ശിവലിംഗം: പള്ളിക്കുളം സീൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു; ജ്ഞാൻവാപി: ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
ന്യൂഡൽഹി /വരാണസി
ജ്ഞാൻവാപി മസ്ജിദിലെ സർവേക്കെതിരേ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വാരണസി കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ പള്ളിയിൽ സർവേ നടക്കുന്നത്. ഇന്നലെ മൂന്നു ദിവസത്തെ സർവേ പൂർത്തിയായി. കനത്ത പൊലിസ് സുരക്ഷയിലാണ് സർവേ പൂർത്തിയാക്കിയത്. സർവേ റിപ്പോർട്ട് ഇന്നേക്കകം സമർപ്പിക്കാനാണ് വാരണസി കോടതി ഉത്തരവിട്ടത്. ഇന്നലെ സർവേക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വ സംഘടനകളുടെ ഹരജിയിൽ പള്ളിയുടെ കുളം ഉൾപ്പെടുന്ന ഭാഗം സീൽ ചെയ്യാൻ ജില്ലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുന്നത്. മൂന്ന് അടി ഉയരമുള്ള കല്ലാണ് കണ്ടെത്തിയതെന്നാണ് അഭിഭാഷകൻ ദീപക് സിങ് പറഞ്ഞത്. ഇത് ശിവലിംഗമാണെന്നാണ് ഹിന്ദുത്വരുടെ അവകാശവാദം.
ശിവലിംഗം കണ്ടെത്തിയെന്ന വാർത്ത സന്തോഷകരമാണെന്ന് യു.പി ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. സത്യം തെളിയുമെന്നും കോടതി ഉത്തരവ് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന് ഉത്തരവു ലഭിച്ചിട്ടില്ലെങ്കിലും പള്ളിയുടെ കുളവും മറ്റും സീൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. വുദൂ (അംഗസ്നാനം) ചെയ്യാൻ വിശ്വാസികൾക്ക് മറ്റു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ നിസ്കാരം തടസപ്പെടില്ലെന്നും മസ്ജിദ് കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."