പ്രതീക്ഷയോടെ പുതിയ അധ്യയന വര്‍ഷത്തിലേക്ക്
ഇന്ന് ജൂണ്‍ ഒന്ന്. കുട്ടികള്‍ക്ക് സന്തോഷത്തിന്റെ ദിനം. സാധാരണനിലയില്‍ സ്‌കൂള്‍ വര്‍ഷത്തിന്റെ ആരംഭ ദിനം. വേനലവധി കഴിഞ്ഞ് വീണ്ടും കൂട്ടുകാരോടൊപ്പം ചേരുന്ന ദിനം. പുതിയ കൂട്ടുകാരെ കിട്ടുന്ന ദിനം. ഇങ്ങനെ പല പുതുമകളും ഒന്നിച്ചു ചേര്‍ന്നുവരുന്ന ദിനം. ആദ്യമായി സ്‌കൂളില്‍ ചേര്‍ന്ന ഒന്നാം ക്ലാസുകാര്‍ക്ക് ആശങ്കയും ആകാംക്ഷയും പ്രതീക്ഷയും പകരുന്ന ദിനം. ഇങ്ങനെ പല സവിശേഷതകളും ജൂണ്‍ ഒന്നിന് ഉണ്ട്.
എന്നാല്‍ ലോകം അസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. നമുക്കൊന്നും പരിചിതമല്ലാത്ത സാഹചര്യം. കൊവിഡ് 19 എന്ന മഹാമാരി മാനവരാശിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ലോകം മുഴുവന്‍ പകച്ചു നില്‍ക്കുമ്പോള്‍ നാം പുതുവഴി തേടുകയായിരുന്നു. അതിന്റെ ഭാഗമായി 2020 ജൂണ്‍ മാസം ഒന്നിന് തന്നെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിക്ടേഴ്‌സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചു. ഡിജിറ്റല്‍ പഠനം ചര്‍ച്ച ചെയ്യുമ്പോള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന കാര്യമാണ് ഡിജിറ്റല്‍ വിടവ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍. കേരളത്തിലെ 45 ലക്ഷം കുട്ടികളില്‍ 2.6 ലക്ഷത്തിന് ഡിജിറ്റല്‍ പ്രാപ്യതാ പ്രശ്‌നങ്ങളുണ്ടെന്ന് സമഗ്ര ശിക്ഷാ പഠനങ്ങള്‍ വഴി മനസിലാക്കി. ഈ കുട്ടികള്‍ക്ക് ഡിജിറ്റല്‍ പ്രാപ്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചപ്പോള്‍ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി കേരളീയ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചുരുങ്ങിയ ദിവസങ്ങള്‍ക്കകം മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ പ്രാപ്യത സാധ്യമാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്തു. ഒരുപക്ഷേ നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷത ആകാം ഇത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലെ സാര്‍വത്രികമായ ഡിജിറ്റല്‍ ക്ലാസുകള്‍ നടക്കുന്നില്ല എന്നത് നാം കാണണം.
കഴിഞ്ഞ അഞ്ചുവര്‍ഷമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വളരെ വലിയ മാറ്റങ്ങളാണ് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായത്. ഭൗതികസൗകര്യങ്ങള്‍ വലിയതോതില്‍ മെച്ചപ്പെട്ടു. പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യാ സൗകര്യങ്ങള്‍ ഉറപ്പാക്കിയും ഗുണമേന്മാ വിദ്യാഭ്യാസത്തിലേക്കുള്ള സര്‍ക്കാര്‍ ശ്രമത്തെ വിശ്വാസത്തിലെടുക്കാന്‍ കേരളസമൂഹം പ്രത്യേകിച്ചും രക്ഷാകര്‍ത്തൃ സമൂഹം സജ്ജമായി. ഇതിന്റെ പ്രത്യക്ഷ തെളിവാണ് കഴിഞ്ഞ നാല് അക്കാദമിക വര്‍ഷങ്ങളിലായി 6.8 ലക്ഷം കുട്ടികള്‍ അധികമായി പൊതുവിദ്യാലയങ്ങളില്‍ എത്തിയത്. ഇങ്ങനെ പൊതുവിദ്യാലയങ്ങളില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചു വന്നിരുന്ന നിര്‍ണായകഘട്ടത്തിലാണ് കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുന്നതും ഒരു വര്‍ഷത്തിലേറെയായി കുട്ടികള്‍ വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തത്. ഇങ്ങനെയുള്ള ഒരു പശ്ചാത്തലം ഇപ്പോഴും തുടരുന്നു. കൊവിഡുയര്‍ത്തിയ പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും നമ്മുടേതായ തനതുരീതിയില്‍ അവയെ അതിജീവിക്കുക എന്നതാകണം ഈ വര്‍ഷം നാം ലക്ഷ്യമിടേണ്ടത്.
വീടുകളിലാണെങ്കിലും ജൂണ്‍ ഒന്നിന് നമുക്ക് പ്രവേശനോത്സവം നടത്തണം. അകലങ്ങളില്‍ ഇരുന്നു കൊണ്ട് മനസുകൊണ്ട് കൂട്ടംകൂടി ഈ ദിനത്തെ ആനന്ദകരമായ ഒരു ദിനമാക്കി മാറ്റാം. ഈ അക്കാദമിക വര്‍ഷത്തെ കൊവിഡ് വഴി സംജാതമായ പരിമിതികള്‍ക്കുള്ളിലും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ അര്‍ഥവത്താക്കാം. സാധാരണ ക്ലാസ് മുറിയില്‍ കൂട്ടുകാരുമായി ഒരുമിച്ചിരുന്നു അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്ന പഠനാനുഭവക്കൈമാറ്റങ്ങള്‍ വഴിയാണ് പഠനം നടക്കുന്നത്. കൂടാതെ സ്‌കൂള്‍ കാംപസ് തരുന്ന ആത്മവിശ്വാസവും മറ്റും പ്രധാനമാണ്. ഇവയെല്ലാം ലഭിക്കുന്നതിന് കൊവിഡ് കാലം ഒട്ടേറെ പരിമിതി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ യഥാര്‍ഥ സ്‌കൂള്‍ പഠനത്തിന് ബദലായി ഡിജിറ്റല്‍ പഠനത്തെ നാം കാണുന്നില്ല. എന്നാല്‍ ഈ ഘട്ടത്തില്‍ കുട്ടികളെ കര്‍മനിരതരാക്കാനും പഠന പാതയില്‍ നിലനിര്‍ത്താനും അവര്‍ക്ക് ആത്മവിശ്വാസം പകരാനും നമുക്ക് കഴിയണം. അധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായകമായ പങ്കുണ്ട്. കഴിഞ്ഞ അക്കാദമിക വര്‍ഷം ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ അധ്യാപകര്‍ നടത്തുകയുണ്ടായി. സാങ്കേതികവിദ്യയെ ഏറ്റവും മികച്ച നിലയില്‍ പ്രയോജനപ്പെടുത്തുന്നതിന്റെ നിരവധി പുതിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം പ്രയോജനപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തെ പൊതുഅനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ നടത്താന്‍ നമുക്ക് ഈ വര്‍ഷവും കഴിയണം. അനുയോജ്യമാകുന്ന സാഹചര്യം ഉണ്ടാകുന്ന മുറക്ക് സാധാരണപോലെ സ്‌കൂളുകളില്‍ ക്ലാസ് മുറികളില്‍ പഠനം നടത്താം. അതുവരെ ഡിജിറ്റല്‍ ക്ലാസുകളെ ആശ്രയിക്കാം. പൊതുവായി നടക്കുന്ന ഡിജിറ്റല്‍ ക്ലാസുകള്‍ കാണാനും ഉള്‍ക്കൊള്ളാനും കുട്ടികളെ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അതത് അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തണം. കേന്ദ്രീകൃത ക്ലാസുകള്‍ക്ക് മുമ്പേ നടക്കുന്ന ഈ മുന്നൊരുക്ക ക്ലാസുകളും ഡിജിറ്റല്‍ ക്ലാസിനുശേഷം നടത്തേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും തുല്യപ്രാധാന്യമാണുള്ളത്. ഇതിനുള്ള നേതൃത്വം ഓരോ സ്‌കൂള്‍ തലത്തിലും ഉണ്ടാകണം.
ജ്ഞാന സമൂഹത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ ഉയര്‍ന്നുവരുന്ന ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അറിവിന് ഏറെ പ്രാധാന്യമുള്ള ഒരു ലോക സമൂഹത്തിലാണ് നാം അധിവസിക്കുന്നത്. പാഠപുസ്തകത്തിലെ വിവരങ്ങള്‍ കാണാപാഠം പഠിച്ചു കൊണ്ട് മാത്രം ഭാവി സമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ല. ചുറ്റുപാടുനിന്നും ലഭ്യമാകുന്ന വിവരങ്ങളെ വിശകലനം ചെയ്തുകൊണ്ട് അറിവ് നിര്‍മിക്കാന്‍ കഴിയുന്നവര്‍ക്കേ ഭാവി സമൂഹത്തില്‍ നിലനില്‍ക്കാന്‍ കഴിയൂ. അതിനാല്‍ സ്‌കൂള്‍ ഘട്ടത്തില്‍ കുട്ടികള്‍ക്ക് അറിവ് നിര്‍മാണപ്രക്രിയാനുഭവങ്ങളിലൂടെ കടന്നുപോകാന്‍ അവസരം നല്‍കണം. അന്വേഷണാത്മക പഠനം പ്രസക്തമാവുന്നത് അതുകൊണ്ടാണ്. നമ്മുടെ ക്ലാസ് മുറികള്‍ കൂടുതല്‍ പ്രക്രിയാബന്ധിതമാകണം. സാങ്കേതികവിദ്യാ സാധ്യതകളെ ഇതിനെല്ലാം പ്രയോജനപ്പെടുത്തണം. ഇക്കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുക്കാനുള്ള അറിവും കഴിവും നൈപുണിയും ഉള്ളവരായി അധ്യാപകര്‍ മാറണം. അധ്യാപകരുടെ പ്രൊഫഷണലിസം ഇനിയുമിനിയും വര്‍ധിക്കേണ്ടതുണ്ട്. ശക്തവും സുസംഘടിതവുമായ അധ്യാപക പരിവര്‍ത്തന പദ്ധതി ഇതിനായി വേണ്ടിവരും. ഇന്നു നടക്കുന്ന അധ്യാപക പരിശീലന പരിപാടി കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കി ഇത് സാധ്യമാക്കാം.
കൊവിഡ് കാലത്തിനുശേഷം സ്‌കൂളുകള്‍ പുതുതായി ആരംഭിക്കുന്ന ഘട്ടത്തില്‍ കുട്ടികള്‍ക്ക് ആകര്‍ഷകമായ സ്‌കൂള്‍ കാംപസ് ഒരുക്കേണ്ടതുണ്ട്. കേരളത്തിലെ ഒട്ടനവധി സ്‌കൂളുകള്‍ കിഫ്ബി ധനസഹായത്തോടെയും പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും ആകര്‍ഷകമാക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്തും ചുവരുകളും മറ്റും മനോഹരമാക്കിയും കുട്ടികള്‍ക്ക് ആകര്‍ഷകമാകും വിധമാക്കി മാറ്റണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും.
നമ്മുടെ വിദ്യാലയങ്ങള്‍ എല്ലാം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് നാം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ ചടുലമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇക്കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണം. കൊവിഡിന് ശേഷം മുഴുവന്‍ കുട്ടികളെയും വിദ്യാലയങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ പ്രവര്‍ത്തന പദ്ധതി നമുക്ക് ആവിഷ്‌കരിക്കാം. കഴിഞ്ഞ ഒരുവര്‍ഷം സ്‌കൂളില്‍ സ്വാഭാവിക പഠനം നടക്കാത്തതുകൊണ്ട് കുട്ടികള്‍ക്കുണ്ടായിട്ടുള്ള പഠനനഷ്ടം പരിഹരിക്കാനുള്ള പ്രവര്‍ത്തനവും അക്കാദമികമായി ആലോചിക്കേണ്ടതുണ്ട്. മതനിരപേക്ഷതയും ജനാധിപത്യവും പുലരുന്നതും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായ പൊതു ഇടങ്ങളായി പൊതുവിദ്യാലയങ്ങളെ പരിവര്‍ത്തിപ്പിക്കാനുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ലക്ഷ്യസാക്ഷാത്ക്കാരത്തിനുള്ള പരിശ്രമത്തില്‍ എല്ലാവരും അണിചേരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."