രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസിലെ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ബി.എസ്.എന്‍.എല്‍ വിച്ഛേദിച്ചു
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ എം പി ഓഫീസിലെ സൗജന്യ ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ബി.എസ്.എന്‍.എല്‍ വിച്ഛേദിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് എം.പി ഓഫീസിലെ 04936 209988 എന്ന നമ്പര്‍ ഫോണിന്റെ കണക്ഷനും ഇതോടൊന്നിച്ചുള്ള ഇന്റര്‍നെറ്റും വിച്ഛേദിച്ചത്. കല്‍പ്പറ്റ കൈനാട്ടിയിലാണ് എം.പി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിന് നേരെ മുന്നിലായി രാഹുല്‍ഗാന്ധി തന്നെ പങ്കെടുക്കുന്ന ജയ്ഭാരത് സത്യാഗ്രഹം ഏപ്രില്‍ 11ന് നടക്കാനിരിക്കെയാണ് തിടുക്കപ്പെട്ട് ബി.എസ്.എന്‍.എലിന്റെ നടപടി.
ബിഎസ്എല്‍എല്‍ ഡല്‍ഹി ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് പറയുന്നത്. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ മോദിമാരെ പരാമര്‍ശിച്ചു കൊണ്ട് നടത്തിയ പ്രസംഗം അപകീര്‍ത്തികരമാണെന്ന് കാണിച്ച് ഗുജറാത്തിലെ സൂററ്റ് കോടതി രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മാസം 24ന് ലോക്സഭ സെക്രട്ടറിയറ്റ് രാഹുലിനെ എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി. അധികം വൈകാതെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് കത്തും നല്കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട ഓഫീസിലെ ഫോണും ഇന്റര്‍നെറ്റും വിച്ഛേദിച്ചിക്കുന്നത്. ഇന്റര്‍നെറ്റ് ഇല്ലാതായതോടെ ഓഫീസിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."