HOME
DETAILS

കില്‍ത്താന്‍ വിശേഷങ്ങള്‍

  
backup
May 23 2021 | 05:05 AM

travel-to-kilthan-lakshadweep-2021
കടല്‍ വേര്‍തിരിക്കുന്നുണ്ടെങ്കിലും നമ്മുടെ അയല്‍ക്കാരാണ് ലക്ഷദ്വീപുകാര്‍. കേരളത്തില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത, മലയാളം സംസാരിക്കുന്ന, നമ്മുടെ സഹോദരങ്ങളാണ് അവിടെയുള്ളത്. വിവിധയിനം ജന്തു സസ്യജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ ദ്വീപ് സമൂഹം. വെറും 32 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രകൃതി മനോഹരമായ കരഭൂമി. ലക്ഷദ്വീപിലെ കടലിലാണ് കരയേക്കാള്‍ ഭംഗി. ആഴംകുറഞ്ഞ കടലിലെ തെളിഞ്ഞ വെള്ളത്തിനടിയില്‍ സമുദ്രം ഒരുക്കുന്ന പവിഴപ്പുറ്റുകളും നിറപ്പകിട്ടാര്‍ന്ന കടല്‍ സസ്യങ്ങളും ചേര്‍ന്ന പൂന്തോട്ടം. കേരളത്തിന്റെ തീരത്തുനിന്ന് 220 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെ കടലിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ ഈ മനോഹര തീരങ്ങളില്‍ എത്തിച്ചേരാം. ശുദ്ധജലവും ഭൂപ്രകൃതിയുമൊക്കെ അനുകൂലമായി ഉള്ള കവരത്തി, അഗത്തി, അമിനി, കടമത്ത്, കില്‍ത്താന്‍, ബിത്ര, ആന്ത്രോത്ത്, കല്‍പേനി, മിനിക്കോയി എന്നിവയാണ് ജനവാസമുള്ള ദ്വീപുകള്‍. ബിത്രയാണ് ഇവയില്‍ ഏറ്റവും ചെറുത്. വെറും 271 പേര്‍ മാത്രമാണ് ഇവിടത്തെ താമസക്കാര്‍. ഏറ്റവും വലുപ്പമുള്ള ആന്ത്രോത്ത് ദ്വീപിന് ഏകദേശം അഞ്ചു ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് വിസ്തൃതി. വീതികുറഞ്ഞ് നീളത്തിലാണ് മിക്ക ദ്വീപുകളുടെയും കിടപ്പ്.
 
അമിനി ദ്വീപില്‍ നിന്ന് 51 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് കില്‍ത്താന്‍ ദ്വീപുള്ളത്. ഒന്നേമുക്കാല്‍ ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് കില്‍ത്താന്‍ ദ്വീപിന്റെ വിസ്തൃതി. നിരവധി പാറക്കൂട്ടങ്ങള്‍ ഈ ദ്വീപിലുണ്ട്. 2001 ലെ കണക്കെടുപ്പ് പ്രകാരം 3664 പേരാണ് ഇവിടത്തെ ജനസംഖ്യ. മലബാര്‍ തീരത്ത് നിന്ന് 394 കിലോമീറ്റര്‍ ദൂരത്താണ് കില്‍ത്താന്‍ സ്ഥിതി ചെയ്യുന്നത്. ജസ്‌രിയെന്ന പ്രാദേശിക ഭാഷ സംസാരിക്കുമെങ്കിലും പൊതുവെ മലയാളമാണ് ഉപയോഗിക്കുന്നത്. മിനിക്കോയ് ദ്വീപില്‍ മാത്രം മഹല്‍ എന്ന ഭാഷ സംസാരിക്കുന്നു.
 
മതവിശ്വാസം
 
ദ്വീപിലെ ഭൂരിഭാഗംപേരും ഇസ്‌ലാം മത വിശ്വാസം പിന്തുടരുന്നവരാണ്. ദ്വീപ് നിവാസികളുടെ മതവിശ്വാസത്തിന്റെ ചരിത്രം സംബന്ധിച്ച കൃത്യമായ രേഖകള്‍ ലഭ്യമല്ലെങ്കിലും ആറാം നൂറ്റാണ്ടില്‍ ദ്വീപിലെത്തിയ ഇസ്‌ലാം മത പ്രചാരകന്‍ ഉബൈദുള്ളയാണ് ലക്ഷദ്വീപ് സമൂഹത്തില്‍ ഇസ്‌ലാം മതം പ്രചരിപ്പിച്ചത്. യാഥാസ്ഥിതിക മത വിശ്വാസവും ആചാരങ്ങളും രൂഢമൂലമായിട്ടുള്ള ജീവിതരീതിയാണ് കില്‍ത്താന്‍ ജനത ഇപ്പോഴും പിന്തുടരുന്നത്. ലക്ഷദ്വീപിലെ ചെറിയപൊന്നാനിയെന്നാണ് ഇവിടം അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ മതപരമായ ചിട്ടവട്ടങ്ങളില്‍ കടുകുമണി മാറ്റങ്ങള്‍ വരുത്താതെ കാര്‍ക്കശ്യം നിലനിര്‍ത്തുന്നു. ഒട്ടേറെ ഇസ്‌ലാംമത പണ്ഡിതന്‍മാര്‍ക്ക് ജന്മം നല്‍കിയ നാടുകൂടിയാണിത്. റാത്തീബ് (കീര്‍ത്തനാലാപനം) പോലെയുള്ള ആചാരങ്ങള്‍ ഇന്നും കൃത്യതയോടെ പിന്തുടരുന്ന ജനതയാണിവിടെയുള്ളത്. സൂഫികളുടെ നാടാണ് കില്‍ത്താന്‍.
 
സ്വത്ത് സംവിധാനം
 
സ്വത്ത് വിഭജനത്തില്‍ മാതൃദായക സംവിധാനമാണ് കില്‍ത്താന്‍ ദ്വീപുകാര്‍ പിന്തുടരുന്നത്. മാതാവിന്റെ ബന്ധുക്കള്‍ ഒരുമിച്ചു തറവാട്ടില്‍ കൂട്ടുകുടുംബമായി താമസിക്കുന്നു. കല്യാണം കഴിയുന്നതോടെ ഭര്‍ത്താക്കന്മാര്‍ക്ക് രണ്ടാംസ്ഥാനമാണ്. തറവാടിന്റെ നേതൃത്വം മുതിര്‍ന്ന പുരുഷനാണ്. വീട്, തെങ്ങുകള്‍, വഞ്ചികള്‍ എന്നിവയാണ് ഓരോ വീട്ടുകാരുടേയും പ്രധാന സ്വത്ത്. ദ്വീപിലെ സ്വത്ത് സംവിധാനം വിചിത്രമായ രീതിയിലാണ്. ഇവിടെ സ്വത്ത് കണക്കാക്കുന്നത് ഭൂമിയിലുള്ള അവകാശത്തിന്റെ പേരിലല്ല. ഒരാള്‍ക്ക് എത്ര തെങ്ങ് സ്വന്തമായുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ്. പ്രധാനമായും മൂന്നുതരം സ്വത്തുണ്ട്. തറവാട്ടിലേക്ക് മാതാവ് വഴി ലഭിച്ച സ്വത്താണ് വെള്ളിയാഴ്ച സ്വത്ത്. ഇതില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ അവകാശമാണ്. എന്നാല്‍ ഇതില്‍ ഉള്‍പ്പെടുന്ന വീടിന്റെയും കെട്ടിടങ്ങളുടെയും അവകാശം പെണ്‍മക്കള്‍ക്കായിരിക്കും. കുടുംബനാഥന് പിതൃസ്വത്തായി ലഭിച്ചത് വ്യാഴാഴ്ച സ്വത്ത് എന്നറിയപ്പെടുന്നു. ഇതിന്റെ രണ്ടുഭാഗം ആണ്‍മക്കള്‍ക്കും ഒരുഭാഗം പെണ്‍മക്കള്‍ക്കും അവകാശപ്പെട്ടതാണ്. ഗൃഹനാഥന്‍ സ്വന്തമായി വാങ്ങിയ സ്വത്ത് ചൊവാഴ്ച സ്വത്താണ്. അത് അദ്ദേഹത്തിന് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കാം. ആധാരം നടത്തുമ്പോള്‍ ഏതു തരത്തില്‍ പെട്ട സ്വത്താണെന്ന് കൃത്യമായി കാണിച്ചിരിക്കണം. 
 
സ്ത്രീകള്‍ക്ക് ഉന്നതപദവി
 
കില്‍ത്താന്‍ ദ്വീപിലെ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പുരുഷനോടൊപ്പമോ അതിലേറെയോ സ്ഥാനമുണ്ട്. വെള്ളിയാഴ്ച സ്വത്ത് എന്നറിയപ്പെടുന്ന തറവാട്ട് സ്വത്ത് ക്രയവിക്രയം ചെയ്യാനും മറ്റുമുള്ള പൂര്‍ണ അധികാരം കുടുംബത്തിലെ സ്ത്രീകള്‍ക്കാണ്. വിവാഹശേഷം സ്ത്രീകള്‍ സ്വന്തം വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. വിവാഹശേഷം ഭാര്യയും ഭര്‍ത്താവും അവരവരുടെ സ്വന്തം വീടുകളില്‍ തന്നെ താമസിക്കുകയും അത്താഴ സമയത്ത് ഭര്‍ത്താവ് ഭാര്യയുടെ വീട്ടിലേക്ക് എത്തുകയും ചെയ്യുന്ന സമ്പ്രദായം ഇന്നും നിലനില്‍ക്കുന്നു. ഭാര്യയുടെയും മക്കളുടെയും ദൈനംദിന ചെലവിനായുള്ള അരി, തേങ്ങ, വസ്ത്രങ്ങള്‍ വിശേഷാവസരങ്ങളിലേക്കുള്ള ആഭരണങ്ങള്‍ എന്നിവ ഭര്‍ത്താവ് കൃത്യമായി ഭാര്യയുടെ വീട്ടില്‍ എത്തിക്കേണ്ടതുണ്ട്. തായ്‌വഴി പിന്തുടര്‍ച്ച, ഇവിടത്തെ സ്ത്രീകള്‍ക്ക് ഒരുതരത്തിലുള്ള സ്വയം ഭരണാധികാരവും ഉന്നതസ്ഥാനവും കല്‍പിച്ചു നല്‍കിയിരിക്കുന്നു. ഇന്ത്യയിലെ തന്നെ മറ്റു പ്രദേശങ്ങളില്‍ കരുതപ്പെടുന്നതുപോലെ പെണ്‍കുട്ടി എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ കൈമാറ്റം ചെയ്യപ്പെടേണ്ട ഒന്നായി ദ്വീപുകാര്‍ കണക്കാക്കുന്നില്ല. വിവാഹാനന്തരം അവരുടെ അവകാശങ്ങളോ വിലാസമോ പോലും മാറുന്നില്ല എന്നതാണ് സത്യം. വിവാഹമോചനം തേടാനുള്ള അവകാശവും സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്. വിവാഹമോചനം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ വിവാഹമോചനം നടത്തുകയും അനന്തരം അവരുടെ കുട്ടികളുടെ സംരക്ഷണം അമ്മ വീടായ തറവാട് ഏറ്റെടുക്കുകയുമാണ് ചെയ്യാറുള്ളത്. കില്‍ത്താന്‍ ദ്വീപില്‍ ഒരൊറ്റ അനാഥാലയവുമില്ലയെന്നത് ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്. കാലക്രമേണ പുറംലോകവുമായുള്ള സമ്പര്‍ക്കത്താല്‍ പലമാറ്റങ്ങളും ദ്വീപുകാരുടെ ജീവിത ശൈലികളില്‍ വന്നെങ്കിലും ആചാരങ്ങളിലും മറ്റും മാറ്റം കൊണ്ടുവരാന്‍ ദ്വീപിലെ പുതുതലമുറ പോലും ആഗ്രഹിക്കുന്നില്ല എന്നുള്ളത് മഹത്തരമാണ്.
 
മത്സ്യസമ്പത്ത്
 
ലക്ഷദ്വീപ് മേഖലയില്‍ ധാരാളമായി കാണുന്ന മത്സ്യമാണ് ചൂര അഥവാ ട്യൂണ ഫിഷ്. ചൂര മത്സ്യം കടല്‍ ചിക്കന്‍ എന്നും അറിയപ്പെടുന്നു. ചൂര മത്സ്യത്തിന്റെ വിപണനമാണ് ലക്ഷദ്വീപ് സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം. ദ്വീപ് നിവാസികളില്‍ വലിയൊരുവിഭാഗം ചൂര പിടുത്തക്കാരാണ്. കടലില്‍ നിന്നു പിടിക്കുന്ന ചൂര മത്സ്യം പ്രത്യേക രീതിയില്‍ സംസ്‌കരിച്ചാണ് ഇവര്‍ വില്‍പന നടത്തുന്നത്. മാസ് എന്ന് പേരുള്ള ചൂര ഉണക്കിയത് ലക്ഷദ്വീപ് ഉല്‍പന്നങ്ങളില്‍ ഒന്നാണ്.  ചൂര മത്സ്യം വെട്ടി വൃത്തിയാക്കി വലിയ പാത്രങ്ങളില്‍ നിറച്ച് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ഏതാനും മണിക്കൂറുകള്‍ വേവിക്കുന്നു. പിന്നീട് അടുപ്പിനു മുകളില്‍ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക സംവിധാനം ഉപയോഗിച്ച് ഇതിലേക്ക് രാത്രി മുഴുവന്‍ പുക കടത്തി വിടും, തുടര്‍ന്ന് വെയിലില്‍ ഉണക്കി എടുക്കുന്നതാണ് മാസ്. കിലോഗ്രാമിന് 350 മുതല്‍ 2000 രൂപ വരെ വിലയുള്ളതാണ് ഈ ഉല്‍പ്പന്നം. ഇത് വിവിധ പ്രദേശങ്ങളിലേക്ക് കയറ്റി അയക്കുന്നു. 
 
 
തെങ്ങു കൃഷി:
സമ്പത്തിന്റെ അളവുകോല്‍
 
ദ്വീപ് നിവാസികളുടെ പ്രധാനകൃഷി തെങ്ങാണ്. തെങ്ങില്‍ നിന്നുള്ള വിവിധ ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചാണ് ദ്വീപിലുള്ളവര്‍ പ്രധാനമായും ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. തേങ്ങയും കൊപ്രയും കയറുമൊക്കെ കയറ്റി അയച്ച് പകരം അരിയും വസ്ത്രങ്ങളും ഇറക്കുമതി ചെയ്യുകയാണ് ഇവിടത്തെ രീതി. ദ്വീപിലെ തെങ്ങുകൃഷിയുടെ ചരിത്രം രസകരമാണ്. കുടിയേറ്റക്കാര്‍ ആദ്യമായി ലക്ഷദ്വീപിലെത്തിയപ്പോള്‍ ഓരോരുത്തരും അവരവര്‍ക്ക് സാധിക്കുന്നിടത്തോളം സ്ഥലത്ത് തെങ്ങ് വച്ചു. തെങ്ങു വച്ചിടത്തോളം ഭൂമി അവരുടെ സ്വന്തം എന്നായിരുന്നു കണക്ക്. അങ്ങനെ കൂടുതല്‍ തെങ്ങ് വച്ചവര്‍ കൂടുതല്‍ ഭൂമിയുടെ അവകാശികളായി. ആദ്യ കാലത്തെ കേരളത്തിലെ ജന്മി-കുടിയാന്‍ സമ്പ്രദായങ്ങള്‍ ഒക്കെ ലക്ഷദ്വീപിലും നിലനിന്നിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ കോയമാര്‍ എന്നും കീഴാളര്‍ മേലച്ചേരികള്‍ എന്നും അറിയപ്പെട്ടു. തെങ്ങു നടുന്നതും പരിചരിക്കുന്നതും വിളവെടുത്ത് കൊപ്രയാക്കി വള്ളത്തില്‍ കയറ്റി കേരളത്തിലേക്ക് അയക്കുന്നതുമൊക്കെ മേലാച്ചേരികളുടെ ജോലിയായിരുന്നു. വള്ളം നന്നാക്കാനും പുര മേയാനുമൊക്കെ മേലാച്ചേരികള്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. 
കോയമാര്‍ വിട്ടുകൊടുക്കുന്ന 40 തെങ്ങുകളുടെ ആദായം എടുക്കാനുള്ള അവകാശം മാത്രമായിരുന്നു മേലാച്ചേരികളുടെ കൂലി. നടപ്പ് എന്നായിരുന്നു ഈ അവകാശം അറിയപ്പെട്ടിരുന്നത്. ജന്മിമാരുടെ തെങ്ങുകള്‍ക്കിടയില്‍ സ്വന്തമായി തെങ്ങുവയ്ക്കാനും മേലാച്ചേരികള്‍ക്ക് അനുവാദമുണ്ടായിരുന്നു. സ്വന്തമായി നടുന്ന തെങ്ങുകളുടെ അവകാശവും മേലാച്ചേരികള്‍ക്ക് ലഭിച്ചു. 
 
 
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ ഈ സമ്പ്രദായങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനക്ക് ചേരാത്തതായി മാറി. തെങ്ങുകളുടെ ഉടമസ്ഥാവകാശം അനുസരിച്ച് ഭൂമിയുടെ ഉടമസ്ഥത നിശ്ചയിച്ചിരുന്ന രീതിക്ക് സര്‍ക്കാര്‍ മാറ്റം വരുത്തി. ഒരു തോട്ടത്തിലെ പല തെങ്ങുകള്‍ക്ക് പല അവകാശികള്‍ എന്ന രീതി മാറ്റി. ഒരു പ്രത്യേക സ്ഥലത്തെ മുഴുവന്‍ തെങ്ങുകളും ഒരാള്‍ക്ക് എന്നമട്ടില്‍ ഉടമസ്ഥാവകാശം പുതിയ രീതിയില്‍ ആക്കി. ഇതോടുകൂടി നടപ്പ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കുടിയായ്മ സമ്പ്രദായം അവസാനിച്ചുവെങ്കിലും ഇന്നും തെങ്ങിന്റെ എണ്ണം ഒരാളുടെ സാമ്പത്തിന്റെ അളവ്‌കോല്‍ തന്നെയാണ്.
 
കില്‍ത്താന്‍:
സാംസ്‌കാരിക തലസ്ഥാനം
 
ലക്ഷദ്വീപിന്റെ സാംസ്‌കാരിക തലസ്ഥാനമായി കില്‍ത്താനെ വിശേഷിപ്പിക്കാം. വ്യത്യസ്ത കാരണങ്ങളാല്‍ രേഖപ്പടുത്താനാകാതെപോയ ചരിത്രത്തിലെ പല മുത്തുകളും എന്നെന്നേക്കുമായി നഷ്ടപ്പെട്ടിട്ടുണ്ടാകുമെങ്കിലും നിലവിലുള്ളവയെ സംരക്ഷിക്കാനായി വളരെയധികം കൂട്ടായ്മകള്‍ ദ്വീപുകളിലുണ്ടെന്നതു തന്നെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത്. കോലോടം (എന്‍. ഇസ്മത്ത് ഹുസൈന്‍), അറബിക്കടലിലെ കഥാഗാനങ്ങള്‍, തെക്കന്‍ ദ്വീപുകള്‍, നിയമത്തിന്റെ വഴിയിലൂടെ, ഉപദ്വീപില്‍ കുറേ ദ്വീപുകള്‍ (ചമയം ഹാജാഹുസൈന്‍), കിളുത്തനിലെ കാവ്യപ്രപഞ്ചം, അഹ്മദ് നഖ്ശബന്ധി, ലക്ഷദ്വീപ് സാഗരദ്വീപിന്റെ സാംസ്‌ക്കാരിക മുഖം (കെ. ബാഹിര്‍), സാഗരതീരത്തെ പൈതൃകം തേടി... തുടങ്ങിയവ കില്‍ത്താന്‍ ദ്വീപിന്റെ ചരിത്രവും സാഹിത്യവും പുറംലോകത്തോട് സംവദിക്കുന്ന സൃഷ്ടികളാണ്.
 
ദ്വീപുകളിലെ വൈജ്ഞാനിക സാഹിത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റഹ്മാനി. ഇത് ഒരു നാവിക ശാസ്ത്ര ഗ്രന്ഥമാണ്. ദ്വീപില്‍ പ്രചുരപ്രചാരമുള്ള പാരമ്പര്യ നാവിക ശാസ്ത്ര കൃതിയാണ് റഹ്മാനി. നാവിക ശാസ്ത്രത്തിനു പുറമെ രാശിക്കണക്ക്, നക്ഷത്രങ്ങളുടെയും മറ്റും ഗുണദോഷഫലങ്ങള്‍ തുടങ്ങിയ പാരമ്പര്യ വിശ്വാസങ്ങളെ കുറിച്ചും റഹ്മാനിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൈയ്യെഴുത്തായി പകര്‍ത്തി പോന്നിട്ടുള്ള ഈ ഗ്രന്ഥത്തിന് നമ്മുടെ നാട്ടിലെ എഞ്ചുവടിയുടെ സ്വഭാവമാണുള്ളത്. യന്ത്രങ്ങളുടെയോ ഉപകരണങ്ങളുടെയോ സഹായം കൂടാതെ നക്ഷത്രങ്ങളെ നോക്കി ദിശാ നിര്‍ണയം നടത്താന്‍ സമുദ്ര യാത്രികര്‍ക്കായിരുന്നു. റഹ്മാനിയില്‍ വിദഗ്ധരായിരുന്നു ലക്ഷദ്വീപിലെ മാല്‍മികള്‍.
 
അപ്പല്‍ കുത്തല്‍
 
ദ്വീപുകാരുടെ ഇഷ്ട ഭക്ഷണമാണ് അപ്പല്‍ (നീരാളി). നീരാളി പിടുത്തത്തിനാണ് അപ്പല്‍ കുത്തല്‍ എന്ന് പറയുന്നത്. രണ്ടു കമ്പികള്‍ ഉപയോഗിച്ച് പവിഴപ്പുറ്റുകളുടെ ഉള്‍ഭാഗത്ത് ഒളിച്ചിരിക്കുന്ന നിരാളികളെ പ്രത്യേക വൈദഗ്ധ്യത്തോടെ പുറത്തെടുത്ത് അതിന്റെ മഷി (വിഷം) ശ്രദ്ധയോടെ കളഞ്ഞ് തൂക്കിയെടുത്ത് കൊണ്ടുവരുന്ന കാഴ്ച, വല്ലാത്തൊരു അനുഭവമാണ് സമ്മാനിക്കുന്നത്. നീരാളികള്‍ക്ക് രണ്ട് ഇഞ്ച് മുതല്‍ 30 അടി വരെ നീളവും, മൂന്ന് മുതല്‍ ഇരുപത് കിലോ വരെ തൂക്കവമുണ്ടാകും.
 
കട്ടം മൂരലും മീരയും
 
അതിഥികള്‍ക്കായി കില്‍ത്താന്‍ ജനത ഒരുക്കുന്ന പ്രിയപ്പെട്ട പാനീയമാണ് മീര. തെങ്ങില്‍ നിന്ന് അപ്പോള്‍ തന്നെ ചെത്തിയിറക്കിയ പാനീയമാണ് മീര. ഇത് നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന തെങ്ങിന്‍ കള്ളല്ല, മറിച്ച് ചെത്തിയിറക്കിയ ഉടനെ മറ്റൊന്നും ചേര്‍ക്കാതെ ഉപയോഗിക്കുന്നതാണിത്. മീരയ്ക്ക് അതി മധുരമാണ്. കേരളത്തിലെ നീര ചെത്തുമ്പോള്‍ ചെളി തേയ്ക്കുന്നു. ലക്ഷദ്വീപില്‍ ചെളി ഉപയോഗിക്കുന്നില്ല. പൂങ്കുലയില്‍ തട്ടുന്നതിനും കണക്കുണ്ട്. ഇതിനായി അസ്ഥിക്കഷ്ണവും ഉപയോഗിക്കാറില്ല. ചെത്തുകത്തിയുടെ പിടി ഉപയോഗിച്ചാണ് തട്ടും മുട്ടും. ഇങ്ങനെ തട്ടുന്നതിന്റെ കണക്ക് മുകളിലുള്ള മടലില്‍ എഴുതിവയ്ക്കും. അടുത്ത ദിവസം ചെത്തുവാന്‍ വരുമ്പോള്‍ ഈ കണക്ക് അനുസരിച്ച് മാത്രമേ തട്ടാറുള്ളൂ. മീരയെടുക്കാനായി തെരഞ്ഞെടുക്കുന്ന തെങ്ങിനെയാണ് ദ്വീപില്‍ കട്ടം എന്നു പറയുന്നത്. മീരയെടുക്കുന്നതിനായി തെങ്ങ് ചെത്തുന്നതാണ് കട്ടം മൂരല്‍. കട്ടം മൂരല്‍ തികച്ചും ഒരു സീസണല്‍ തൊഴിലാണ്.
 
നീരയില്‍ നിന്ന് ദ്വീപു നിവാസികള്‍ നിര്‍മിക്കുന്ന ചക്കരയും മധുരമേറിയതാണ്. ചക്കരയുടെ പുളി മാറ്റാന്‍, കടലില്‍ നിന്നുകിട്ടുന്ന ഒരു പ്രത്യേകതരം കല്ല് ഇട്ടുവയ്ക്കും. അതിന് കണക്കുണ്ട്. പുളിയെല്ലാം കല്ല് വലിച്ചെടുക്കുന്നു. നിശ്ചിത ദിവസം കഴിഞ്ഞാല്‍ ഇവ കളയും. ലഹരിയുടെ കൂട്ടത്തില്‍പെടാത്തതിനാല്‍ ലക്ഷദ്വീപിലെ സര്‍വ്വരും ഉപയോഗിക്കുന്ന പാനീയമാണിത്. മീര ഉപയോഗിച്ച്  സുര്‍ക്കയും (വിനാഗിരി), തെങ്ങിന്‍ ചക്കരയുമുണ്ടാക്കും. സുര്‍ക്ക മത്സ്യ സംസ്‌കരണത്തിന് പ്രധാന ഘടകമാണ്. തെങ്ങുകള്‍ ധാരാളമുള്ള നാട്ടില്‍ ഇളനീരും മീരയും ചക്കരയുമെല്ലാം സുലഭമാകുന്നതില്‍ അത്ഭുതമില്ല.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago