കല്ലെറിയല്ലേ മാലാഖ കൂട്ടത്തെ
സാമൂഹ്യസേവനത്തിന്റെ ഉത്തമ മാതൃകകളാണ് നഴ്‌സുമാര്‍. കൊവിഡ് കാലത്ത് ജീവന്‍ ത്യജിച്ചാണ് അവര്‍ ജോലി ചെയ്തത്. ഗള്‍ഫില്‍ എങ്ങനെയായിരുന്നു കൊവിഡ് കാലം?
നഴ്‌സിങ് അതിമഹത്തായ സാമൂഹ്യസേവനം തന്നെയാണ്. കൊവിഡ് കാലത്തു മാത്രമല്ല ഞങ്ങള്‍ ശുശ്രൂഷകരാവുന്നത്. സ്വന്തം ജീവനെപ്പറ്റിയല്ല ആദ്യം ആലോചിക്കാറ്. മുമ്പിലെത്തുന്ന മനുഷ്യജീവിയുടെ സൗഖ്യം എത്രയും പെട്ടെന്ന് സാധ്യമാക്കുകയെന്നാണ് ഓരോ നഴ്‌സും ശ്രദ്ധിക്കുക. രോഗതീവ്രതയും സാഹചര്യങ്ങളും അനുസരിച്ച് ആ ജാഗ്രതയ്ക്കും പരിചരണത്തിനും ആക്കംകൂടും.
കൊവിഡ് കാലത്ത് ആതുരശുശ്രൂഷാ രംഗത്തുണ്ടായ നിയന്ത്രണങ്ങളുടെയും സംവിധാനങ്ങളുടെയും ഭാഗമായി ഞങ്ങള്‍ മാറുകയായിരുന്നു. കൊവിഡ് ആക്രമിച്ച രാജ്യങ്ങളില്‍ പെടുന്നു യു.എ.ഇയും. പക്ഷേ മറ്റു രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയെ വ്യതിരിക്തമാക്കിയത് അവരുടെ ഉചിതമായ ഇടപെടലാണ്. പക്ഷഭേദമില്ലാതെ കൊവിഡിന് ഇരയായവരെ എല്ലാവരെയും ഒരേപോലെ പരിപാലിച്ച് യു.എ.ഇ ലോകത്തിനു തന്നെ മാതൃകയായി. ഐസോലേഷനില്‍ കഴിയുവാന്‍ ഫ്‌ളാറ്റുകള്‍ മുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ വരെ ഒരുക്കി. ഒരാള്‍ കൊവിഡ് ബാധിതനായാല്‍ അയാള്‍ എന്തുചെയ്യണമെന്ന് എല്ലാ എമിറേറ്റുകളിലും ഹെല്‍ത്ത് അതോറിറ്റികള്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. രോഗത്തിന്റെ ആഘാതം അനുസരിച്ച് രോഗിക്ക് അവിടങ്ങളില്‍ ഐസൊലേഷന്‍ ഒരുക്കി. ഭക്ഷണവും മരുന്നും നല്‍കി.
യു.എ.ഇയില്‍ നഴ്‌സുമാര്‍ക്ക് സംഘടനയുണ്ടോ? തൊഴില്‍ രംഗത്ത് നാട്ടിലെ പോലെ ഇവിടെ ചൂഷണങ്ങളുണ്ടോ?
എമിററ്റ്‌സ് നഴ്‌സിങ് അസോസിയേഷന്‍ എന്ന സംഘടന ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രാജ്യം നഴ്‌സുമാരോട് കാണിക്കുന്ന പരിഗണന വളരെ വലുതാണ്. ഞങ്ങളെ വളരെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഇവിടുത്തെ ആളുകള്‍ നോക്കിക്കാണുന്നത്. അതിന് ഞങ്ങള്‍ യു.എ.ഇ ഭരണകൂടത്തോട് കടപ്പെട്ടിരിക്കുന്നു. ഞാനീ നാട്ടില്‍ വന്നിട്ട് 13 സംവത്സരങ്ങള്‍ പിന്നിട്ടു. ഒരിക്കല്‍ പോലും ഒരു ദുരനുഭവം എനിക്കുണ്ടായിട്ടില്ല. എന്നെ പോലെ മറ്റു സഹോദരിമാരെയും കാണുന്നു.
ഗള്‍ഫില്‍ ജോലിചെയ്യുന്ന നഴ്‌സുമാരെ കുറിച്ച് സമൂഹത്തില്‍ ഏറെ തെറ്റിദ്ധാരണകള്‍ നിലനിൽക്കുന്നുണ്ട്. പലരും ഭര്‍ത്താവ് നാട്ടിലും ഭാര്യ ഗള്‍ഫില്‍ ജോലിനോക്കുന്നവരുമായിരിക്കും. എന്തുകൊണ്ടാണ് സമൂഹം നഴ്‌സുമാരോട് ഈ സമീപനം കാണിക്കുന്നത്?
തെറ്റിദ്ധാരണകള്‍ എന്നത് എപ്പോഴും എവിടെയുമുണ്ടാവും. പക്ഷേ ശരിയായ ധാരണകള്‍ ഉണ്ടാവുമ്പോള്‍ പലരും പശ്ചാത്തപിക്കും. മുഴുവന്‍ സമൂഹവും നഴ്‌സുമാരെ തെറ്റിദ്ധരിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അനുഭവങ്ങളില്‍ നിന്നാണ് പലരും ഇത് മനസിലാക്കുക. രോഗം മനുഷ്യനെ ദുര്‍ബലനാക്കും. ഒരു അസുഖം വന്നു കിടക്കുമ്പോള്‍ അവരെ സ്വന്തം അമ്മയെക്കാളുപരി സ്‌നേഹിക്കുന്നതും ശുശ്രൂഷിക്കുന്നതും ഞങ്ങള്‍ നഴ്‌സുമാരാണ്. അവിടെ ജാതി,മത,വര്‍ഗ,വര്‍ണ രാഷ്ട്രീയമില്ല. ഞങ്ങളുടെ മുന്നില്‍ കിടക്കുന്നത് രോഗിയാണ്. അവര്‍ക്കു വേണ്ടത് സൗഖ്യമാണ്. അത് നല്‍കുന്നതിനാണ് പ്രാധാന്യം.
ഭര്‍ത്താവ് ഗള്‍ഫിലും ഭാര്യ നാട്ടിലും ജോലിചെയ്യുമ്പോള്‍ മാത്രമേ സദാചാരം നിലനില്‍ക്കൂ എന്നത് തെറ്റിദ്ധാരണയാണ്. തെറ്റ് ചെയ്യേണ്ടവര്‍ക്ക് എവിടെയും ചെയ്യാം. ഭര്‍ത്താവിനെയും കുടുംബത്തെയും പിരിഞ്ഞ് ഗള്‍ഫില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ വളരെ വേദനയോടെയാണ് ജോലി ചെയ്യുന്നതെന്ന് എനിക്കറിയാം.
ഞങ്ങള്‍ക്ക് ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും തരുന്ന ശമ്പളം നാട്ടില്‍ ലഭിച്ചിരുന്നുവെങ്കില്‍ ഒരിക്കലും മാതൃരാജ്യം വിട്ട് മറ്റൊരു രാജ്യത്തേക്ക് കുടിയേറുകയില്ലായിരുന്നു. അബദ്ധധാരണകള്‍ നഴ്‌സുമാരോട് മാത്രമല്ലല്ലോ, എല്ലാ സ്ത്രീകളെ കുറിച്ചും സമൂഹത്തിലെ കുറച്ചുപേര്‍ക്കെങ്കിലും അതുണ്ടാവും. കുടുംബം പോലും ഉപേക്ഷിച്ചവര്‍ ഞങ്ങളുടെ കൈകളില്‍ എത്താറുണ്ട്. കൊവിഡ് കാലം ഇതിനെല്ലാം എത്ര ഉദാഹരണങ്ങള്‍ നമുക്ക് തന്നിട്ടുണ്ട്.
ഞങ്ങള്‍ ഒന്നു ഭയന്നു മാറിനിന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോ. രാവും പകലും മാറിമാറി ഊണില്ലാതെ ഉറക്കമില്ലാതെ ലക്ഷോപലക്ഷം തൂവെള്ള വസ്ത്രധാരികള്‍ ജനകോടികള്‍ക്ക് കാവലിരുന്നിട്ടുണ്ട് എന്നത് വിസ്മരിക്കാനാവുമോ.
ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ അത് ആണായാലും പെണ്ണായാലും അസുഖം ബാധിച്ച ശരീരത്തെയാണ് ശുശ്രൂഷിക്കുന്നത്. അവിടെ മാംസാനുരാഗങ്ങള്‍ക്ക് സ്ഥാനമില്ല. ദുഷിച്ച മനസിനെ ശുശ്രൂഷിക്കാന്‍ ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ മാനസികനില തെറ്റിയവരെ ശുശ്രൂഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. രോഗിയായി ഞങ്ങളുടെ മുന്നിലെത്തുന്നവര്‍ക്ക് ഭൂമിയിലെ ഈ മാലാഖമാരുടെ സാന്നിധ്യം അനുഭവിച്ചറിയാം. എവിടെയെങ്കിലും ചില താളപ്പിഴവുകള്‍ സംഭവിച്ചാല്‍ അതുവച്ച് നഴ്‌സിങ് സമൂഹത്തെ മൊത്തം ചീത്തയായി ചിത്രീകരിക്കാന്‍ പറ്റുമോ.
അടുത്തിടെ ഖത്തറിലെ മലയാളം മിഷന്‍ കോഓഡിനേറ്ററായിരുന്ന ദുര്‍ഗാദാസ് ശിശുപാലന്‍ എന്നയാള്‍ നഴ്‌സുമാരെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലേ. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്.?
നീചവും നികൃഷ്ടവുമായ വാക്കുകള്‍. ഒരിക്കലും അയാള്‍ ഒരു രോഗിയായി ഞങ്ങളുടെ മുന്നില്‍ വരാതിരിക്കട്ടെ. നന്മ ഇത്തിരിയെങ്കിലുമുള്ളിലുള്ളവര്‍ ഇത്തരം വാക്കുകള്‍ പറയില്ല. ഇനി അയാള്‍ വന്നാലും ഞങ്ങള്‍ മാലാഖമാര്‍ അയാളെ പൊന്നുപോലെ ശുശ്രൂഷിക്കും. അതാണ് ഞങ്ങളുടെ പാരമ്പര്യം. ലോകത്തിലെ ഓരോ നഴ്‌സിന്റെയും ഹൃദയത്തെ കീറിമുറിക്കുന്ന രീതിയിലുള്ള തരംതാഴ്ന്ന വാക്കുകളായിരുന്നു അത്. ആ വാക്കുകളോട് നല്ലവരായ മലയാളികളുടെ അതിശക്തമായ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഇപ്പോഴും സമൂഹത്തിലെ നന്മ നശിച്ചിട്ടില്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.
തീവ്രവാദികള്‍ക്ക് ലൈംഗികസേവയ്ക്കായി ഗള്‍ഫിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു എന്നാണ് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ അയാള്‍ പറഞ്ഞത്.
ഈ വാക്കുകള്‍ എനിക്ക് അത്ഭുതമാണ് ഉണ്ടാക്കിയത്. അയാള്‍ അങ്ങനെ പറയാനുണ്ടായ സാഹചര്യം എന്താണ്? ഏത് തീവ്രവാദികള്‍ക്കാണ് ഞങ്ങള്‍ ലൈംഗികസേവ ചെയ്തത്. അദ്ദേഹം ഉദ്ദേശിച്ച തീവ്രവാദികള്‍ ആരാണ്. അയാള്‍ തീവ്രവാദികള്‍ എന്ന് ഉദ്ദേശിക്കുന്നത് ഒരു സമൂഹത്തെ മൊത്തം ഉദ്ദേശിച്ചാണോ? രോഗികളാണ് ഞങ്ങളുടെ മുന്നിലുള്ളത്. വേദനിക്കുന്നവര്‍ക്ക് ആശ്വാസമാണ് ഞങ്ങള്‍ നല്‍കുന്നത്. എന്തര്‍ഥത്തിലാണ് ഇത്രയും മോശമായി പറയുന്നതെന്ന് മനസിലാവുന്നില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്താണെങ്കിലും നഴ്‌സിങ് സമൂഹത്തെ മൊത്തമായി അപമാനിക്കുന്ന വാക്കുകളാണത്. തീവ്രവാദത്തോടും ലൈംഗികതയോടും ഞങ്ങളെ ഉപമിച്ച അദ്ദേഹത്തെ ഞങ്ങള്‍ എന്ത് വിളിക്കണമെന്നറിയില്ല. എന്നെങ്കിലും താന്‍ പറഞ്ഞ തെറ്റ് അയാള്‍ മനസിലാക്കുമെന്ന് കരുതുന്നു.
അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ കുറിച്ച്?
നാം ജോലിചെയ്യുന്ന സ്ഥാപനത്തിനും രാജ്യത്തിനും ഓരോ നിയമങ്ങളുണ്ട.് അദ്ദേഹം ജോലിചെയ്ത രാജ്യവും ആ സ്ഥാപനവും അവരുടെ നിയമം പാലിച്ചുകാണും. ഇന്ത്യയുടെ നിയമമല്ലല്ലോ ഖത്തറിലുള്ളത്. ഓരോ രാജ്യത്തിന്റെ നിയമവും പാലിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്; അവിടെ ജോലിചെയ്യുന്ന പ്രവാസിയുടെയും.
ഇത്തരം ആളുകളെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ ഒരുവിഭാഗം സജീവമാണ്.
സ്വന്തം അമ്മയെ തല്ലിയാലും രണ്ടു പക്ഷം നില്‍ക്കുന്ന നാടാണ് നമ്മുടേത്. ചിലരുടെ ഇഷ്ടങ്ങള്‍ ചിലരുടെ അനിഷ്ടങ്ങളാവാം. ചിലരുടെ അനിഷ്ടങ്ങള്‍ ചിലരുടെ ഇഷ്ടങ്ങളും. ഞങ്ങള്‍ ഞങ്ങളുടെ കര്‍മങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കും. രോഗം വന്ന് ഞങ്ങള്‍ക്കുമുന്നില്‍ എല്ലാവരും എത്തണമെന്നല്ല ആഗ്രഹം. മറിച്ച് ഞങ്ങള്‍ യഥാര്‍ഥത്തില്‍ ആരാണെന്ന് നിങ്ങള്‍ ഒരു രോഗിയായി ഞങ്ങളുടെ അരികില്‍ വരുമ്പോഴേ മനസിലാവൂ.
ഖത്തര്‍ നഴ്‌സിങ് സമൂഹത്തിന് വലിയ ബഹുമാനം നല്‍കുന്ന രാജ്യമാണെന്നു പറഞ്ഞ് ദുര്‍ഗാദാസിന് മറുപടിയുമായി അവിടുത്തെ ഒരു നഴ്‌സിങ് സംഘടനാ ഭാരവാഹി രംഗത്തെത്തിയിരുന്നു. യു.എ.ഇയിലും സഊദിയിലുമൊക്കെ നഴ്‌സിങ് സമൂഹത്തിന് ഖത്തറിലെ പോലെ ബഹുമാനം ലഭിക്കുന്നുണ്ടോ?
എല്ലാ രാജ്യങ്ങളിലും ഇന്ത്യയെക്കാളേറെ നഴ്‌സുമാര്‍ക്ക് ബഹുമാനവും പ്രാധാന്യവും നല്‍കുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇപ്പോള്‍ നാട്ടില്‍ നിന്ന് കൂടുതല്‍ പേര്‍ ഗള്‍ഫില്‍ നഴ്‌സിങ് ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നുണ്ടോ. ഇവിടുത്തെ ഉയര്‍ന്ന വേതനമല്ലേ ഇതിനു കാരണം?
ഉയര്‍ന്ന വേതനം തരുന്ന രാജ്യവും കമ്പനികളും എല്ലാവര്‍ക്കും ഇഷ്ടമാണ്. അതുപോലെതന്നെ ഞങ്ങള്‍ നഴ്‌സുമാരും ജോലിക്കനുസരിച്ച് ഏറ്റവും ഉയര്‍ന്ന വേതനം തരുന്ന രാജ്യത്തേക്ക് പോവുകയെന്നത് സ്വാഭാവികം. ചെയ്യുന്ന ജോലിക്ക് തക്കതായ ശമ്പളം ലഭിക്കുവാന്‍ ഞങ്ങള്‍ക്ക് മറ്റു രാജ്യങ്ങളില്‍ സമരവും പട്ടിണിയും കിടക്കേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല. ഏതൊരു ജോലിക്കും അതിന്റേതായ മൂല്യമുണ്ട.് ഏതു ജോലിക്കാരെയും ബഹുമാനിക്കുകയും അവര്‍ ചെയ്യുന്ന ജോലിക്ക് തക്കതായ ശമ്പളം കൊടുക്കുകയും വേണം. നഴ്‌സുമാരെ പോലെ മറ്റ് ആയിരക്കണക്കിന് പ്രൊഫഷനലുകളും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട്.
നാട്ടില്‍ നഴ്‌സുമാര്‍ക്ക് ശമ്പളം വളരെ കുറവാണ്. അല്ലേ?
നാട്ടിലെ നഴ്‌സുമാര്‍ക്ക് ശമ്പളം വളരെ കുറവാണെന്നല്ല, ശമ്പളം തീരെ ഇല്ല എന്നതാണ് സത്യം. അതുകൊണ്ടാണ് കൂടുതല്‍ പേരും മറ്റു രാജ്യങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്നത്. അത് ചിലര്‍ക്ക് സാധിക്കും. ചിലര്‍ക്ക് സാധിക്കില്ല. ചിലര്‍ ശ്രമിക്കും. ചിലര്‍ ശ്രമിക്കുകയില്ല. ചിലര്‍ക്ക് ആഗ്രഹം കാണും. ചിലര്‍ കുറഞ്ഞ ശമ്പളത്തില്‍ തൃപ്തരാണ്. അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ താല്‍പര്യങ്ങളാണ്.
തൊഴില്‍ രംഗത്തെ ചൂഷണം നാട്ടിലും ഇവിടെയും എങ്ങനെയെന്ന് താരതമ്യം ചെയ്യാമോ?
യു.എ.ഇയില്‍ ഇവിടുത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളോ സ്വകാര്യ സ്ഥാപനങ്ങളോ നഴ്‌സുമാരെ ചൂഷണംചെയ്യാറില്ല. ശക്തമായ നിയമം നിലനില്‍ക്കുന്നവയാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും. രാജ്യത്തിന്റെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കണം. ശരിയായ വഴികളിലൂടെ അതത് രാജ്യങ്ങളില്‍ എത്തിയവര്‍ ഒരിക്കലും ചൂഷണത്തിന് ഇരയായിട്ടില്ല.
ഗള്‍ഫില്‍ വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് നഴ്‌സിങ് ജോലിക്കെത്തുന്നവരില്‍ ചിലര്‍ ചൂഷണത്തിനിരയാകുന്നതായി കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് യു.എ.ഇയില്‍. ഏജന്റുമാരാണോ ഇതിനു പിന്നില്‍. അല്ലെങ്കില്‍ മറ്റെന്തെങ്കിലും?
പഴയ കാലമല്ല ഇപ്പോള്‍. ഏത് രാജ്യത്ത് എന്തു സംഭവിക്കുന്നു എന്നത് വിരല്‍ത്തുമ്പില്‍ അറിയുന്ന കാലമാണ്. എന്നിട്ടും വ്യാജ ഏജന്‍സികളെ വിശ്വസിച്ച് അപകടത്തില്‍പ്പെടുന്നവരോട് സഹതാപം മാത്രം. ഒരാള്‍ ജോലി വാഗ്ദാനം ചെയ്യുമ്പോള്‍ അയാള്‍ ആരാണെന്നും ഏതു സ്ഥാപനത്തിലേക്കാണ് റിക്രൂട്ട് ചെയ്യുന്നതെന്നും അന്വേഷിക്കണം. അങ്ങനെ ഒരു സ്ഥാപനം നിലനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിച്ചിട്ട് വേണം പുറപ്പെടാന്‍. നമ്മെ സൂക്ഷിക്കേണ്ടത് നാം തന്നെ. ഒരു വിവരം ലഭിക്കുമ്പോള്‍ അത് സത്യമാണോ എന്ന് പലരോടായി അന്വേഷിക്കണം. നോര്‍ക്ക, കോണ്‍സുലേറ്റ് എന്നിവയുമായി ബന്ധപ്പെടാം. അതിനെല്ലാമുള്ള സംവിധാനങ്ങള്‍ രാജ്യത്തും പ്രവാസലോകത്തുമുണ്ട്.
നഴ്‌സുമാരെ വിവാഹം ചെയ്യാന്‍ ആളുകള്‍ മടിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്ന് അത്തരം അവസ്ഥ നിലനിൽക്കുന്നുണ്ടോ?
വളരെ സത്യമാണ്. നഴ്‌സാണെങ്കില്‍ താല്‍പര്യമില്ല എന്നു പറഞ്ഞ് പല കല്യാണാലോചനകളും മുടങ്ങിയത് ഞാന്‍ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് നഴ്‌സ് ബാംഗ്ലൂരില്‍ നിന്നും വന്നതാണെങ്കില്‍. ചിലര്‍ ചെയ്യുന്ന തെറ്റിന് മൊത്തം നഴ്‌സിങ് സമൂഹത്തെയും കുറ്റപ്പെടുത്താറുണ്ട്. ഞാന്‍ മുമ്പ് സൂചിപ്പിച്ചതുപോലെ തെറ്റ് ചെയ്യാന്‍ നഴ്‌സ് ആകണമെന്നില്ല. തെറ്റ് ചെയ്യേണ്ടവര്‍ എവിടെയും ചെയ്യും.
നഴ്‌സുമാരെ കല്യാണം കഴിച്ചാല്‍ രക്ഷപ്പെടാമെന്ന് ചിന്തിച്ച് വരുന്നവരും ഉണ്ട്. കാലം മാറിയിരിക്കുന്നു. നഴ്‌സിങ് എന്താണെന്നും നഴ്‌സ് എന്താണെന്നും അവരുടെ മൂല്യം എന്താണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. കുടുംബത്തില്‍ ഒരു നഴ്‌സ് ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും ആശ്വാസമാണ്.
രോഗികളെ ശുശ്രൂഷിക്കാന്‍ മാത്രമല്ല നഴ്‌സിനുള്ള കഴിവ്. അവര്‍ സമൂഹത്തിലെ നന്മമരങ്ങള്‍ കൂടിയാണ്. അവര്‍ക്ക് ഒരു അഭിഭാഷകയാവാം. ടീച്ചറാവാം. സൈക്കോളജിസ്റ്റ് സപ്പോര്‍ട്ടറാവാം. അമ്മയും സഹോദരിയും, എന്തിനേറെ ഒരു വീട്ടിലെ സകല ജോലി ചെയ്യാനും ഒരു നഴ്‌സു മതി. ഏതൊരു സാഹചര്യവുമായി ഒത്തുചേരാനും ഞങ്ങള്‍ മിടുക്കരാണ്. ഏത് റോളും അനായാസം കൈകാര്യംചെയ്യാനും ഞങ്ങള്‍ക്കാവും.
ഒരു നഴ്‌സ് എന്ന നിലയില്‍ എന്തു തോന്നുന്നു. തൊഴിലില്‍ അഭിമാനമുണ്ടോ?
ഒരു നഴ്‌സ് എന്ന നിലയില്‍ ആത്മാഭിമാനമാണ് എപ്പോഴും തോന്നാറ്. രോഗികളെ ശുശ്രൂഷിച്ച് അവര്‍ തിരികെനല്‍കുന്ന ആ ഒരു ചിരി. അതാണ് ഞങ്ങള്‍ക്ക് കിരീടം. അത് ഞങ്ങള്‍ നഴ്‌സുമാര്‍ക്ക് സ്വന്തമാണ്. മറ്റേത് ജോലി ചെയ്താലും കിട്ടാത്ത ഒരു സംതൃപ്തിയാണത്. ഏതു പ്രായത്തിലുള്ളവരും രോഗിയാകുമ്പോള്‍ ശിശുവിനെപ്പോലെ ആയി മാറും. ആ ശിശുവിനെ ഒരു അമ്മയെ പോലെ ശുശ്രൂഷിച്ചു വിടുമ്പോള്‍ ലഭിക്കുന്ന സ്‌നേഹത്തോടെയുള്ള നോട്ടവും ചിരിയും. അതിലേറെ അഭിമാനം എന്താണ് ഈ ലോകത്ത് ലഭിക്കുക.
നഴ്‌സ് ആയി ജോലി ചെയ്യുന്നതിലും ഒരു നഴ്‌സാണെന്ന് ലോകത്തോട് വിളിച്ചുപറയുന്നതിലും മരണം വരെ നഴ്‌സായി ജീവിക്കുന്നതിലും അഭിമാനമാണ്. ആയിരക്കണക്കിന് ആളുകളുടെ പുഞ്ചിരി ഏറ്റുവാങ്ങാന്‍ ഒരു നഴ്‌സായി ഈ ലോകത്ത് ഇനിയുമുണ്ടാകും.
നഴ്‌സിങ്ങിന് പഠിക്കാന്‍ നാട്ടില്‍ എത്രത്തോളം തുക ഇന്ന് ആവശ്യമായി വരുന്നു. വിദേശത്ത് പോയി പഠിക്കുന്നവര്‍ കൂടുതലുണ്ടോ. ഏതെല്ലാം രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേര്‍ പോകുന്നത്. എന്താണതിന് കാരണം?
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിവിധ നഴ്‌സിങ് കോളജുകള്‍ പല രീതിയിലാണ് ഫീസുകള്‍ ഈടാക്കുന്നത്. 2006ല്‍ ഞാന്‍ പഠിച്ചിറങ്ങിയപ്പോള്‍ എനിക്ക് അഞ്ചുലക്ഷം രൂപയോളം ചെലവായിരുന്നു. ഞാന്‍ പഠിച്ചത് തമിഴ്‌നാട്ടില്‍ എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ കീഴിലായിരുന്നു. ആയിരക്കണക്കിന് നഴ്‌സിങ് കോളജുകളാണ് ഇന്ന് ഇന്ത്യയില്‍ പല സംസ്ഥാനത്തുമായി ഉള്ളത്. ഇതില്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരം ലഭിച്ചവയും ലഭിക്കാത്തവയുമുണ്ട്. അംഗീകാരം ലഭിച്ച കോളജുകളെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കണമെന്നാണ് നഴ്‌സിങ് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളോട് പറയാനുള്ളത്. ഏതു നഴ്‌സിങ് കോളജ് തിരഞ്ഞെടുക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടം തന്നെയാണ്. എന്നിട്ട് ഒരു മാതൃകാ നഴ്‌സായി മാറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."