സി.പി.എം പ്രത്യയശാസ്ത്രപരമായി തകര്‍ച്ച നേരിടുന്നു: രമേശ് ചെന്നിത്തല
തൃപ്പൂണിത്തുറ: ആശയപരവും പ്രത്യയശാസ്ത്രപരവുമായ തകര്‍ച്ച നേരിടുന്ന പ്രസ്ഥാനമായി സി.പി.എം മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും പഞ്ചായത്തംഗങ്ങളെയും മണ്ഡലം പ്രസിഡന്റിനെയും മര്‍ദിക്കുകയും കോണ്‍ഗ്രസ് ഓഫിസ് തകര്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഉദയംപേരൂര്‍ നടക്കാവില്‍ യു.ഡി.എഫ് നടത്തിയ ഉപവാസ സമരവും പ്രതിഷേധ കൂട്ടായ്മയുടെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അധികാരത്തിന്റെ തണലില്‍ നിയമം കയ്യില്‍ എടുക്കാനുള്ള എല്ലാ അവസരവും ഒരുക്കിക്കൊടുക്കുകയാണ് സി.പി.എം.
അധികാരമേറ്റ് മൂന്ന് മാസത്തിനുള്ളില്‍ 60 കൊലപാതകങ്ങള്‍ ഉണ്ടായി കഴിഞ്ഞു. പ്രതികള്‍ക്ക് സംരക്ഷണം കൊടുക്കുകയാണ് സി.പി.എം ചെയ്യുന്നത്. കോണ്‍ഗ്രസ് ഓഫിസ് അടിച്ച് തകര്‍ത്തതില്‍ പൊലിസ് നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. വി.ഡി സതീശന്‍, ഹൈബി ഈഡന്‍, എം.എ ചന്ദ്രശേഖരന്‍, ജയ്‌സണ്‍ ജോസഫ്, സി വിനോദ്, രാജു പി നായര്‍, ജോണ്‍ ജേക്കബ്, ജയാസോമന്‍, ടി.വി ഗോപിദാസ്, ബാബു ആന്റണി, ഗീതാ സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ 11ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി കെ ബാബു, പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്, നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ബാബു ആന്റണി, രാജു പി നായര്‍, ജൂബന്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."