ആരാധനാലയ നിയമം മഥുര കേസിൽ ബാധകമല്ലെന്ന് കോടതി
ആഗ്ര
ആരാധനാലയ നിയമം (പ്ലേസ് ഓഫ് വൊർഷിപ്പ് ആക്ട്) ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ ബാധകമാകില്ലെന്ന് മഥുര കോടതി. മഥുര ഷാഹി ഈദ്ഗാഹ് മജ്‌സിദ് നിൽക്കുന്നത് ശ്രീകൃഷ്ണ ജന്മഭൂമിയിലാണെന്ന ഹരജി ഫയലിൽ സ്വീകരിച്ച ശേഷമാണ് കോടതിയുടെ നിരീക്ഷണം. 1991ലെ പ്ലേസ് ഓഫ് വൊർഷിപ്പ് (സ്‌പെഷൽ പ്രൊവിഷൻസ്) നിയമം 1991 ന്റെ സെക്ഷൻ 4 (3) (ബി) പ്രകാരം ഈ കേസിൽ ബാധകമാകില്ലെന്ന് മഥുര ജില്ലാ ജഡ്ജ് രാജീവ് ഭാരതി ഉത്തരവിൽ പറഞ്ഞു.
വ്യാഴാഴ്ചത്തെ ഉത്തരവ് ശനിയാഴ്ചയാണ് പുറത്തുവന്നത്. ഉത്തരവ് മഥുര, കാശി ക്ഷേത്രങ്ങൾ സംബന്ധിച്ച തങ്ങളുടെ നിലപാടിന് അനുകൂലമാണെന്ന് വി.എച്ച്.പി പറഞ്ഞു. 1991ലെ നിയമത്തെ കുറിച്ച് നേരത്തെ സുപ്രിംകോടതി നിലപാട് വ്യക്തമാക്കിയതാണെന്ന് ഷാഹി ഈദ്ഗാഹ് മസ്ജിദ് അഭിഭാഷകർ പറഞ്ഞു. 2020 സെപ്റ്റംബറിൽ കീഴ്‌ക്കോടതി തള്ളിയ ഹരജിയാണ് ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചത്. ശ്രീകൃഷ്ണന്റെ ഭക്തന് ഇത്തരം ഹരജി ഫയൽ ചെയ്യാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ഹരജി തള്ളിയത്. എന്നാൽ ഭക്തന് മതപരമായ അവകാശങ്ങളിൽ ഇടപെടാൻ ഹരജി നൽകാമെന്നും ഭക്തൻ ദൈവത്തിന്റെ അടുത്ത സുഹൃത്താണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ഹരജി നിലനിൽക്കും. ഇരുഭാഗത്തെയും കേൾക്കാൻ കീഴ്‌ക്കോടതി തയാറാകേണ്ടിയിരുന്നുവെന്നും ജില്ലാ കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."