ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളില്‍ യാത്രക്കാരന് പെട്രോളൊഴിച്ച് തീയിട്ടു; എട്ടുപേര്‍ക്ക് പൊള്ളലേറ്റു
കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ യാത്രക്കാരന് ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളില്‍ പെട്രോളൊഴിച്ച് തീയിട്ടു. ആലപ്പുഴ - കണ്ണൂര്‍ എക്സിക്യുട്ടിവ് എക്സ്പ്രസിലാണ് യാത്രക്കാരന് തീയിട്ടത്. ഡി1 കംപാര്‍ട്മെന്റിലാണ് തീയിട്ടത്. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സഹയാത്രികരുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ ട്രെയിനിനുള്ളില്‍ തീയിട്ടതെന്നാണ് വിവരം.
ഞായറാഴ്ച രാത്രി 9.05ന് കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്കു പുറപ്പെട്ടപ്പോഴാണ് യാത്രക്കാരന് ട്രെയിനിനുള്ളില്‍ തീയിട്ടത്. ട്രെയിന്‍ കോരപ്പുഴ പാലത്തിനു മുകളിലൂടെ നീങ്ങുമ്പോഴായിരുന്നു സംഭവം. നിലത്ത് പെട്രോളൊഴിച്ചാണ് തീയിട്ടതെന്നാണ് യാത്രക്കാര്‍ നല്കുന്ന വിവരം. കാറ്റത്ത് തീ പെട്ടെന്ന് പടര്‍ന്നുപിടിച്ചതോടെ, സമീപത്തെ സീറ്റുകളിലിരുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തീപടര്‍ന്നു. തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ മറ്റ് കംപാര്‍ട്ട്മെന്റുകളിലേക്ക് ഓടി. ഇതിനിടെ യാത്രക്കാരിലൊരാള്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തീ പടര്‍ന്നെങ്കിലും ഉടന്‍ തന്നെ അണയ്ക്കാനായത് വന്‍ അപകടം ഒഴിവാക്കി. തീയിട്ടയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."