ഏഴുമാസം റേഷന്‍ കടകളില്‍ കെട്ടിക്കിടന്ന് നശിച്ചത് 596 ടണ്‍ കടല
തിരുവനന്തപുരം: സംസ്ഥാനത്തെ 14,250 റേഷന്‍ കടകളിലായി ഏഴുമാസത്തിനിടെ കെട്ടിക്കിടന്നു നശിച്ചത് 596 ടണ്‍ കടല. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയില്‍ കഴിഞ്ഞ നവംബറില്‍ കേരളത്തിലെത്തിയ കടലയാണ് കെട്ടിക്കിടന്നു നശിച്ചത്. നവംബറിനുശേഷം കേന്ദ്രം പദ്ധതി ഉപേക്ഷിക്കുകയും കഴിഞ്ഞ മണ്‍സൂണിനു പിന്നാലെ എല്ലാ മാസവും കനത്ത മഴയുണ്ടാവുകയും ചെയ്തതോടെ കടല പൂപ്പല്‍ വന്നുനശിക്കുകയായിരുന്നു. കെട്ടിക്കിടന്ന കടല കൊവിഡ് സമാശ്വാസ കിറ്റില്‍ നല്‍കാനുള്ള തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ഫെബ്രുവരി അവസാനം ഇത് കൊവിഡ് സമാശ്വാസ കിറ്റില്‍ നല്‍കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച്, ഏപ്രില്‍ കിറ്റ് വിതരണം കഴിഞ്ഞിട്ടും മെയ് മാസത്തേത് പകുതിയായിട്ടും റേഷന്‍ കടകളില്‍നിന്നും കടല കൊണ്ടുപോകാന്‍ അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞദിവസം വീണ്ടും ഇതുസംബന്ധിച്ച് ഉത്തരവുണ്ടായെങ്കിലും ഏഴുമാസം പഴകിയ കടല ഉപയോഗിക്കാനാവത്ത സാഹചര്യമാണ്. ഗോഡൗണുകള്‍ മുഖേന ശേഖരിച്ച് ഭക്ഷ്യയോഗ്യമാണെങ്കില്‍ ഈ മാസത്തെ അതിജീവന കിറ്റില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. ഗുണമേന്മ പരിശോധിച്ച ശേഷമേ ഉപയോഗിക്കാവൂ എന്ന് പ്രത്യേക നിര്‍ദേശമുണ്ട്. പഴകിയ കടല കാലിത്തീറ്റ കമ്പനികള്‍ക്കു മാത്രമേ നല്‍കാനാവൂ എന്നാണ് ജീവനക്കാരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."