HOME
DETAILS

സഫിയ ടീച്ചർ @ 3 M.A

  
backup
May 15 2022 | 06:05 AM

%e0%b4%b8%e0%b4%ab%e0%b4%bf%e0%b4%af-%e0%b4%9f%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%bc-3-m-a

ബഷീര്‍ എടച്ചേരി

ചുറ്റും തോഴിമാര്‍ ചേര്‍ന്ന് മൈലാഞ്ചി മൊഞ്ചില്‍ കൈകൊട്ടിപ്പാടുന്നു. നാണം കുണുങ്ങുന്ന മണവാട്ടിപ്പെണ്ണായി ഏഴാം ക്ലാസുകാരി ഒട്ടൊരു അമ്പരപ്പോടെ തോഴിമാരുടെ മധ്യത്തില്‍ ഒരുക്കിയ ഇരിപ്പിടത്തില്‍. സ്‌കൂള്‍ യുവജനോത്സവത്തിലെ ഒപ്പന മത്സരമല്ല രംഗം. 12ാം വയസില്‍, കൂട്ടുകാര്‍ക്കൊപ്പം ആടിപ്പാടി കളിക്കേണ്ട പ്രായത്തില്‍ യഥാര്‍ഥ മണവാട്ടിയായി ജീവിത വേഷമിടേണ്ടിവന്ന പെണ്‍കുട്ടിയുടെ കഥയാണിത്. ഇന്ന് അവര്‍ സമൂഹത്തിന് പ്രചോദനമേകുന്ന ഒരു സ്‌കൂള്‍ അധ്യാപികയാണ്.
കോഴിക്കോട് എടച്ചേരിയിലെ വ്യവസായിയായ തലായി കുനിയില്‍ മജീദിന്റെ ഭാര്യയും പേരോട് എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുമായ സഫിയ ടീച്ചറുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ജീവിതകഥ.

വിവാഹപ്പന്തലിലേക്ക്

1985 കാലഘട്ടം. പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ് പുറക്കാളി മൊയ്തുവിന്റെയും ബിയ്യാത്തുവിന്റെയും മകളായ സഫിയ. പെണ്‍കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ കെട്ടിച്ചയക്കുന്ന സമ്പ്രദായം സമൂഹത്തില്‍ പതിയെ മാറിവരുന്നേയുള്ളൂ. മാതാപിതാക്കള്‍ സഫിയമോളുടെ കല്യാണമുറപ്പിക്കുന്നു. കിട്ടുന്നതെന്തും വായിക്കുന്ന ശീലമുള്ള സഫിയ പഠനവും ബിരുദവും ജോലിയുമൊക്കെ സ്വപ്‌നംകാണുന്ന നാളുകളിലാണ് ഈ കല്യാണാലോചന. പഠനം തുടരണമെന്ന ആഗ്രഹമുണ്ടെങ്കിലും വീട്ടുകാരുടെ സമ്മര്‍ദത്തിന് വഴങ്ങി കല്യാണത്തിന് സമ്മതം മൂളി. എങ്കിലും വിവാഹശേഷവും പഠിക്കണമെന്ന ആഗ്രഹം പിതാവിനെ അറിയിച്ചു.
അങ്ങനെ സഫിയ വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തലായി കുനിയില്‍ മജീദെന്ന ഗള്‍ഫുകാരന്റെ ഭാര്യയായി ഭര്‍തൃവീട്ടിലെത്തി. സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിനിടയിലും കിട്ടുന്ന സമയമൊക്കെ ധാരാളം വായിക്കുമായിരുന്നു. മരുമകളുടെ വായനക്കും തുടര്‍പഠന മോഹത്തിനും മജീദിന്റെ മാതാവും വീട്ടുകാരും തടസംനിന്നില്ല. പതിനഞ്ചാമത്തെ വയസിലായിരുന്നു കന്നിപ്രസവം. അതും ഇരട്ടക്കുട്ടികള്‍. പത്തൊമ്പതാമത്തെ വയസില്‍ രണ്ടാമത്തെ പ്രസവത്തിലൂടെ മൂന്നാമത്തെ കുട്ടിയുടെയും ഉമ്മയായി. അതു പക്ഷേ, സഫിയയുടെ പഠനകാലത്തിന്റെ അവസാനമായിരുന്നില്ല; പുതുതുടക്കമായിരുന്നു.

22ാം വയസില്‍
എസ്.എസ്.എല്‍.സി

വീട്ടില്‍ അനിയത്തിക്ക് ട്യൂഷനെടുക്കാന്‍ വന്നിരുന്ന നാട്ടുകാരിയായ അനിത സഫിയക്ക് ഏറെ പ്രോത്സാഹനം നല്‍കി. പത്താംതരം പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തത് അവരുടെ സഹായത്തോടെയാണ്. വീട്ടുകാരെ അറിയിക്കാതെ തികച്ചും രഹസ്യമായ ഒരു ശ്രമമായിരുന്നു അത്.
ക്ലാസ് മുറികളോ പാഠപുസ്തകങ്ങളോ ഇല്ല. ലേബര്‍ ഇന്ത്യയും ഗൈഡുകളും മാത്രമായിരുന്നു ആശ്രയം. പകല്‍ സമയങ്ങളില്‍ വീട്ടുജോലിയും കുട്ടികളെ പഠിപ്പിക്കലിനുമിടയില്‍ ലഭിക്കുന്ന സമയത്ത് ധാരാളം വായിച്ചു. രാത്രി ഏറെ നേരം ഉറക്കമൊഴിച്ചും പഠിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ പോവുമ്പോള്‍ ആളുകള്‍ക്ക് കൗതുകമായിരുന്നു. ചിലര്‍ പുച്ഛിച്ചു. വേറെ ചിലര്‍ ഇനി പഠിച്ചിട്ട് എന്താ കാര്യം എന്ന് ചോദിച്ചു. സഫിയ മറുത്തൊന്നും പറഞ്ഞില്ല. ഭര്‍ത്താവ് മജീദ് തനിക്കൊപ്പമുണ്ടെന്ന തിരിച്ചറിവ് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകി. കഠിനാധ്വാനം ഫലംകണ്ടു. കല്യാണം കഴിഞ്ഞ് കൃത്യം 10 വര്‍ഷത്തിന് ശേഷം തന്റെ 22ാം വയസില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി വിജയിച്ചു. ഭര്‍ത്താവും കുടുംബവും ഒന്നടങ്കം പിന്തുണയുമായി കൂടെ നിന്നപ്പോള്‍ ഉയരങ്ങള്‍ കീഴടക്കാന്‍ അവള്‍ ഉറപ്പിച്ചു.
ജീവിതപങ്കാളിയായി എത്തിയ 12കാരി ജീവിതത്തിലേറ്റവും പ്രധാനമായി കാണുന്നത് വായിക്കുകയും പഠിക്കുകയുമാണെന്ന് മജീദും തിരിച്ചറിഞ്ഞു. അവളുടെ സന്തോഷം അതാണെന്ന് മനസിലാക്കിയ അദ്ദേഹം അവളുടെ സ്വപ്‌നങ്ങളെ തടഞ്ഞില്ല. പ്രീഡിഗ്രിക്ക് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹവും സഹായിച്ചു. പഠിക്കാനായി കോളജിലോ ട്യൂഷന്‍ സെന്ററിലോ പോയില്ല. പഠനം മുഴുവന്‍ വീട്ടിലിരുന്ന് തന്നെ. വീട്ടുജോലികളുടെ ഇടവേളകളിലും രാത്രിയിലും പ്രത്യേകം സമയം കണ്ടെത്തി പഠനം തുടര്‍ന്നു. ആ പരിശ്രമം അവസാനിച്ചത് വ്യത്യസ്ത വിഷയങ്ങളിലുള്ള മൂന്ന് ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കുന്നതിലാണ്.

സ്വന്തമായൊരു ജോലി

വിവാഹത്തോടെ പെണ്‍കുട്ടികളുടെ പഠന സ്വപ്‌നങ്ങള്‍ക്കു കര്‍ട്ടണ്‍ വീഴുന്ന കാലമാണ്. തങ്ങളുടെ പ്രദേശത്ത് മരുമകളായെത്തിയ പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തും നാട്ടില്‍ പാട്ടായി. 'ഇനി പഠിച്ചിട്ടെന്താ, കുട്ടികളെയും നോക്കി വീട്ടില്‍ അടങ്ങിയിരുന്നാല്‍ പേരേ?' എന്ന് ചോദിച്ച് കളിയാക്കിയ കൂട്ടുകാര്‍ തിരുത്തിപ്പറയാന്‍ തുടങ്ങി. ഇനി വേണ്ടത് കൂട്ടുകാരില്‍ പലരുടെയും ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തലാണ്. അതെ, പഠിച്ചാല്‍ കാര്യമുണ്ടെന്ന് തെളിയിക്കണം. അതിനൊരു ജോലി വേണം. മോഹം അധ്യാപനമായിരുന്നു. വടകരയിലെ ബി.എഡ് സെന്ററില്‍ ചേര്‍ന്ന് ബാച്ചിലര്‍ ഓഫ് എജ്യുക്കേഷന്‍ പൂര്‍ത്തിയാക്കി. അവിടെത്തന്നെയുള്ള പാരലല്‍ കോളേജുകളില്‍ അധ്യാപികയായി ജോലി ചെയ്തു. അവിടംകൊണ്ടും അവസാനിപ്പിച്ചില്ല മോഹങ്ങള്‍. അറിയപ്പെട്ട ഒരു വിദ്യാലയത്തില്‍ തന്നെ അധ്യാപികയാവണം.
പി.ജി.യും ബി.എഡും ഉണ്ടെങ്കിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാവാന്‍ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പാസാകേണ്ടിയിരുന്നു. നല്ല കഴിവും പ്രാപ്തിയുമുള്ള പരീക്ഷാര്‍ഥികള്‍ക്കു പോലും കീറാമുട്ടിയായ സെറ്റ് പരീക്ഷയും സഫിയക്ക് മുന്നില്‍ വഴിമാറി. ഒന്നല്ല രണ്ട് വിഷയങ്ങളിലാണ് സഫിയ സെറ്റ് കരസ്ഥമാക്കിയത്; സോഷ്യോളജിയിലും ചരിത്രത്തിലും. അങ്ങനെ 40ാമത്തെ വയസില്‍ ആ വലിയ മോഹവും പൂവണിഞ്ഞു. നാദാപുരത്തെ പ്രശസ്തമായ പേരോട് എം.ഐ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യോളജി അധ്യാപികയായി.

ഉമ്മയുടെ വഴിയെ മക്കളും

ഉമ്മയുടെ ജീവിതപാതയില്‍ തന്നെയാണ് സഫിയ ടീച്ചറുടെ മക്കളും ചെറുമക്കളും വളരുന്നത്. ഇരട്ടക്കുട്ടികളില്‍ ഒരാളായ അബ്ദുസ്സമദ് കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് പഠിച്ച് ഇപ്പോള്‍ ഖത്തറില്‍ ജോലി നോക്കുന്നു. മറ്റൊരു ഇരട്ടയായ മകള്‍ ഷമീമ ബി.ഡി.എസ് കഴിഞ്ഞ് പി.ജി തുടങ്ങിയെങ്കിലും വിവാഹശേഷം പഠനം മുടങ്ങി. കുട്ടികളെ വളര്‍ത്തുന്നതിനിടയില്‍, ഉമ്മയെ പോലെ പഠനം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അവളും. ഇളയ മകന്‍ ഷഫീഖ് ബി.സി.എയും എം.ബി.എയും കഴിഞ്ഞ് ഖത്തറില്‍ ജോലി ചെയ്യുന്നു.

പുതുതലമുറയോട് പറയാനുള്ളത്

'വിവാഹിതയാവുക, മാതാവാവുക. ഇതൊന്നും പഠനത്തിന് തടസമല്ല. പഠിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള സമയവും സാഹചര്യവും കിട്ടുക തന്നെ ചെയ്യും. എന്തു തടസം വന്നാലും നിങ്ങള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും തൊഴില്‍ നേടുകയും ചെയ്യും.'' സ്വന്തം ക്ലാസിലെ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ സഫിയ ടീച്ചര്‍ ഇത് എപ്പോഴും ആവര്‍ത്തിക്കാറുണ്ട്. ഒരുപക്ഷെ അങ്ങനെ പറയാന്‍ ഏറ്റവും അര്‍ഹത ഈ ടീച്ചര്‍ക്കു മാത്രമായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബിൾ ഡക്കർ ബസ് ഇനി കൊച്ചിയിലും; അടുത്തമാസം മുതൽ സർവ്വീസാരംഭിക്കും

Kerala
  •  2 months ago
No Image

പൊന്നും വില; പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണ വില

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

Kerala
  •  2 months ago
No Image

ബോംബ് ഭീഷണി; ഡല്‍ഹി-ലണ്ടന്‍ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: കളക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി 

Kerala
  •  2 months ago
No Image

അറ്റകുറ്റപ്പണി; തലസ്ഥാനത്ത് ആറ് ദിവസം ജലവിതരണം തടസ്സപ്പെടും

Kerala
  •  2 months ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 10 പേര്‍ക്ക് പരിക്ക് 

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്; അതിരാവിലെ മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം, ദിവ്യയുടെ അറസ്റ്റ് വൈകും; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം നടപടി

Kerala
  •  2 months ago
No Image

ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിച്ച് ഇറ്റലി 

International
  •  2 months ago