂ നടപ്പാക്കിയിരിക്കുന്നു. ആളുകള്‍ക്ക് ഇളക്കമില്ല. ബുള്ളറ്റുകള്‍ നിലച്ചില്ല. പുക പിന്നെയും കൂടി; കല്ലുകളും. ടയറുകള്‍ കത്തിക്കൊണ്ടിരുന്നു. നിരവധിപേര്‍ വീടുകളുടെ തട്ടിന്‍പുറത്തും ഇടവഴികള്‍ക്കും മൂലകള്‍ക്ക് പിറകിലും താവളമടിച്ചിരുന്നു. ജനരോഷം.
ഒരുപറ്റം പട്ടാളക്കാരും വണ്ടികളും രണ്ടാമത്തെ ബാരിക്കേഡ് തകര്‍ത്തു. ബാരിക്കേഡുകള്‍ ഒന്നൊന്നായി തകര്‍ന്നുവീണു. ഉച്ചഭാഷിണികള്‍ കര്‍ഫ്യൂ ഉത്തരവിന്റെ മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പ്രതികരണമില്ല. നിരവധി പട്ടാളവണ്ടികള്‍ ചത്വരത്തിന് മുന്നിലായി നിരന്നു. കല്ലെറിയല്‍ യന്ത്രം തലകള്‍ക്ക് മീതേയും ഈന്തപ്പനകളിലേക്കും ഇഷ്ടികപാകിയ മട്ടുപ്പാവുകളിലേക്കും കല്ലുകള്‍ തൊടുത്തുവിട്ടുകൊണ്ടിരുന്നു. വലിയ വണ്ടികളില്‍നിന്ന് ലാത്തികള്‍ വീശി. ആ ഏറ്റുമുട്ടല്‍ നടക്കുന്ന നേരത്ത് കല്ലുകള്‍ എറിഞ്ഞു വണ്ടികളെ തടസപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് യുവജനങ്ങള്‍ മാറാതെ ചത്വരത്തില്‍തന്നെ നിലകൊണ്ടു. ഉച്ചഭാഷിണി വ്യത്യസ്തമായ വെടിശബ്ദങ്ങളാല്‍ കൂടിക്കുഴഞ്ഞു. കാറ്റിന്റെ ഗതി അല്‍പമൊന്നു മാറി. ഗ്യാസിന്റെ പുക അത് വെച്ചവരുടെ നേര്‍ക്ക് തിരിഞ്ഞു.
ശൈഖ് മുഹമ്മദ് അപ്പോഴും യുവാക്കളുടെ നടുവിലാണ്. ചില പട്ടാളക്കാര്‍ ഗ്യാസിന്റെ ഗതിയില്‍നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ടുനില്‍ക്കെ അയാളുടെ പരിഹാസച്ചിരി പൊങ്ങി. അയാള്‍ അവര്‍ക്കുനേരെ കൈകള്‍ ചൂണ്ടിപ്പിടിച്ചിരിക്കുന്നു. അയാള്‍ പുറംകുപ്പായം കൂട്ടിയെടുത്ത് വായും മൂക്കും തുടച്ചു. കണ്ണുകള്‍ ചുവന്നിരുന്നു. കണ്ണുനീര്‍ കവിഞ്ഞൊഴുകി. ഉമിനീര്‍ പ്രവഹിച്ചു. ഒരു പട്ടാളക്കാരന്‍ സഞ്ചരിച്ചിരുന്ന വണ്ടിയില്‍നിന്ന് താഴേക്കു വീണ് നിലത്ത് പതുങ്ങിയിരുന്നു. അയാള്‍ തോക്ക് ആളുകള്‍ക്കുനേരെ ഉന്നംപിടിച്ചു. ഉദ്വേഗജനകമായ നിമിഷങ്ങള്‍ കടന്നുപോയി. പൊട്ടിത്തെറിയുടെയും വെടിയുടെയും ഒച്ചകള്‍ നിലച്ചില്ല. നിരവധിപേര്‍ മൂലകളിലേക്കും ഇടവഴികളിലേക്കും വഴുതിമാറി. പതുങ്ങിയിരുന്ന പട്ടാളക്കാരന്‍ നീങ്ങി. ശൈഖ് മുഹമ്മദ് ഇരുകൈകളും പട്ടാളക്കാരന്റെ നേര്‍ക്ക് ചൂണ്ടിപ്പിടിച്ചുകൊണ്ട് അയാളെ പരിഹസിച്ചു പൊട്ടിച്ചിരിച്ചു. പെട്ടെന്ന് വെടികള്‍ പൊട്ടി. ശൈഖ് മുഹമ്മദ് അപ്പോഴും പട്ടാളക്കാരന്റെ നേര്‍ക്ക് വിരലുകള്‍ ചൂണ്ടി പൊട്ടിച്ചിരിക്കുകയാണ്. അപ്പോള്‍ അയാളുടെ മുഖം രക്തത്താല്‍ മൂടി. അയാള്‍ നിലത്തുവീണു. യുവാക്കള്‍ അയാളെ വാരിയെടുത്ത് കൊണ്ടുപോയി. പരിസരത്തെ ഇടവഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനത്തിലേക്കാണ് അവരയാളെ കൊണ്ടുപോയത്. അയാളുടെ കണ്ണുകള്‍ തുറിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പ് ശ്വാസംനിലച്ചു. യുവാക്കള്‍ മൃതദേഹം ഖബര്‍സ്ഥാനിലേക്കെടുത്തു. മുഖത്ത് അപ്പോഴും ചിരി കാണാമായിരുന്നു. അത് മീശമേലും വായിലും പല്ലുകളിലും രക്തത്തോടൊപ്പം പുരണ്ടുകിടന്നു. അവര്‍ മൃതദേഹത്തിലേക്ക് മണല്‍ വാരിയിട്ടു. അതുകഴിഞ്ഞ് ഫാതിഹ ഓതി പിരിഞ്ഞുപോയി. വൈകുന്നേരം ആളുകള്‍ വീടുകളിലേക്ക് പിരിഞ്ഞുപോയിക്കഴിഞ്ഞേ പട്ടാളക്കാര്‍ക്ക് കര്‍ഫ്യൂ നടപ്പാക്കാന്‍ സാധിച്ചുള്ളൂ. ആളുകള്‍ ടെലിവിഷനുകള്‍ക്ക് ചുറ്റും കൂടിനിന്നു. അപ്പോള്‍ സൈനിക വക്താവിന്റേതായ അനൗണ്‍സ്‌മെന്റ് കേട്ടു; 'ആളുകളെ പ്രകോപിതരാക്കുന്നവരില്‍പെട്ട ഒരു നേതാവ് ശബൂറായില്‍ കൊല്ലപ്പെട്ടിരിക്കുന്നു!'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."