കൗരവരെ ആര്‍.എസ്.എസുമായി ഉപമിച്ചുവെന്ന്, വീണ്ടും രാഹുലിനെതിരേ അപകീര്‍ത്തി കേസ്
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്കെതിരേ ഇന്ന് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. മറ്റൊരു കേസില്‍ രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ പാട്‌നയിലെ പ്രത്യേക കോടതിയും ആവശ്യപ്പെട്ടു. അതേ സമയം ഒരു പ്രശ്‌നത്തിനു മേല്‍ വിവിധ കോടതികളിലായി കേസ് നല്‍കി രാഹുലിനെ കുടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മോദി സമുദായത്തെ അപമാനിച്ചു എന്ന കേസില്‍ ഈ മാസം 12ന് ഹാജരാകാനാണ് പാട്‌നയിലെ പ്രത്യേക കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുശീല്‍ കുമാര്‍ മോദിയുടെ പരാതിയിന്‍മേലാണ് നടപടി. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ മോദി സമുദായത്തെ രാഹുല്‍ അപകീര്‍ത്തിപ്പെടുത്തി എന്ന പേരിലാണ് കേസ്. ഇതേ കേസിലാണ് സൂറത്ത് കോടതി കഴിഞ്ഞയാഴ്ച രാഹുലിനെ ശിക്ഷിച്ചത്.
അപകീര്‍ത്തി പരാമര്‍ശ കേസില്‍ രാഹുലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് സൂറത്ത് കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് വീണ്ടും കേസുകളില്‍ കുരുക്കി തകര്‍ക്കാനുള്ള നീക്കങ്ങളെന്നാണ് ആക്ഷേപം. ഭാരത് ജോഡോ യാത്രക്കിടെ ജനുവരിയില്‍ നടത്തിയ പ്രസംഗത്തിനിടെ ആര്‍.എസ്.എസിനെകുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഇന്ന് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തത്.
21ാം നൂറ്റാണ്ടിലെ കൗരവരാണ് ആര്‍.എസ.്എസുകാരെന്നും 21ാം നൂറ്റാണ്ടിലെ കൗരവര്‍ കാക്കി പാന്റുകള്‍ ധരിക്കുന്നവരാണ്. കയ്യില്‍ ലാത്തിയുമേന്തി ശാഖ നടത്തുന്നവരാണ്. ഇന്ത്യയിലെ 23 ശതകോടീശ്വരന്‍മാര്‍ കൗരവന്മാരോടൊപ്പം നില്‍ക്കുന്നവരാണ്. എന്നിങ്ങനെ രാഹുല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കമല്‍ ബദൗരിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനായ അരുണ്‍ ബദൗരിയയാണ് ഹരിദ്വാര്‍ കോടതിയെ സമീപിച്ചത്.
2023 ജനുവരി ഒമ്പതിന് ഹരിയാനയിലെ അംബാലയില്‍ ഭാരത് ജോഡോ യാത്രക്കിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കേസ് ഏപ്രില്‍ 12ന് പരിഗണിക്കുമെന്നാണ് വിവരം. അതേ സമയം സംഘ് പരിവാര്‍ നീക്കങ്ങളെ മുന്‍കൂട്ടി കണ്ട് വേണ്ട നിയമ പരിരക്ഷ രാഹുലിന് ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് മുന്‍കരുതലെടുത്തില്ല എന്ന് നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. മോദിസമുദായത്തിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ രാഹുലിനെതിരെ ലണ്ടനില്‍ കേസ് കൊടുക്കുമെന്ന് വ്യവസായിയായ ലളിത് മോദിയും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."