കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ സജീവമാക്കി മുതിര്‍ന്ന നേതാക്കള്‍ ; ചെന്നിത്തലയുടെ കത്തിനെ ചൊല്ലി എ, ഐ ഭിന്നത
കോട്ടയം: തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ നിന്നും പാഠം പഠിക്കാതെ ഗ്രൂപ്പ് സജീവമാക്കി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതൃസ്ഥാനത്തിനും കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത് തടയാനും ഒന്നിച്ച എ, ഐ ഗ്രൂപ്പുകള്‍ രമേശ് ചെന്നിത്തലയുടെ കത്തിന്റെ പേരില്‍ അകലുന്നു.
ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയത് ഭൂരിപക്ഷ സമുദായ വോട്ടുകള്‍ നഷ്ടമാക്കിയെന്നു ചൂണ്ടിക്കാട്ടി എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിന്റെ പേരിലാണ് ചെന്നിത്തലയ്‌ക്കെതിരേ എ ഗ്രൂപ്പ് നീക്കം. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കെ.സി ജോസഫാണ് ചെന്നിത്തലയ്‌ക്കെതിരേ രംഗത്തെത്തിയത്. കത്തിനെ ചൊല്ലിയുള്ള വിവാദത്തിലെ ചെന്നിത്തലയുടെ മൗനമാണ് എ വിഭാഗത്തിന്റെ പ്രകോപനത്തിന് കാരണം. വിവാദത്തില്‍ ചെന്നിത്തല വിശദീകരണം നല്‍കണമെന്ന് കെ.സി ജോസഫ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസില്‍ കത്ത് വിവാദം ഉയര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രമേശ് ചെന്നിത്തല പ്രതികരണത്തിന് തയ്യാറായിട്ടില്ല. ട്രബിള്‍ ഷൂട്ടറായ ഉമ്മന്‍ ചാണ്ടിയാണ് പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന സംഘടന പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്നും കെ.സി ജോസഫ് വ്യക്തമാക്കുന്നു. വി.ഡി സതീശനെ മാത്രമല്ല കെ. സുധാകരന്‍ വരുന്നതും തടയാന്‍ ഒന്നിച്ചവര്‍ കത്തിന്റെ പേരില്‍ ഭിന്നതയിലായത് കോണ്‍ഗ്രസിലെ പുതിയ രാഷ്ട്രീയ സാഹചര്യം മുന്നില്‍ കണ്ടാണ്.
നേതൃതല മാറ്റങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന ഭയത്തിലാണ് ഗ്രൂപ്പുകളെ സജീവമാക്കി നിര്‍ത്താന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നത്. അടുത്ത ആഴ്ചയോടെ പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിച്ചേക്കും. സുധാകരന് പുറമേ കൊടിക്കുന്നില്‍ സുരേഷും അധ്യക്ഷനാവാന്‍ രംഗത്തുണ്ട്. പുതിയ അധ്യക്ഷന്റെ വരവിന് മുന്‍പേ ഗ്രൂപ്പുകള്‍ സജീവമാക്കി നിര്‍ത്തി അപ്രമാദിത്വം ഉറപ്പിക്കുകയാണ് ഗ്രൂപ്പുകളുടെ ലക്ഷ്യം. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ നടത്തിയ നീക്കത്തോടെ തന്നെ സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ ചേരി രൂപപ്പെട്ടിരുന്നു. പുതിയ കെ.പി.സി.സി അധ്യക്ഷന്റെ വരവോടെ ഈ ചേരി ശക്തിയാര്‍ജിക്കുന്നത് തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് എ, ഐ വിഭാഗങ്ങളുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."