HOME
DETAILS
MAL
ആദ്യം മുസ്‌ലിം വിഭാഗത്തിനു മാത്രം; പിന്നെ 80:20; ഇപ്പോള്‍...
backup
May 30 2021 | 04:05 AM
പാലക്കാട്: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം കോടതി റദ്ദാക്കിയതോടെ പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ വീണ്ടും ചര്‍ച്ചയാകുന്നു.സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുസ്‌ലിം പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണാന്‍ 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതിയാണ് പാലോളി കമ്മിഷന്‍. ഈ കമ്മിറ്റി മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു മാത്രം ബാധകമാക്കിയ സ്‌കോളര്‍ഷിപ്പ് പിന്നീട് 80:20 എന്ന അനുപാതത്തിലേക്ക് വഴിമാറി. 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 ശതമാനം ലത്തീന്‍ കത്തോലിക്ക-പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സംവരണം ചെയ്തിരുന്നത്.
എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഈ അനുപാതവും റദ്ദാക്കപ്പെട്ടതോടെയാണ് പാലോളി കമ്മിറ്റിയെക്കുറിച്ച് ചര്‍ച്ചയാകുന്നത്. ജില്ലതോറും സിറ്റിങ് നടത്തിയ പാലോളി കമ്മിഷന്‍ 2008 ഫെബ്രുവരി 21നു നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ഇടതുസര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കു മാത്രമായി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, അതെല്ലാം അടിമുടി ഇല്ലാതാക്കനുള്ള കരുക്കളാണ് ഇപ്പോള്‍ സജീവമായി നടക്കുന്നത്. മെറിറ്റ് സ്‌കോളര്‍ഷിപ്പ് 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണം 80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ലത്തീന്‍ കത്തോലിക്ക-പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിനെതിരേ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണു ഹൈക്കോടതി ഈ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച എല്ലാ വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി ആനുകൂല്യം വിതരണം ചെയ്യാനാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. മുസ്‌ലിംകള്‍ക്കു മാത്രമായി നിശ്ചയിച്ചിരുന്ന സ്‌കോളര്‍ഷിപ്പില്‍ നിന്നാണ് ജനസംഖ്യാനുപാതികമായി വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടത്.ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിലെ സ്‌കോളര്‍ഷിപ്പ് നിശ്ചയിച്ചതിന്റെ പശ്ചാത്തലം സര്‍ക്കാര്‍ വിശദമാക്കാത്തതു കൊണ്ടാണ് ഹൈക്കോടതിയില്‍നിന്ന് ഇത്തരത്തിലുള്ള വിധിയുണ്ടായത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കു കീഴിലായി പിന്നോക്കക്കാര്‍ക്കും മുന്നോക്കക്കാര്‍ക്കും നിരവധി പദ്ധതിയുണ്ടായിരിക്കെ ഇത് ആര്‍ക്കെല്ലാം, ഇതിന്റെ പശ്ചാത്തലം എന്നിവ സര്‍ക്കാര്‍ നേരത്തെ തന്നെ വിശദീകരിക്കണമായിരുന്നു. സച്ചാര്‍ കമ്മിഷന്‍ മുസ്‌ലിംകളുടെ പ്രശ്‌നം മാത്രമാണ് പഠിച്ചത്. അതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടിലേക്ക് സംസ്ഥാന ഫണ്ടും കൂട്ടിച്ചേര്‍ത്ത് പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുകയായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ചേര്‍ത്ത 20 ശതമാനം സംസ്ഥാന വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ 80:20 അനുപാതമാക്കിയപ്പോള്‍ പിന്നെയും മുസ്‌ലിംകള്‍ക്ക് കൂടുതല്‍ നല്‍കുന്നുവെന്ന് ചില തീവ്രക്രിസ്ത്യന്‍ സംഘടനകള്‍ തെറ്റായ പ്രചാരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."