ആട് ആൻ്റണി ഇനി തിരുനടനല്ലൈ, നല്ല മനിതൻ
ഹംസ ആലുങ്ങല്‍
കുപ്രസിദ്ധ മോഷ്ടാവും കേരള പൊലിസിനെ വട്ടംകറക്കിയ പിടികിട്ടാപ്പുള്ളിയുമായിരുന്ന ആട് ആന്റണിയെന്ന ആന്റണി വര്‍ഗീസിന്റെ ജീവിതം സംഭവബഹുലമാണ്. പത്താം വയസില്‍ ദുര്‍ഗുണ പാഠശാലയില്‍ തുടങ്ങിയ കുറ്റവാളിയുടെ ജീവിതം. നിഗൂഢതകള്‍ നിറഞ്ഞ മനുഷ്യന്‍. ത്രസിപ്പിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങള്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ വാര്‍ഡിലെ തടവുകാരനായ അദ്ദേഹമിപ്പോള്‍ എഴുത്തിന്റെ വഴിയിലാണ്. 15 പുസ്തകങ്ങളാണ് ജയിലിലിരുന്ന് ആന്റണി എഴുതിത്തീര്‍ത്തത്. ഇനി ആന്റണി തിരുടനല്ല. പുതിയ മനുഷ്യനാണ്.
ആട് ആന്റണിയെ അറിയുമോ? അത്രപെട്ടെന്ന് മലയാളിക്ക് മറക്കാന്‍ സാധിക്കില്ല ആ പേര്. കേരള പൊലിസിനെ വട്ടംകറക്കിയ കുപ്രസിദ്ധ മോഷ്ടാവ്. 200ല്‍പരം മോഷണക്കേസുകളിലെ മുഖ്യസൂത്രധാരന്‍. അന്വേഷണ ഉദ്യോഗസ്ഥരെ വെള്ളംകുടിപ്പിച്ച പിടികിട്ടാപ്പുള്ളി. മണിയന്‍പിള്ളയെന്ന പൊലിസുകാരനെ വകവരുത്തിയ കേസില്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ വാര്‍ഡിലെ തടവുകാരനാണ് ആട് ആന്റണിയെന്ന ആന്റണി വര്‍ഗീസ്. ഈ കേസില്‍ മൂന്നുവര്‍ഷത്തിനു ശേഷമാണ് തമിഴ്‌നാട്ടില്‍നിന്ന് ചിറ്റൂര്‍ പൊലിസ് സാഹസികമായി ആന്റണിയെ അറസ്റ്റ് ചെയ്യുന്നത്. ജയിലില്‍ നിന്നയച്ച കത്തുകളിലൂടെ ആന്റണി ജീവിതം തുറന്നുപറയുകാണിവിടെ.
കേട്ട ആട് ആന്റണിയല്ല യഥാര്‍ഥ ആന്റണി. കേട്ടറിവും യഥാര്‍ഥ്യവും തമ്മില്‍ വലിയ അന്തരമുണ്ടല്ലോ. ഒരാള്‍ വലിയ നന്മ ചെയ്‌തെന്നിരിക്കട്ടെ. മാധ്യമങ്ങള്‍ക്കത് ചെറിയ വാര്‍ത്തമാത്രമാണ്. ഒരുകുറ്റകൃത്യം ചെയ്താലോ അതിനെ ബലൂണ്‍പോലെ ഊതിവീര്‍പ്പിക്കും. കാലങ്ങളോളം കൊട്ടിഘോഷിച്ച് ആറാട്ട് നടത്തും. ഇവിടെ കോളിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കേസുകളും മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്നതാണ്. തന്റെ കഥയും ഏതാണ്ട് അങ്ങനെത്തന്നെയാണെന്നും ആന്റണി പറയുന്നു.
നിയമം ഒരു ചിലന്തിവല പോലെയാണ്. ചെറിയ പ്രാണികള്‍ മാത്രമാണ് പലപ്പോഴും ചിലന്തിവലയില്‍ അകപ്പെട്ടുപോകുന്നത്. വലിയ ജീവികള്‍ വലപൊട്ടിച്ചു പോകുകയാണു പതിവ്. കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും സമൂഹം വെറുക്കുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ കാണാപ്പുറങ്ങള്‍ അറിയാനുള്ള തൃഷ്ണ മനുഷ്യസഹജമാണെന്നും ആന്റണി ചൂണ്ടിക്കാട്ടുന്നു. വാര്‍ത്തകളില്‍ എക്കാലവും കൊടിപിടിച്ച് നില്‍ക്കുന്നതും കുറ്റകൃത്യം തന്നെയെന്നും ആന്റണി.
ആന്റണി ഇനി മോഷ്ടിക്കില്ല
എന്തായാലും ഒരുകാര്യം ഉറപ്പാണ്. ആട് ആന്റണി ഇനി മോഷ്ടിക്കില്ല. കൊലപാതകം ചെയ്യില്ല. മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല. അതിലുപരി ശിഷ്ടജീവിതം ഒരെഴുത്തുകാരനായി മാറാന്‍ തയാറെടുത്തിരിക്കുകയാണിയാള്‍. വെറുതെ പറയുന്നതല്ല, ഇതിനകം ആന്റണിയുടെ ആത്മകഥ പുറത്തിറങ്ങിക്കഴിഞ്ഞു. വിപണിയില്‍ സൂപ്പര്‍ഹിറ്റായ തിരുടാ തിരുടാ ഒന്നരവര്‍ഷത്തിനകം മൂന്നുപതിപ്പുകള്‍ പിന്നിട്ടു. ആന്റണിയുടെ ജീവിതകഥ സിനിമയുമാകുന്നുണ്ട്. ഇതിനായി 15 ലക്ഷം രൂപയാണ് സിനിമാപ്രവര്‍ത്തകര്‍ അഡ്വാന്‍സായി നല്‍കിയതെന്നും ആന്റണി പറയുന്നു. ഇതിനു പിന്നാലെ 15 പുസ്തകങ്ങളാണ് എഴുതിത്തീര്‍ത്തത്. ആദ്യ പുസ്തകം തന്നെ ഹിറ്റായതിന്റെ ത്രില്ലിലാണ് ആന്റണി എഴുത്തു തുടരുന്നത്.
എഴുതുന്നതെല്ലാം സിനിമയെ വെല്ലുന്ന ജീവിതകഥകളാണ്. അനുഭവങ്ങളെ കലര്‍പ്പില്ലാതെ കടലാസിലേക്കു പകര്‍ത്തുന്നു. ആത്മകഥയും നോവലും എല്ലാമുണ്ട് അതില്‍. എഴുതിത്തീര്‍ത്ത രചനകളെല്ലാം നിരവധി പ്രസാധകര്‍ക്ക് അയച്ചുകൊടുത്തു. ആദ്യം ആരും പ്രസിദ്ധീകരിക്കാന്‍ തയാറായില്ല. ജയിലില്‍ കഴിയുന്ന കുറ്റവാളികള്‍ എഴുതുന്ന പുസ്തകങ്ങള്‍ ചെലവാകില്ലെന്ന മുന്‍ധാരണകൊണ്ടോ, അവജ്ഞകൊണ്ടോ ആകാം പലരും പ്രതികരിച്ചതേയില്ലെന്നും ആന്റണി വ്യക്തമാക്കുന്നു.
എല്ലാവരും കൈവിട്ടു, കാഴ്ചയും പോയി
ഞാന്‍ ജയിലിലായതോടെ എല്ലാവരും എന്നെ കൈവിട്ടു. അതിനുമുമ്പ് എല്ലാവരുമുണ്ടായിരുന്നു. നിരവധി സുഹൃത്തുക്കള്‍... ഒന്നിലധികം ഭാര്യമാര്‍... മക്കള്‍... എല്ലാവര്‍ക്കും ഞാന്‍ വാരിക്കോരി പണം കൊടുത്തു. സമ്മാനങ്ങള്‍ നല്‍കി. പക്ഷേ, ഇപ്പോള്‍ ആരുമില്ല. കാണാനും വരാറില്ല. വന്നിട്ടു പ്രയോജനവുമില്ലല്ലോ. കാഴ്ച ഏതാണ്ടുപോയി. അഞ്ചുവര്‍ഷം മുമ്പാണ് കണ്ണിന് അസുഖം ബാധിച്ചത്. യഥാസമയം ചികിത്സ ലഭിക്കാതായതോടെ കാഴ്ച മങ്ങിത്തുടങ്ങി. പടിപടിയായി കുറഞ്ഞ് ഇപ്പോള്‍ എഴുപത് ശതമാനം കാഴ്ചയും നഷ്ടപ്പെട്ട അവസ്ഥയിലാണ്. എഴുതുന്നതുപോലും വായിക്കാനാകുന്നില്ല എന്ന പ്രയാസമാണ് ഇദ്ദേഹത്തിനിപ്പോഴുള്ളത്.
മറ്റു എഴുത്തുകാരെപോലെ ആദ്യം എഴുതി, പിന്നെ തിരുത്തുന്ന രീതിയില്ല ആന്റണിക്ക്. കാഴ്ചാപ്രശ്‌നം തന്നെ പ്രധാനം. ജയിലിലായതിനാല്‍ സഹായികളുമില്ല. അതുകൊണ്ട് ഒറ്റ എഴുത്താണ്. തെറ്റുകളുണ്ടാകും. വായിക്കാന്‍ പ്രയാസം കാണും. ആറാം ക്ലാസുകാരന്റെ എഴുത്തല്ലേ. എങ്കിലും കഷ്ടപ്പെട്ട് എഴുതുന്നതില്‍ ജീവിതമുണ്ട്. അമ്പരപ്പിക്കുന്ന സസ്‌പെന്‍സുണ്ട്. പത്താമത്തെ വയസില്‍ ദുര്‍ഗുണ പാഠശാലയില്‍ തുടങ്ങിയ കുറ്റവാളിയുടെ ജീവിതമാണ്. പിന്നെ പൊലിസും കോടതിയും ജയിലും തന്നെയായിരുന്നു ആന്റണിയുടെ ജീവിതത്തിലുടനീളം. നിഗൂഢതകള്‍ നിറഞ്ഞ ജീവിതം. ത്രസിപ്പിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങള്‍. അവിശ്വസനീയം എന്നുപറഞ്ഞ് നിങ്ങള്‍ തള്ളിപ്പറഞ്ഞെന്നും വരാം. എന്നാല്‍ സത്യമാണ്. അതുകൊണ്ടാണ് പല ജീവിതകഥകളെയും നോവലിന്റെ കാന്‍വാസിലേക്ക് പകര്‍ത്തിയത്.
ജയിലിലെ ലൈബ്രറിയില്‍
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ലൈബ്രറിയിലെ മികച്ച വായനക്കാരനാണിപ്പോള്‍ ആന്റണി വര്‍ഗീസ്. അവിടെ നിന്നാണ് മഹാത്മാഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷകള്‍ ആന്റണി വായിക്കുന്നത്. ഒരച്ഛന്‍ മകള്‍ക്കയച്ച നെഹ്‌റുവിന്റെ പുസ്തകവും മദര്‍ തെരേസയുടെ പുസ്തകങ്ങളുമൊക്കെ വായിച്ചു. തടവുകാരെ സന്മാര്‍ഗത്തിലേക്കു നയിക്കാനാണ് ജയിലധികാരികള്‍ ഈ പുസ്തകങ്ങളൊക്കെ വാങ്ങിവച്ചിരിക്കുന്നത്. എന്നാല്‍ അതൊന്നും ആരുടെയും കണ്ണുകളില്‍ തടയുന്നില്ല, ആരുടെയും കൈയിലെ അഴുക്കുപറ്റാതെ അങ്ങനെ തന്നെ ഇരിപ്പുണ്ട് ആ പുസ്തകങ്ങളെന്ന് ആന്റണിയുടെ സാക്ഷ്യം. എന്നാല്‍ ആന്റണിയുടെ പുസ്തകം മൂന്നുമാസം കൊണ്ട് കീറിപ്പഴകി നാശമായി. ആരും വലിച്ചുകീറിയതല്ല. നിലത്തുവയ്ക്കാതെ തടവുപുള്ളികള്‍ മാറിമാറി വായിച്ചതുകൊണ്ടാണ് പുസ്തകം പുരാവസ്തുപരുവമായത്.
ഞാന്‍ എത്ര നന്നായി എഴുതിയാലും പലരും അംഗീകരിച്ചെന്നുവരില്ല. എങ്കിലും ഈ സ്വീകാര്യത തനിക്കു കിട്ടിയ ബഹുമതിയായാണ് ആന്റണി കാണുന്നത്. ഇപ്പോള്‍ സൂപ്പര്‍ഹിറ്റായ പുസ്തകം നേരത്തെ മറ്റൊരു പ്രസാധകര്‍ക്ക് അയച്ചു കൊടുത്തതാണ്. എന്നാല്‍ അതിലൊരുപാട് ആവര്‍ത്തനങ്ങളുണ്ടെന്നുപറഞ്ഞ് അവരത് തിരിച്ചയക്കുകയായിരുന്നു. അതേ പുസ്തകം തന്നെയാണ് മറ്റൊരു പ്രസാധകര്‍ ഏറ്റെടുത്ത് തെറ്റുതിരുത്തി പ്രസിദ്ധീകരിച്ചത്. ആത്മകഥ പ്രസിദ്ധീകരിച്ച ഡി.സി ബുക്‌സിന്റെ പരിഗണനയിലാണ് ആന്റണിയുടെ പല പുസ്തകങ്ങളും. നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കോഴിക്കോട്ടെ പേരക്ക ബുക്‌സാണ്.
പട്ടിണിയുടെ ബാല്യകാലം
1962ല്‍ കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത കുമ്പളം ഗ്രാമത്തിലാണ് ആന്റണി ജനിച്ചത്. ഒരു ദരിദ്ര കുടുംബത്തിലെ ആറാമത്തെ സന്തതി. പിതാവ് മത്സ്യത്തൊഴിലാളിയായിരുന്നു. അച്ഛനും അമ്മയും രാപ്പകല്‍ അധ്വാനിച്ചിട്ടും കുടുംബത്തിലെ പട്ടിണി മാറിയിരുന്നില്ല. പെട്ടെന്നുതന്നെ പിതാവ് കിടപ്പുരോഗിയുമായി. അമ്മ മീന്‍കച്ചവടം നടത്തി കിട്ടിയിരുന്ന വരുമാനംകൊണ്ട് കുടുംബത്തിന്റെ ദാരിദ്ര്യം അകറ്റാന്‍ തികഞ്ഞിരുന്നില്ല.
സഹോദരങ്ങള്‍ പലവിധ ജോലികള്‍ ചെയ്തു. ആന്റണി ആറാംക്ലാസുവരെ പഠിച്ചു. പാഠപുസ്തകങ്ങളേക്കാള്‍ സ്‌കൂളില്‍നിന്ന് ലഭിക്കുന്ന ഉപ്പുമാവായിരുന്നു ആന്റണിയെ കൂടുതല്‍ പ്രലോഭിപ്പിച്ചത്.
കുറ്റകൃത്യങ്ങളുടെ തുടക്കം ബാല്യകാല സുഹൃത്തായ ജോണിനൊപ്പമായിരുന്നു. ജോണിന്റെ വീട്ടിലെ ആടിനെ രണ്ടുപേരും ചേര്‍ന്ന് ചന്തയില്‍ കൊണ്ടുപോയി വിറ്റു. കിട്ടിയ പണം കൊല്ലം ടൗണില്‍ ചുറ്റിക്കറങ്ങി ചെലവാക്കി. ആടിനെ വിറ്റ ആളുടെ കൈയില്‍നിന്ന് വീണ്ടും മോഷ്ടിച്ച് അടുത്തയാള്‍ക്ക് മറിച്ചുവിറ്റ് പണം വാങ്ങി. ഈ മോഷണപരമ്പര തുടരുന്നതിനിടെയാണ് പത്താം വയസില്‍ ആദ്യമായി പൊലിസിന്റെ പിടിയിലാകുന്നത്.
തെരുവിൻ്റെ നിയമപുസ്തകം
അങ്ങനെ ദുര്‍ഗുണ പരിഹാര പാഠശാലയിലെത്തി. വലുതായപ്പോള്‍ കൊല്ലം സബ് ജയിലിലും അന്തേവാസിയായി. ആ കുട്ടിക്കാലം ആന്റണിയെ ഒരു മോഷ്ടാവാക്കി തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളില്‍ പല പേരുകളില്‍ ജീവിച്ചു. മോഷണവും പിടിച്ചുപറിയും തുടര്‍ന്നു. ജയിലിലെ സഹതടവുകാരില്‍നിന്ന് പങ്കാളികളെ കണ്ടെത്തി. അവര്‍ വഴിയുള്ള ബന്ധങ്ങളും പ്രയോജനപ്പെടുത്തി.
മോഷണ മുതലുകള്‍ സൂക്ഷിക്കാനും വില്‍ക്കാനുമായി പലരുമായും സൗഹൃദം സ്ഥാപിച്ചു. അവരെ സാമ്പത്തികമായി സഹായിച്ചു. മോഷണമുതലാണ് എന്ന് അറിഞ്ഞുതന്നെ സൂക്ഷിക്കാന്‍ ഏല്‍ക്കുന്ന പലരും ആന്റണിയെയും സഹ മോഷ്ടാക്കളെയും ഭംഗിയായി പറ്റിച്ചു. കൊള്ളമുതലായിരുന്നതിനാല്‍ ചതികള്‍ പുറത്തുപറയാനുമായില്ല.
ആദ്യകാല മോഷണങ്ങള്‍ക്കു പിന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഒരു സിനിമ നിര്‍മിക്കണം. പിന്നീട് മോഷണം അവസാനിപ്പിച്ച് സിനിമാ മേഖലയിലേക്ക് തിരിയണം. എന്നാല്‍ മോഷണമുതല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചയാള്‍ കൊടുംചതിയിലൂടെ വലിയ തുകയുമായി കടന്നുകളഞ്ഞു. അങ്ങനെയാണ് സിനിമാമോഹം ആന്റണി ഉപേക്ഷിക്കുന്നത്.
ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയവെയാണ് ആന്റണി ആത്മകഥ എഴുതിയത്. പുസ്തകത്തിന്റെ മൂന്നാംപതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. നിരവധി മോഷണങ്ങളിലൂടെ, നിരവധി വേഷപ്പകര്‍ച്ചകളിലൂടെ സാധാരണക്കാര്‍ അനുഭവിക്കാത്ത ജീവിതപരിസരങ്ങളിലൂടെയുള്ള ഒരു മോഷ്ടാവിന്റെ യാത്ര നമ്മളെ പലതും പഠിപ്പിക്കുന്നു.
'തിരുടാ തിരുടാ'യില്‍ ബാല്യകാലവും കുടുംബസാഹചര്യങ്ങളും അടക്കം മോഷ്ടാവാകാനുള്ള എല്ലാ സാഹചര്യങ്ങളും അതിനുശേഷമുള്ള ജീവിതവും ആന്റണി വ്യക്തമാക്കുന്നു. തുടര്‍ന്നുള്ള ജീവിതങ്ങളാണ് പുതിയ നോവലുകള്‍ക്ക് പ്രമേയമാകുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെയാണ് ആന്റണി എഴുത്തിന്റെ ലോകത്തെത്തിപ്പെടുന്നത്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനായാണ് താന്‍ എഴുത്തു തുടങ്ങിയതെന്നും പിന്നീടത് ജീവിതമെഴുത്തിലും നോവലെഴുത്തിലും വന്നെത്തുകയായിരുന്നുവെന്നും ആന്റണിയുടെ സാക്ഷ്യം. എഴുത്തും വായനയും പല തിരിച്ചറിവുകളുമുണ്ടാക്കി തന്നു. വലിയ സംതൃപ്തി ഇതിലൂടെ അനുഭവിക്കാനാവുന്നതായും ആന്റണി.
ഒരു ജീവിതം,പല വേഷപ്പകര്‍ച്ചകള്‍
തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് പിടികൂടുമ്പോള്‍ ശെല്‍വരാജ് എന്നപേരായിരുന്നു ആന്റണിക്കുണ്ടായിരുന്നത്. ഈ പേരില്‍ പാന്‍കാര്‍ഡും ഡ്രൈവിങ് ലൈസന്‍സുമുണ്ടായിരുന്നു. അങ്ങനെ പല നാട്ടില്‍ പല പേരില്‍. മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ സമയത്ത് താന്‍ കേരളത്തില്‍ ഇല്ലായിരുന്നെന്നും തമിഴ്‌നാട്ടിലായിരുന്നെന്നുമാണ് ആട് ആന്റണി വാദിച്ചത്.
എന്നാല്‍ തിരുവനന്തപുരത്ത് പ്രശാന്ത് നഗറില്‍ വ്യാജപേരില്‍ വാടകയ്ക്ക് കഴിയുകയായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലിസ് പറയുന്നു.
പിടിയിലാകുമ്പോഴും ബാഗില്‍ കത്തിയും സ്‌ക്രൂഡ്രൈവറുമൊക്കെ ഉണ്ടായിരുന്നുവെന്നതും പൊലിസ് ഭാഷ്യം. മണിയന്‍പിള്ള എന്ന പൊലിസുകാരന്‍ 2012 ജൂണ്‍ 25ന് രാത്രിയിലാണ് കുത്തേറ്റ് മരിക്കുന്നത്. എന്നിട്ടും ആഭ്യന്തരവകുപ്പ് അദ്ദേഹത്തെ സര്‍വിസില്‍നിന്ന് നീക്കിയില്ല. ഇക്കഴിഞ്ഞ മെയ് 31നാണ് മണിയന്‍പിള്ള ഔദ്യോഗിക സര്‍വിസില്‍നിന്ന് വിരമിച്ചത്. ഇക്കാലമത്രയും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മുടങ്ങാതെ ശമ്പളം എത്തിച്ചുകൊടുത്തു. അക്രമിയുടെ കൊലക്കത്തിക്കിരയായ മണിയന്‍പിള്ളയ്ക്ക് കേരള പൊലിസ് നല്‍കിയ ഈ ആദരം സമാനതകളില്ലാത്തതാണെന്നും ആന്റണി പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇനിയെങ്കിലും പുതിയ മനുഷ്യനാകണം
ചെയ്തുപോയ പാപങ്ങളെല്ലാം തടവറക്കുള്ളില്‍ കഴുകിക്കളഞ്ഞ് പുതിയൊരു ജന്മവുമായി പുറത്തിറങ്ങാനാണ് ആന്റണിയുടെ ആഗ്രഹം. ഇനിയുള്ള കാലം ഒരെഴുത്തുകാരനാകണം. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. ഇല്ലെങ്കില്‍ ഒറ്റപ്പെടുകയേയുള്ളൂ. തെറ്റിലേക്ക് പിച്ചവയ്ക്കുകയേയുള്ളൂ. ആ സാഹചര്യം ഇല്ലാതാക്കണമെന്നതാണ് ആവശ്യം. പ്രായമായി. കണ്ണിന്റെ കാഴ്ചപോയി. ഇനി മറ്റൊരു തൊഴിലെടുത്ത് ജീവിക്കാനാവില്ല.
ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പറയാനുള്ളത് അകംപൊള്ളുന്ന നൂറുനൂറു കഥകളാണ്. ചിലത് നമ്മെ ഞെട്ടിപ്പിക്കുന്നു. ചിലത് സങ്കടപ്പെടുത്തുന്നു. കുറ്റം ചെയ്തതിനും കുറ്റവാളിയായതിനും പലര്‍ക്കും കാരണങ്ങള്‍ പലതാവാം.
സഹിച്ചും ക്ഷമിച്ചും ഹൃദയം കല്ലായിപ്പോയവരാണ് തടവറയില്‍ കഴിയുന്നവരിലേറെപ്പേരും. കരയാന്‍ കണ്ണുനീര്‍ പോലും വറ്റിപ്പോയവരുമുണ്ട് അവരില്‍. ഒറ്റക്കിരുന്ന് സങ്കടപ്പെടുകയും കൂട്ടത്തിലിരുന്ന് ചിരിക്കുകയും ചെയ്യുന്നവര്‍. അത്തരക്കാരാണ് തടവറകളില്‍ കഴിയുന്നവരിലേറെയും. സ്ഥിരം കുറ്റവാളികള്‍ കുറവാണ്. സാഹചര്യംകൊണ്ടു തെറ്റുകാരായവരാണ് ഭൂരിഭാഗം പേരും. പക്ഷേ, എന്നെങ്കിലുമൊരിക്കല്‍ പുറംലോകത്തിന്റെ ആകാശം സ്വപ്‌നം കാണുമ്പോഴും തിരികെ ചെല്ലുമ്പോഴുണ്ടാകുന്ന ഭൂകമ്പങ്ങളവരെ അസ്വസ്ഥരാക്കുന്നു. ആന്റണി വര്‍ഗീസിനെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."