ഗംഗാതീരത്തെ മൃതദേഹങ്ങള്‍ കാണാതിരിക്കാന്‍ ശവക്കച്ചകളും മാറ്റി
പ്രയാഗ്‌രാജ്: കാറ്റും മഴയും മൂലം ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഗംഗാതീരത്ത് കുഴിച്ചുമൂടിയ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊങ്ങിവരുന്നത് പതിവായതോടെ അവയെ കാമറക്കണ്ണുകളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ മൃതദേഹങ്ങള്‍ മൂടിയ കാവി നിറത്തിലുള്ള ശവക്കച്ചയും അതിരുവച്ച മുളവടിയും നീക്കം ചെയ്തു മുനിസിപ്പല്‍ അധികൃതര്‍. ആഴ്ചകള്‍ക്ക് മുന്‍പ് നിരവധി മൃതദേഹങ്ങളാണ് ഗംഗയില്‍ ഒഴുകി നടന്നത്. അതോടൊപ്പം ഗംഗാതീരങ്ങളില്‍ നിരവധി മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു. ഇതെല്ലാം സര്‍ക്കാര്‍ ഗംഗാതീരത്ത് മണലില്‍ തന്നെ കുഴിച്ചുമൂടി. പിന്നാലെ കാറ്റടിച്ച് മണല്‍ നീങ്ങിയതോടെ ശവക്കച്ചകള്‍ പുറത്തായി. ഇതിന്റെ ചിത്രങ്ങള്‍ ഡ്രോണ്‍ കാമറയില്‍ പകര്‍ത്തി റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ചതോടെ യു.പി സര്‍ക്കാര്‍ നാണക്കേടിലായിരുന്നു.
വീണ്ടും കുഴിച്ചുമൂടിയെങ്കിലും പിന്നാലെ പെയ്ത മഴയിലും കാറ്റിലും ശവക്കച്ചകളും ശവക്കുഴികള്‍ക്ക് അതിരായി വച്ച മുളവടികളും വീണ്ടും പൊങ്ങി. ഇതാണ് നീക്കം ചെയ്തിരിക്കുന്നത്. ഇതിനെതിരേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ജീവിച്ചിരുന്നപ്പോള്‍ അവര്‍ക്ക് മതിയായ ചികിത്സ ലഭിച്ചില്ല. ആദരവോടെയുള്ള സംസ്‌കാരവും ലഭിച്ചില്ല. സര്‍ക്കാര്‍ കണക്കുകളിലും അവര്‍ ഇല്ല. ഇപ്പോള്‍ അവരുടെ ശവക്കുഴിക്ക് മുകളിലെ തുണികള്‍ പോലും എടുത്തുകൊണ്ടുപോകുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."