പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ? അറിയാം ഇക്കാര്യങ്ങള്‍
പ്രമേഹം നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ പലതും കഴിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാറുണ്ട്. അതില്‍ പ്രധാനമായിരിക്കും മധുരമുള്ള പഴവര്‍ഗങ്ങള്‍, മാമ്പഴക്കാലമാണ്.. തൊടിയിലും വഴിയോരങ്ങളിലും കടകളിലുമെല്ലാം മാമ്പഴങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ആരുടേയും വായില്‍ കപ്പലോടിക്കാന്‍ പോന്നതാണ് ചില മാമ്പഴരുചികള്‍. എന്നാല്‍ ഇത് കഴിക്കാന്‍ പ്രമേഹരോഗികള്‍ക്ക് ആശങ്കയാണ്. വൈറ്റമിന്‍ സിയും വൈറ്റമിന്‍ എയും ആന്റിഓക്‌സൈഡുകളും ഫോളേറ്റുമെല്ലാം അടങ്ങിയ മാമ്പഴം പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പലര്‍ക്കും ഉള്ളത്.
മാമ്പഴത്തിലെ 90ശതമാനം കലോറിയും പഞ്ചസാരയില്‍ നിന്നാണ് വരുന്നത്, അതുകൊണ്ടാണ് പ്രമേഹമുള്ളവരില്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവിന് കാരണമാകുന്നത്. എന്നാല്‍ മാമ്പഴത്തില്‍ നാരുകളും വിവിധ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തത്തിലെ പഞ്ചസാരയുടെ മൊത്തത്തിലുള്ള ആഘാതം കുറയ്ക്കുന്നതില്‍ ഒരു പങ്കുവഹിക്കുന്നുണ്ട്.
ഫൈബര്‍, പഞ്ചസാരയെ നിങ്ങളുടെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുമ്പോള്‍ അതിലെ ആന്റിഓക്‌സിഡന്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് ഉയരുന്നത് നിയന്ത്രിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് കാര്‍ബോഹൈഡ്രേറ്റുകളുടെ വരവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.
കുറഞ്ഞ അളവില്‍ കഴിക്കുക
ഇങ്ങനെയൊക്കെ ആണെങ്കിലും മാമ്പഴം വളരെ കുറച്ച് മാത്രമേ ഡോക്ടര്‍മാര്‍ പ്രമേഹരോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്നുള്ളൂ. ഓരോ രണ്ടു ദിവസം കൂടുമ്പോഴും രണ്ട് കഷ്ണം മാമ്പഴം മാത്രമേ ഇവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുള്ളൂ. കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 56 ആണെങ്കിലും, പ്രമേഹരോഗികള്‍ ഇത് മിതമായ അളവില്‍ കഴിക്കണം.
മാമ്പഴ ജ്യൂസ് ഒഴിവാക്കുക
മാമ്പഴം ജ്യൂസാക്കി കഴിക്കുന്നതിന് പകരം കഷ്ണങ്ങളാക്കി കഴിക്കുക. ജ്യൂസാക്കി കഴിക്കുന്നത് പഞ്ചസാരയുടെ അളവ് പെട്ടന്ന് ഉയരാന്‍ കാരണമാകും.
രണ്ട് പ്രധാനഭക്ഷണങ്ങള്‍ക്കിടയില്‍ മാമ്പഴം കഴിക്കുന്നതാണ് ഏറെ ഉത്തമം. മാത്രമല്ല, പാല്‍, നട്‌സ്, വേവിച്ച മുട്ട എന്നിവയ്‌ക്കൊപ്പവും മാമ്പഴം കഴിക്കാവുന്നതാണ്.
ഒരുകാര്യം ഓര്‍മിപ്പിക്കാം… ഭക്ഷണത്തോടുള്ള ശരീരശാസ്ത്രപരമായ പ്രതികരണങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ നിങ്ങള്‍ പ്രമേഹരോഗിയാണെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഇത് എത്രമാത്രം ഉള്‍പ്പെടുത്തണമെന്ന് നിര്‍ണയിക്കുന്നത് നിങ്ങളുടെ ശരീരം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് വിലയിരുത്തേണ്ടതുണ്ട്. മാത്രമല്ല, താളം തെറ്റിയ ഗ്ലൂക്കോസ് അളവ് ഉള്ളവര്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."