എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും
കോഴിക്കോട്: ട്രെയിന്‍ ആക്രമണക്കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കും. മഞ്ഞപ്പിത്തബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുന്ന ഷാറൂഖ് സെയ്ഫിയുടെ ഇന്ന് രാവിലത്തെ രക്ത പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും പൊലിസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. മഞ്ഞപ്പിത്ത ബാധയില്‍ കുറവുണ്ടെങ്കില്‍ മജിസ്‌ട്രേറ്റിന് മുന്നില് ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നത്.
ആശുപത്രി വിടാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഓണ്‍ലൈനായോ മറ്റോ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാകും ശ്രമം. ഇന്നലെ ആശുപത്രിയില്‍ വെച്ചും ഷാറൂഖ് സെയ്ഫിയെ പൊലിസ് സംഘം ചോദ്യം ചെയ്തിരുന്നു. കേസ് വിവരങ്ങള്‍ തിരക്കാനായി എന്‍.ഐ.എ സംഘവും കോഴിക്കോട്ടുണ്ട്.
എലത്തൂരില്‍ ട്രെയിനില്‍ വെച്ച് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തില്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നല്‍കുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാള്‍ നല്‍കിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പൊലിസിനോട് വ്യക്തമാക്കിയത്.
കേരളത്തിലേക്ക് വരുമ്പോള്‍ മുംംബൈ വരെ തന്നോടൊപ്പം ഒരാളുണ്ടായിരുന്നതായി ആദ്യം പറഞ്ഞെങ്കിലും പിന്നീട് തിരുത്തി.
എന്തിന് കേരളത്തിലെത്തി ആക്രമണം നടത്തി എന്നെതിനെക്കുറിച്ചും ഇയാള്‍ക്ക് വ്യക്തമായ മറുപടിയില്ല. ഇയാള്‍ക്കെന്തെങ്കിലും മാനസികാസ്വാസ്ഥ്യമുള്ളതായി പൊലിസ് കരുതുന്നില്ല. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം സംബന്ധിച്ച് കുറെക്കുടി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് പൊലിസ്.
അതേസമയം, ഷാരൂഖ് സൈഫിയെ സംബന്ധിച്ച അന്വേഷണം ഡല്‍ഹിയിലും പുരോഗമിക്കുകയാണ്. ഇയാളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഷാറൂഖിന് ഒപ്പം ട്രെയിന്‍ ടിക്കറ്റ് എടുത്തവരെ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. ഷാറൂഖിന് മറ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ഇപ്പോഴും അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ട്. ഷാറൂഖ് ഒറ്റയ്ക്ക് കേരളത്തിലേക്ക് പോകില്ലെന്ന കുടുംബത്തിന്റെ പ്രതികരണം അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്. ഷാറൂഖിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാരാഷ്ട്ര എടിഎസ് സംഘവും ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."