HOME
DETAILS

ഇന്ത്യയില്‍ ഗോതമ്പ് വില ഉയരുമ്പോള്‍ ആര്‍ക്കാണ് ഗുണം?

  
backup
May 25 2022 | 20:05 PM

todays-article-26-05-2022-wheat-price

നാന്റൂ ബാനർജി


ഈ വർഷം റെക്കോഡ് ഗോതമ്പ് കയറ്റുമതി ലക്ഷ്യമിടുന്നതായി സർക്കാർ പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്തെ ഗോതമ്പ് വിപണിയിലെ മാറ്റങ്ങൾ ശ്രദ്ധേയമാണ്. ഫെബ്രുവരിയിലെ റഷ്യ-ഉക്രൈൻ യുദ്ധത്തെ തുടർന്ന് കരിങ്കടൽ മേഖലയിൽ നിന്നുള്ള കയറ്റുമതി ഇടിഞ്ഞതിനു ശേഷമാണ് ഇന്ത്യ കയറ്റുമതി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യയിൽ ഗോതമ്പ് വില റെക്കോഡ് നിലയിലേക്കാണ് ഉയർന്നത്. ചില സ്‌പോട്ട് മാർക്കറ്റുകളിൽ വില 25 ശതമാനം ഉയർന്ന് ഒരു മെട്രിക് ടണ്ണിന് 25,000 രൂപ എന്ന നിലയിൽ വരയെത്തി. സർക്കാരിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവിലയായ 20,150 രൂപയാണെന്നിരിക്കെയാണിത്. കയറ്റുമതി വ്യാപാരം അനുസരിച്ച് 2021-22ൽ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി റെക്കോഡായ 7.85 ദശലക്ഷം ടണ്ണിലെത്തിയിട്ടുണ്ട്.


ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നുണ്ട്. ഒരു ടണ്ണിന് 225 ഡോളറിനും 335 ഡോളറിനും ഇടയിലുള്ള വിലയ്ക്കാണ് മിക്ക കയറ്റുമതി കരാറുകളും. 2022 മുതൽ 2023 വരെ 10 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ഏപ്രിലിൽ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. അതിനെ തുടർന്ന് രാജ്യത്തെ ആഭ്യന്തര വിപണിയിൽ ഗോതമ്പ് വില കുതിച്ചുയരാനും തുടങ്ങി. കൂടാതെ, താങ്ങുവിലയിലുള്ള സർക്കാർ സംഭരണം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 50 ശതമാനമായി കുറയുകയും ചെയ്തു. ഗോതമ്പ് കയറ്റുമതി നിരോധിക്കുന്നതിലൂടെ പ്രാദേശിക വില കുറയ്ക്കാനാണ് സർക്കാർ നിലവിൽ ശ്രമിക്കുന്നത്.


കഴിഞ്ഞ മാസം മാത്രം 1.4 ദശലക്ഷം ടൺ എന്ന റെക്കോഡ് അളവ് ഗോതമ്പ് ഇന്ത്യ കയറ്റുമതി ചെയ്തു. മെയിൽ ഏകദേശം 1.5 ദശലക്ഷം ടൺ കയറ്റുമതി ചെയ്യുന്നതിനുള്ള പുതിയ കരാറുകളിൽ വ്യാപാരികൾ ഒപ്പുവച്ചിരുന്നു.
' അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റാൻ ' ശ്രമിക്കുന്ന രാജ്യങ്ങളുടെ അഭ്യർഥന പ്രകാരം ലെറ്റർ ഓഫ് ക്രെഡിറ്റ് (എൽ.ഒ.സി) നൽകിയിട്ടുള്ള കയറ്റുമതി ഇനിയും അനുവദിക്കുമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തു. കയറ്റുമതി ഉത്തരവുകൾ റദ്ദാക്കുന്നതിന് യുദ്ധം, തൊഴിൽ തടസങ്ങൾ, തീവ്ര കാലാവസ്ഥ തുടങ്ങിയ നിയന്ത്രണാതീതമായ സാഹചര്യങ്ങളെ പരാമർശിക്കുന്ന ഫോഴ്‌സ് മജ്യൂർ ക്ലോസ് സർക്കാർ പ്രയോഗിച്ചില്ല.


ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന കഠിന ചൂടുള്ള കാലാവസ്ഥയാണ് ഗോതമ്പ് കയറ്റുമതി നിരോധിക്കുന്നതിന് പിന്നിൽ സർക്കാർ പറയുന്ന ഒരു കാരണം.


ഇന്ത്യയുടെ മൊത്തം ഗോതമ്പ് ഉൽപാദനത്തിന്റെ 38 ശതമാനവും ഉത്തർപ്രദേശിലാണ്. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷം ചൈന 135 ദശലക്ഷം ടൺ ഗോതമ്പ് ഉൽപാദിപ്പിച്ചപ്പോൾ ഇന്ത്യ 109 ദശലക്ഷം ടൺ ഗോതമ്പ് ഉൽപാദിപ്പിച്ചു. 2021ൽ ചൈനയുടെ ഗോതമ്പ് ഇറക്കുമതി 16.6 ശതമാനമായി ഉയർന്ന് 9.77 ദശലക്ഷം ടണ്ണിലെത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ ഗോതമ്പ് ഉൽപാദക രാജ്യമായ റഷ്യ ഏകദേശം 86 ദശലക്ഷം ടൺ ഉൽപാദിപ്പിക്കുന്നു. ഈ വർഷം ഇന്ത്യയിൽ ഗോതമ്പ് ഉൽപാദനം ഏകദേശം മൂന്ന് ശതമാനം ചുരുങ്ങി 106 ദശലക്ഷം ടണ്ണിലേക്ക് താഴുമെന്ന് ഇന്ത്യയുടെ കാർഷിക മന്ത്രാലയം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. 2014-15 ന് ശേഷമുള്ള ആദ്യ ഇടിവാകും അത്.
ഇന്ത്യയുടെയും (139 കോടി) ചൈനയുടെയും (144 കോടി) ജനസംഖ്യയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതിയെ ന്യായീകരിക്കാൻ ഒരു കാരണവുമില്ല. പ്രതിവർഷം 148 ദശലക്ഷം ടൺ ഉൽപാദിപ്പിക്കുന്ന ചൈന ലോകത്തിലെ ഏറ്റവും വലിയ നെല്ലുൽപാദകർ കൂടിയാണ്. അവിടെ അരി ഇറക്കുമതിയും ചെയ്യുന്നു. ഏറ്റവും വലിയ രണ്ടാമത്തെ അരി ഉൽപാദകരായ ഇന്ത്യ 122 ദശലക്ഷം ടണ്ണിനടുത്ത് ഉൽപാദിപ്പിക്കുകയും ഒരു പ്രധാന അരി കയറ്റുമതിക്കാരാവുകയും ചെയ്യുന്നു. 2021-22ൽ 150 രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്തിട്ടുണ്ട്.


ഡയറക്ടറേറ്റ് ജനറൽ ഓഫ് കൊമേഴ്‌സ്യൽ ഇന്റലിജൻസിന്റെ (ഡി.ജി.സി.ഐ) കണക്കനുസരിച്ച് 2019-20ൽ 200 കോടി യു.എസ് ഡോളറിന്റെ ബസുമതി ഇതര അരി ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഇത് 2020-21ൽ 480 കോടി ഡോളറായും 2021-22ൽ 611 കോടി ഡോളറായും ഉയർന്നു. 2021ൽ ഇന്ത്യയുടെ അരി കയറ്റുമതി 21.4 ദശലക്ഷം ടൺ ആയിരുന്നു. മുൻ വർഷത്തേക്കാൾ 46 ശതമാനമായിരുന്നു വർധന. 2021ൽ 2.48 ദശലക്ഷം ടണ്ണുമായി ഇന്ത്യൻ അരി ഏറ്റവും കൂടുതൽ വാങ്ങിയത് ബംഗ്ലാദേശായിരുന്നു.
നേപ്പാൾ, ബെനിൻ, ചൈന എന്നിവരാണ് തൊട്ടുപിന്നിൽ. ഇന്ത്യയിലെ ദരിദ്രരിൽ ഏകദേശം 20 ശതമാനം പേർ വിലകുറഞ്ഞ ധാന്യങ്ങളായ പേൾ മില്ലറ്റ് (ബജ്‌റ), ചോളം എന്നിവ ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. അവ മൃഗങ്ങളുടെ തീറ്റയ്ക്കായും ഉപയോഗിക്കുന്നു.


പ്രത്യക്ഷത്തിൽ ഇന്ത്യയിൽ വില നിയന്ത്രിക്കാനാണ് ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. നിലവിലുള്ള ഉഷ്ണതരംഗങ്ങൾ കാരണം ഈ വർഷം ഗോതമ്പ് ഉൽപാദനം കുറയുമെന്ന് സർക്കാർ ഭയപ്പെടുന്നു. എന്നാൽ ഈ വർഷം 10 ദശലക്ഷം ടണ്ണിലധികം ഗോതമ്പ് കയറ്റുമതി ലക്ഷ്യം കൈവരിക്കാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സർക്കാർ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് പുതിയ സംഭവവികാസങ്ങൾ വിശദീകരിക്കുന്നില്ല.


ഇന്ത്യയുടെ പെട്ടെന്നുള്ള ഗോതമ്പ് കയറ്റുമതി നിരോധനം പല രാജ്യങ്ങളെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ പരമ്പരാഗത കയറ്റുമതി ശക്തികേന്ദ്രങ്ങളിലെ ഉൽപാദന പ്രശ്‌നങ്ങളും യുദ്ധത്തിൽ തകർന്ന കരിങ്കടൽ മേഖലയിലെ വിതരണ ലൈനുകൾ തകരാറിലായതും ഇതിനകം തന്നെ വിതരണത്തിന്റെ കാര്യത്തിലുള്ള പ്രതിസന്ധിയിൽ വലയുന്ന ലോക വിപണികൾക്ക് ഇത് പുതിയ തിരിച്ചടി നൽകി.


സാധാരണ കാലങ്ങളിൽ റഷ്യയും ഉക്രൈനും ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് വിതരണ സ്രോതസുകളാണ്. ഇന്ത്യയുടെ തീരുമാനം ജി-7 ബ്ലോക്കിനെ പ്രത്യേകിച്ച് അസ്വസ്ഥമാക്കിയിട്ടുണ്ട്. അടുത്തിടെ മെയ് 1-2 തീയതികളിലെ ജർമ്മനി സന്ദർശന വേളയിൽ അസാധാരണമായ സാഹചര്യം നേരിടുന്ന രാജ്യങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാൻ ഇന്ത്യയ്ക്കാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ വർഷം ഗോതമ്പ് കയറ്റുമതിയുടെ സാധ്യതകൾ കണക്കാക്കാൻ ഒൻപത് രാജ്യങ്ങളിലേക്ക് ഒരു വ്യാപാര പ്രതിനിധി സംഘത്തെ അയക്കാനും ഇന്ത്യ പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും അടുത്തിടെ പ്രവചിക്കപ്പെട്ട ഉൽപാദനക്കുറവ് സർക്കാരിന്റെ നിലപാട് പെട്ടെന്ന് മാറ്റിയതായി പറയപ്പെടുന്നു. ആഗോള വിപണിയിൽ ധാന്യത്തിന് ക്ഷാമമില്ലെന്ന് ഇന്ത്യ പറയുമ്പോൾ ആഭ്യന്തര ഭക്ഷ്യസുരക്ഷയെ മുൻനിർത്തിയാണ് കയറ്റുമതി നിയന്ത്രിക്കുന്നത്.


എങ്കിലും, അനുഭവം അനുസരിച്ച് കുറഞ്ഞ ഉൽപാദന പ്രവചനം ഉണ്ടായിരുന്നിട്ടും ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനം ദീർഘകാലം നിലനിൽക്കുമോ എന്ന് ഉറപ്പില്ല. 2014-15 ൽ പോലും ഇന്ത്യയുടെ ധാന്യ ഉൽപാദനം കുത്തനെ ഇടിഞ്ഞപ്പോൾ ഗോതമ്പ്, അരി, ധാന്യം എന്നിവ കയറ്റുമതി ചെയ്യാൻ വ്യാപാരികൾക്ക് കഴിഞ്ഞു.


എന്നിരുന്നാലും അവരുടെ സംയുക്ത കയറ്റുമതി 29 ശതമാനം കുറഞ്ഞ് 13.5 ദശലക്ഷം ടണ്ണായി. വിരോധാഭാസമെന്നു പറയട്ടെ, ഇന്ത്യൻ വ്യാപാരികൾ വർഷാവർഷം പതിവായി ഗോതമ്പ് ഇറക്കുമതി ചെയ്യുന്നുമുണ്ട്. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2016-17 വർഷങ്ങളിലാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഗോതമ്പ് ഇറക്കുമതി. ഈവർഷങ്ങളിൽ ഓസ്‌ട്രേലിയ, ഫ്രാൻസ്, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്ന് 2.7 ദശലക്ഷം ടൺ ഗോതമ്പ് വാങ്ങി.


അതേവർഷം തന്നെ 1.2 ദശലക്ഷം ടൺ ധാന്യത്തിന് കരാറിൽ ഏർപ്പെട്ടു. 2016ൽ ഗോതമ്പ് കയറ്റുമതിയിൽ നിന്ന് ഇന്ത്യ 50 ദശലക്ഷം ഡോളറാണ് സമ്പാദിച്ചത്. യഥാർഥത്തിൽ സ്വകാര്യ വ്യാപാരികളാണ് ഗോതമ്പ്, അരി, ധാന്യങ്ങൾ, പഞ്ചസാര, ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി, കയറ്റുമതി, വില എന്നിവ നിയന്ത്രിക്കുന്നത്. ഗോതമ്പ് കയറ്റുമതിക്കുള്ള ഗവൺമെന്റിന്റെ ഏറ്റവും പുതിയ നിരോധനം ഒരു താൽകാലിക നടപടിയാണെന്ന് തോന്നുന്നു.
ജൂൺ അവസാനത്തോടെ ഗോതമ്പ് കയറ്റുമതി നിരോധനം പിൻവലിക്കാനോ മയപ്പെടുത്താനോ സാധ്യതയുണ്ട്. കയറ്റുമതി നിരോധനം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പ് തന്നെ ചില ആഭ്യന്തര വിപണികളിലെ വ്യാപാരികൾ ഗോതമ്പ് വില കുറച്ചിട്ടുണ്ട്.
ഈ വിലയിടിവ് വ്യാപാരികൾ കാർഷിക വിപണിയെ എങ്ങനെ നിയന്ത്രിക്കുന്നുവെന്നത് വ്യക്തമായി സൂചിപ്പിക്കുന്നു. ആഭ്യന്തര ഗോതമ്പ് വിപണിയിലെ വില വ്യതിയാനം ഇനിയുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ പ്രവണതയെ ആശ്രയിച്ചിരിക്കും. ആസാനി, കരീം ചുഴലിക്കാറ്റുകൾ കാരണം ഈ വർഷം മൺസൂൺ നേരത്തേ വരുമെന്ന് സർക്കാരിന്റെ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ഒരാഴ്ച മുമ്പ് പ്രവചിച്ചിരുന്നു.
2022ൽ ഒരു സാധാരണ തെക്കുപടിഞ്ഞാറൻ മൺസൂൺ ഐ.എം.ഡി പ്രവചിച്ചിട്ടുണ്ട്. ചില പ്രത്യേക ഭാഗങ്ങളിൽ കുറഞ്ഞ മഴ ലഭിക്കുമെങ്കിലും തുല്യമായ മഴയുടെ വിതരണം ഇത്തവണ പ്രവചിക്കപ്പെടുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ ഭാഗം എന്നിവ ഒഴികെ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന മിക്ക പ്രദേശങ്ങളിലും ജൂൺ പകുതിയോടെ തന്നെ നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ജൂലൈ ആദ്യവാരമാണ് ആരംഭിക്കുക. എന്നിരുന്നാലും ആഭ്യന്തര ഗോതമ്പ് വിലയിൽ ഇടിവ് കാണിക്കാൻ സാധ്യതയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിന്റെ സ്‌നേഹത്തിന് നന്ദി; പ്രിയങ്കാഗാന്ധി മണ്ഡലത്തില്‍, ഉജ്ജ്വല സ്വീകരണം

Kerala
  •  2 months ago
No Image

'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

International
  •  2 months ago
No Image

തുടരെത്തുടരെ ബോംബ് ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തവാളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി

National
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

Kerala
  •  2 months ago
No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  2 months ago
No Image

താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും

Kerala
  •  2 months ago
No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  2 months ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  2 months ago